” അതെ, ഞാന്‍ പുലയനാണ്, എന്റെ ജാതിയും മതവും മറച്ചുവെച്ചല്ല നാല് സിനിമകള്‍ ചെയ്തത്” മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് ജാതീയമായി അധിക്ഷേപിച്ചയാള്‍ക്ക് മറുപടിയുമായി സംവിധായകന്‍|Director Arunraj| Mammootty
മമ്മൂട്ടിയുടെ കൂടെയുള്ള തന്റെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചതിന് സംവിധായകൻ അരുൺ രാജിനെതിരെ ജാതി അധിക്ഷേപ് കമന്റ് ലഭിച്ചത് വിവാദമായിരിക്കുകയാണ്. ഇപ്പോൾ ഇതിനെതിരെ പ്രതികരണവുമായി സംവിധായകൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മമ്മൂട്ടിക്കൊപ്പം ഒരു ചിത്രം പങ്കിട്ട് ബാക്കി പുറകെ എന്ന തലക്കെട്ടോടെ പങ്കുവെച്ച പോസ്റ്റിനെതിരെയാണ് അധിക്ഷേപ കമന്റ് വന്നത്.
തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. ‘ഇവനാണോ അരുൺ രാജ്. മമ്മൂട്ടിയെ വെച്ച് സിനിമ സംവിധാനം ചെയ്യാൻ പോകുന്നത് ഈ കറുത്തിരിക്കുന്നവൻ ആണോ. പുലയൻമാർക്ക് ആർക്കും മമ്മൂക്ക ഡേറ്റ് കൊടുക്കില്ല. ഇവന്മാർ എന്നും ഞങ്ങളുടെ അടിമകളാണ്. പോയി വല്ല കൂലിപ്പണിയും ചെയ്യാൻ പറ പുലയന്റെ മോൻ’. ഇങ്ങനെയായിരുന്നു കമന്റ്.
ഈ കമന്റിന്റെ സ്ക്രീൻഷോട്ട് പങ്കിട്ടാണ് അരുൺരാജിന്റെ മറുപടി. ‘ഞാൻ വളരെ അഭിമാനത്തോടുകൂടി പറയുന്നു ഞാൻ പുലയൻ ആണ് എന്ന്. ഞാൻ വളരെ അഭിമാനത്തോടുകൂടി പറയുന്നു ഞാൻ പുലയൻ ആണ് എന്ന്. എൻറെ ജാതിയും മതവും എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാൻ നാല് സിനിമകൾ ചെയ്തത് അതിൻറെ പ്രൊഡ്യൂസേഴ്സ് അതിൻറെ, ഡയറക്ടേഴ്സ് എല്ലാം കൂടെ നിന്നത്. ഇനിയും ചെയ്യാൻ പോകുന്ന മമ്മൂക്ക സിനിമയും അങ്ങനെ തന്നെ ആണ്, മമ്മൂക്കയെ എനിക്ക് വ്യക്തിപരമായി അറിയാം , പുള്ളി ജാതി മതം വ്യത്യാസമില്ലാതെ എല്ലാവരെയും ഒരേ രീതിയിൽ കാണുന്ന ആളാണ്’. അരുൺരാജ് മറുപടിയായി പറഞ്ഞു.
അരുൺരാജിനെ അനുകൂലിച്ചുകൊണ്ട് നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് സംവിധായകൻ ഹേറ്റ് കമന്റിന്റെ സ്ക്രീൻ ഷോട്ട് സഹിതം കുറിപ്പെഴുതിയത്. മുട്ടുവിൻ തുറക്കപ്പെടും എന്ന സിനിമയുടെ സംവിധാനവും ക്യാമറയും അരുൺ രാജായിരുന്നു. വെൽക്കം ടു പാണ്ടിമല എന്ന സിനിമക്കു വേണ്ടിയും അരുൺ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.
അരുൺ രാജിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ചുവടെ
പ്രിയ സുഹൃത്തുക്കളെ…..
ഏറെ വിഷമത്തോടെ,ഇന്ന് ഞാൻ നമ്മുടെ പ്രിയപ്പെട്ട മമ്മൂക്ക യുടെ കുടെ നിന്ന ഒരു പോസ്റ്റ് ഇട്ടു. എല്ലാവരും കണ്ട് കാണും. അതിൻറെ താഴ് വന്ന ഒരു കമൻറ് എല്ലാവരും കണ്ടു കാണും എന്ന് കരുതുന്നു, കണ്ടിട്ട് ഇല്ലാത്തവർക്ക് ഞാൻ ഇവിടെ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്യുന്നു. പറയാൻ വന്നത്
ഞാൻ വളരെ അഭിമാനത്തോടുകൂടി പറയുന്നു ഞാൻ പുലയൻ ആണ് എന്ന് 💪
ഞാൻ എൻെറ ജാതി,മതം, നിറം എവിടെയും മറച്ച് വെച്ച് ഇല്ല,
എൻറെ ജാതിയും മതവും എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാൻ നാല് സിനിമകൾ ചെയ്തത് അതിൻറെ പ്രൊഡ്യൂസേഴ്സ് അതിൻറെ, ഡയറക്ടേഴ്സ് എല്ലാം കൂടെ നിന്നത്. ഇനിയും ചെയ്യാൻ പോകുന്ന മമ്മൂക്ക സിനിമയും അങ്ങനെ തന്നെ ആണ്, മമ്മൂക്കയെ എനിക്ക് വ്യക്തിപരമായി അറിയാം , പുള്ളി ജാതി മതം വ്യത്യാസമില്ലാതെ എല്ലാവരെയും ഒരേ രീതിയിൽ കാണുന്ന ആളാണ്. അതുകൊണ്ട് എനിക്കും എൻറെ സിനിമക്കും ഒരു പ്രശ്നവുമില്ല.
പിന്നെ ഇത് എന്തിൻറെ പ്രശ്നമാണെന്ന് ഇത് ആരാണ് ചെയ്യുന്നതെന്ന് എനിക്ക് വ്യക്തമായിട്ട് അറിയാം . കാരണം ഇതിനുമുമ്പേയും ഇങ്ങനെ പല രീതിയിൽ ആക്ഷേപം കേൾക്കേണ്ടതും കാണേണ്ടതുമായി വന്നിട്ടുണ്ട്. ഇനിയും എങ്ങനെയുണ്ടായാൽ ഈ രീതിയിൽ അല്ല പ്രതികരിക്കുന്നത് .
ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയത് തകർക്കരുത് ഒരു അപേക്ഷ ആണ്..
കൂടെ നിന്നവർക്കെല്ലാം ഒരുപാട് നന്ദി…