”കള്ളൻ വേഷത്തിന്റെ ആജീവനാന്ത ബ്രാൻഡ് അമ്പാസിഡറാണ് ഞാൻ, എന്നാൽ ഇതൊരു വ്യത്യസ്തനായ കള്ളൻ”: മനസ് തുറന്ന് വിഷ്ണു ഉണ്ണികൃഷ്ണൻ| Vishnu Unnikrishnan| Kallanum Bhagavathiyum
നടനും തിരക്കഥാക്കൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ 2003 മുതൽ മലയാള സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. റിലീസിനൊരുങ്ങുന്ന കള്ളനും ഭഗവതിയുമാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഒരുപാട് സിനിമകളിൽ കള്ളന്റെ വേഷത്തിലെത്തിയ താൻ മലയാള സിനിമയിലെ കള്ളൻ വേഷത്തിന്റ ബ്രാൻഡ് അമ്പാസിഡർ ആണെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്.
കള്ളനും ഭഗവതിയും സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഏഷ്യാവില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം സിനിമയിലെ തന്റെ വേഷത്തെക്കുറിച്ച് സംസാരിച്ചത്. ”മാത്തപ്പൻ എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങൾ തിരക്കഥയിൽ തന്നെ വിശദമാക്കിയിട്ടുണ്ടായിരുന്നു. എനിക്ക് ഇത് ഒരു പുതിയ അനുഭവമാണ് കള്ളനും ഭഗവതിയിലെയും കള്ളൻ. ഞാൻ കള്ളൻമാരുടെ ആജീവനാന്ത ബ്രാൻഡ് അമ്പാസിഡർ ആണെങ്കിലും ഇതിലൊരു പുതിയ കള്ളനാണ്”- വിഷ്ണു വ്യക്തമാക്കി.
ചിത്രത്തിൽ ഭഗവതിയുടെ വേഷത്തിൽ അഭിനയിക്കുന്നത് ബംഗാളി നടി മോക്ഷയാണ്. സിനിമയിലുടനീളം ഭാഷയറിയാത്ത ഒരു നടിയുടെ കൂടെ അഭിനയിക്കാനായതും തന്നെ സംബന്ധിച്ചിടത്തോളം പരിചയമില്ലാതിരുന്ന കാര്യമായിരുന്നു എന്നാണ് വിഷ്ണു പറയുന്നത്. ഡയലോഗ് പഠിക്കാനും മറ്റുമായി സിനിമയുടെ സംവിധായകൻ തന്നെ നായിക മോക്ഷയ്ക്ക് വർക്ക്ഷോപ്പ് തയാറാക്കിക്കൊടുത്തിരുന്നു.
മോക്ഷ വളരെ ഡെഡിക്കേറ്റഡ് ആയിരുന്നു. ഭഗവതിയുടെ കിരീടമെല്ലാം അപാര ഭാരമുണ്ട്. അതെല്ലാം വെച്ച് രാത്രിയും പകലും വെയിലത്തെല്ലാം അവർ അഭിനയിച്ചു. ഭഗവതിയുടെ വിശ്വരൂപം കാണിക്കുന്ന രംഗം മലമ്പുഴ ഡാമിലായിരുന്നു ചിത്രീകരിച്ചത്. ആ സമയത്ത് അവരെ സഹായിക്കാനൊന്നും ആരുമുണ്ടായിരുന്നില്ല. വളരെ എഫേർട്ട് എടുത്തിട്ടുണ്ട്. പോസ്റ്റർ എല്ലാം കാണുമ്പോൾ, എവടന്ന് കിട്ടി ഈ ഭഗവതിയെ എന്നാണ് എല്ലാവരും ചോദിക്കുന്നത് തന്നെ- വിഷ്ണു വ്യക്തമാക്കി.
അനുശ്രീയാണ് ചിത്രത്തിലെ മറ്റൊരു താരം. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കള്ളനും ഭഗവതിയും. ഈ മാസം 31ന് തിയേറ്ററുകളിലെത്തുന്ന സലിം കുമാർ, ജോണി ആന്റണി, പ്രേം കുമാർ, രാജേഷ് മാധവൻ, ശ്രീകാന്ത് മുരളി, ജയശങ്കർ,നോബി, ജയ്പ്രകാശ് കുളൂർ, ജയൻ ചേർത്തല , ജയകുമാർ, മാലാ പാർവ്വതി മുതലായ അഭിനേതാക്കൾ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.