”ഇന്റര്‍വ്യൂ പോലും വേണ്ട, ഡയറക്ട് എന്‍ട്രി എന്നാണ് ബിഗ് ബോസില്‍ നിന്ന് വിളിച്ചിട്ട് പറഞ്ഞത്” സീസണ്‍ അഞ്ചിലേക്കുള്ള ക്ഷണം നിരസിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി അശ്വന്ത് കോക്ക് | Aswanth Kok | Bigg boss Season 5
ബിഗ് ബോസ് സീസണ്‍ ഫൈവിലേക്ക് തന്നെ വിളിച്ചിരുന്നെന്നും എന്നാല്‍ ആ ക്ഷണം താന്‍ നിരസിക്കുകയായിരുന്നെന്നും വെളിപ്പെടുത്തി യൂട്യൂബറും സിനിമാ നിരൂപകനുമായ അശ്വന്ത് കോക്ക്. ബിഗ് ബോസ് ക്ഷണം നിരസിക്കാനുണ്ടായ കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
”ബിഗ് ബോസില്‍ ഓപ്പണ്‍ എന്‍ട്രിയായിരുന്നു. അതായത് ഡയറക്ട് എന്‍ട്രി. എന്നെ വിളിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു ഇന്റര്‍വ്യൂ ഉണ്ടോ, ഒന്നുമില്ല, നിങ്ങള്‍ ഒ.കെ പറഞ്ഞാല്‍ ഡയക്ട് എന്‍ട്രി എന്നാണ് പറഞ്ഞത്. കാരണം ഇവര്‍ക്കറിയാം, അഖില്‍ മാരാരെ ഓള്‍ റെഡി സെറ്റാക്കി വെച്ചിട്ടാണ് വിളിക്കുന്നത്. മുട്ടനാടുകള്‍ തമ്മില്‍ ഇടിക്കുമ്പോള്‍ ചോര കുടിക്കുന്ന പരിപാടി നടത്താനായിരുന്നു പ്ലാന്‍.” അശ്വന്ത് പറയുന്നു.
ഒരു സിനിമാ നിരൂപകന്‍ എന്ന നിലയില്‍ തന്നെ നശിപ്പിക്കുകയെന്ന ഹിഡന്‍ അജണ്ട ഇതിന് പിന്നിലുണ്ടോയെന്ന് സംശയിക്കുന്നതായും അശ്വന്ത് പറയുന്നു.
”പിന്നെ എനിക്കൊരു സംശയം നല്ലൊരു ഹിഡന്‍ അജണ്ട ഇതിന്റെ പിറകിലുണ്ടോയെന്ന്. കാരണം ഞാന്‍ കുറച്ചു നാളായി സിനിമാ റിവ്യൂ ചെയ്യുന്നു. കുറേ സിനിമാക്കാര്‍ക്ക് എന്നെച്ചൊല്ലി പരാതി. അവരെന്നെ ഒതുക്കാന്‍ വേണ്ടി പല കളികളും നടത്തുന്നു, എന്റെ ജോലി തെറിപ്പിക്കുമെന്ന് പറയുന്നു, കേസ് കൊടുക്കുന്നു, പെണ്ണ് കേസ് ആരോപിക്കുന്നു. പലവഴിക്കെന്ന് ഒതുക്കാന്‍ നോക്കുന്നു. ഇതൊന്നും നടക്കുന്നില്ലയെന്ന് കണ്ടപ്പോള്‍, ഒരാളെ പിടിച്ച് ജയിലില്‍ ഇടുന്നതിന് തുല്യമാണ് നൂറുദിവസം ഇതിനുള്ളിലിടുന്നത്. നൂറുദിവസം കഴിഞ്ഞ് ഞാന്‍ തിരിച്ചുവരുമ്പോഴേക്കും പിന്നെ ഒരു തരത്തിലും ഞാന്‍ പഴയ ഞാനായിരിക്കില്ല. ബിഗ് ബോസിനകത്ത് കയറിക്കഴിഞ്ഞാല്‍ നമ്മള്‍ എക്‌സ്‌പോസ്ഡ് ആകും. അല്ലെങ്കില്‍ ഞാന്‍ അത്തരത്തിലൊരു പ്ലാറ്റ് ഫോമില്‍ നില്‍ക്കാത്ത, റിവ്യൂ ചെയ്യാത്ത കാലഘട്ടത്തില്‍ ഞാനതില്‍ പോകാന്‍ തയ്യാറായിരുന്നു.”
രണ്ടാം സീസണിലും നാലാം സീസണിലും തനിക്ക് ക്ഷണം ലഭിച്ചിരുന്നെന്നും അന്ന് അവസരം ലഭിച്ചിരുന്നെങ്കില്‍ പോകുമായിരുന്നെന്നും അശ്വന്ത് കോക്ക് പറയുന്നു.
”എന്നെ ബിഗ് ബോസിലേക്ക് ആദ്യം വിളിക്കുന്നത് രണ്ടാം സീസണിലായിരുന്നു. അന്ന് ഞാന്‍ പോകാന്‍ തയ്യാറായിരുന്നു. ആ സമയത്ത് ഞാന്‍ ഇതുപോലെ എസ്റ്റാബ്ലിഷ്ഡ് റിവ്യൂവറോ വേറെ ഫ്യൂച്ചര്‍ പ്ലാന്‍സോ ഉണ്ടായിരുന്നില്ല. കൊച്ചിയില്‍ വെച്ചായിരുന്നു ഇന്റര്‍വ്യൂ. ഇന്റര്‍വ്യൂ കഴിഞ്ഞു, എന്നെ വിളിച്ചില്ല. അന്ന് ഏഷ്യാനെറ്റിനെ തെറിവിളിച്ച് ഒരു പോസ്റ്റിട്ടിട്ടുണ്ടായിരുന്നു. അത് ആ സമയത്ത് എഫ്.എഫ്.സി ഓളം ആ ലെവലില്‍ ചുമ്മാ ഒരു ഫണ്ണിനുവേണ്ടിയിട്ട പോസ്റ്റായിരുന്നു.”
”മൂന്നാമത്തെ സീസണിലേക്ക് എന്നെ വിളിച്ചിട്ടില്ല. പിന്നെ വിളിച്ചത് നാലാമത്തെ സീസണില്‍ കോവിഡ് സമയത്ത് സൂം വഴി ഇന്റര്‍വ്യൂ ചെയ്തിരുന്നു. അന്ന് എന്നോട് ചോദിച്ചു, നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഏതാണെന്ന്. ഞാന്‍ പറഞ്ഞു ചുരുളിയാണെന്ന്. അതിനുശേഷം അവരെന്നെ വിളിച്ചിട്ടില്ല. നാലാമത്തെ സീസണിനും അഞ്ചാമത്തെ സീസണിനും ഇടയില്‍ റിവ്യൂവര്‍ എന്ന നിലയ്ക്കുള്ള എന്റെ സ്റ്റാറ്റസ് മൊത്തം മാറിപ്പോയി.”
”ഈ സീസണില്‍ പോയി അവിടെ മോഹന്‍ലാലിനെ അനുസരിച്ച് നിന്നശേഷം തിരിച്ചുവന്ന അദ്ദേഹത്തെ വിമര്‍ശിക്കുമ്പോള്‍ എനിക്ക് പ്രേക്ഷകര്‍ ഒരു വിലയും തരില്ല. ബിഗ് ബോസിനകത്ത് പോയിട്ട് നമ്മള്‍ തിരിച്ച് വന്നു കഴിഞ്ഞാല്‍ പഴയ നമ്മള്‍ ആയിരിക്കില്ലെന്നും അശ്വന്ത് അഭിപ്രായപ്പെട്ടു. ”