“ഈ പടത്തിൽ ലുക്ക് വെച്ച് ആരായിരിക്കും പ്രേതം?, ഇവനല്ലേ?”; പ്രമോഷൻ പരിപാടിക്കിടെ യുവനടനെ പരസ്യമായി അധിക്ഷേപിച്ച് സൗബിൻ ഷാഹിർ/ Soubin Shahir


ജിത്തു മാധവന്റെ സംവിധാനത്തിൽ ജോൺ പോൾ ജോർജ് നിർമ്മിച്ച് തിയേറ്ററുകളിലെത്തിയ ചിത്രമാണ് രോമാഞ്ചം. ഫെബ്രുവരി മൂന്നിന് റിലീസ് ചെയ്ത ചിത്രത്തിൽ സൗബിൻ ഷാഹിറിനൊപ്പം നിരവധി പുതുമുഖ താരങ്ങൾ അഭിനയിച്ചു. ചെമ്പൻ വിനോദ്, സിജു സണ്ണി, അർജുൻ അശോകൻ, സജിൻ ​ഗോപു, അസ്സിൻ ജമാൽ തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഹൊറർ കോമഡി ചിത്രമായ രോമാഞ്ചത്തിന്റെ പാട്ടുകൾ നേരത്തേ തന്നെ ഹിറ്റായിട്ടുണ്ടായിരുന്നു. സുഷിൻ ശ്യാം ആണ് സം​ഗീത സംവിധാനം. 146 സ്ക്രീനുകളിലായി റിലീസ് ചെയ്ത ചിത്രത്തിന്റെ നൂൺ ഷോകൾക്ക് ശേഷം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ വൻ അഭിപ്രായമാണ് വന്നത്. ഇതോടെ പോയ വാരാന്ത്യത്തിൽ മികച്ച നേട്ടമുണ്ടാക്കി ചിത്രം.

പല മൾട്ടിപ്ലെക്സുകളിളും ചെറിയ സ്ക്രീനുകളിൽ റിലീസ് ചെയ്യപ്പെട്ട ചിത്രം ഡിമാൻറ് വർധിച്ചതോടെ വലിയ സ്ക്രീനുകളിലേക്ക് മാറ്റിയിട്ടുണ്ട്. ചിത്രം ഈ വർഷം റിലീസ് ചെയ്യപ്പെട്ട മലയാള ചിത്രങ്ങളിൽ ആദ്യ ഹിറ്റ് ആയിരിക്കുമെന്ന് ട്രേഡ് അനലിസ്റ്റ് ആയ ക്രിസ്റ്റഫർ കനകരാജ് വിലയിരുത്തി.

2007ൽ ബെംഗളൂരുവിൽ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കൾക്കിടയിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഓജോ ബോർഡും ആത്മാവിനെ ക്ഷണിച്ചുവരുത്തലുമൊക്കെ ചേർത്ത് ഭയത്തിൻറെയും അതിലേറെ ചിരിയുടെയും രസക്കൂട്ടിലാണ് സംവിധായകൻ ചിത്രമൊരുക്കിയിരിക്കുന്നത്.

ഇതിനിടെ സൗബിനും മറ്റും പങ്കെടുത്ത മനോരമ ഓൺലൈനിലെ ഒരു ഇന്റർവ്യൂ ആണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. താരങ്ങൾ സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടയ്ക്ക് കൂടെ ഇരിക്കുന്ന നടനെ രൂപത്തിന്റെ പേരിൽ സൗബിൻ കളിയാക്കുകയായിരുന്നു. ഹൊറർ മൂവി ആയതുകൊണ്ട് പ്രേതത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് പ്രസ്തുത നടനെ ചൂണ്ടിക്കാണിച്ച് കൊണ്ട് ഇവനാണ് പ്രേതം എന്ന് സൗബിൻ പറയുന്നത്.

ഈ കൂട്ടത്തിൽ ആരെ കണ്ടാലാണ് പ്രേതമെന്ന് തോന്നുക, ഇവനെയല്ലേ എന്നായിരുന്നു സൗബിൻ പറഞ്ഞത്. ബോഡി ഷേമിങ്ങിന് ഇരയായ നടനോട് അവതാരകൻ സംസാരിക്കാത്തത് എന്താണെന്നുള്ള ചോദ്യത്തിനും സൗബിൻ തന്നെ ഇടിച്ച് കയറി മറുപടി പറയുന്നുണ്ട്. പ്രേതം സംസാരിക്കില്ല, ആക്ഷ്ൻ മാത്രമേയുള്ളു എന്നായിരുന്നു സൗബിന്റെ മറുപടി.