മോഹൻലാലിന്റെയും ശ്രീനിവാസന്റേയും മക്കൾ വീണ്ടും ഒന്നിക്കുന്നു; വിനീത് ശ്രീനിവാസന്റെ അടുത്ത ചിത്രത്തിൽ പ്രണവ് മോഹൻലാൽ നായകൻ| Pranav Mohanlal| Vineeth Sreenivasan
2018ൽ പുറത്തിറങ്ങിയ ആദി എന്ന സിനിമയിലായിരുന്നു പ്രണവ് ആദ്യമായി നായകവേഷത്തിലെത്തുന്നത്. പക്ഷേ ഒരു നടനെന്ന നിലയിൽ പ്രേക്ഷകരുടെ ഇടയിൽ സ്ഥാനം നേടിയത് വിനീത് ശ്രീനിവാസന്റെ ഹൃദയം എന്ന ചിത്രത്തിലൂടെയാണ്. പക്ഷേ ഇതിന് ശേഷം താരം വേറെ ചിത്രമൊന്നും കമിറ്റ് ചെയ്യാതെ യാത്രകളിൽ സജീവമാവുകയായിരുന്നു.
ഇതിനിടെ വിനീതിന്റെ അടുത്ത ചിത്രത്തിൽ പ്രണവ് നായകനാവും എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. വിനീതിന്റെ അടുത്ത ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി എന്നും നായകനാകുന്നത് പ്രണവ് മോഹൻലാലായിരിക്കുമെന്നുമാണ് റിപ്പോർട്ട്. ഈ വർഷം രണ്ടാം പദത്തിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. എന്നാൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.
അഭിനയത്തെക്കാളൊക്കെ ഒറ്റയ്ക്കുള്ള യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന നടനാണ് പ്രണവ് മോഹൻലാൽ. താരപുത്രൻ എന്ന പദവിയിൽ നിലനിൽക്കാൻ ആഗ്രഹിക്കാത്ത താരത്തിളക്കത്തിൽ ആകൃഷ്ടനാകാത്ത പ്രണവിന്റെ ജീവിത രീതി പോലും മലയാളി പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നതാണ്. പ്രണവ് നായകനായെത്തിയ ‘ഹൃദയം’ എന്ന ചിത്രത്തിന് ശേഷം സിനിമകളിൽ സജീവമാകാതിരുന്ന താരം കഴിഞ്ഞ കുറച്ച് നാളുകളയി യാത്രകളിലും പല സാഹസിക പരിശീലനങ്ങളിലുമായിരുന്നു.
അതേസമയം, ശ്രീനിവാസനും മോഹൻലാലും തമ്മിലുള്ള പ്രശ്നം സോഷ്യൽമീഡിയയിൽ കത്തി നിൽക്കുമ്പോഴാണ് മക്കൾ സിനിമയിലൂടെ ഒന്നിക്കുന്ന വാർത്തയെത്തുന്നത്. നടൻ ശ്രീനിവാസൻ കഴിഞ്ഞയാഴ്ച ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ നടൻ മോഹൻലാലിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ വലിയ വിവാദങ്ങൾക്കാണ് തിരി കൊളുത്തിയത്. മോഹൻലാലിനെ വളരെ മോശമായി ചിത്രീകരിക്കുന്ന രീതിയിലായിരുന്നു ശ്രീനിവാസന്റെ സംസാരം.
ഈ വിഷയത്തിൽ സോഷ്യൽ മീഡിയ രണ്ടായി തിരിഞ്ഞ് കൊണ്ടാണ് തർക്കങ്ങൾ മുഴുവനും നടന്നത്. മോഹൻലാലിനെ പിന്തുണച്ചും ശ്രീനിവാസനെ അനുകൂലിച്ചും ആളുകളെത്തി. ഇതിനിടെ ശ്രീനിവാസന്റെ മകൻ വിനീത് ശ്രീനിവാസൻ ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖം വീണ്ടും ചർച്ചയായിട്ടുണ്ടായിരുന്നു. വിവാദങ്ങളെല്ലാം ഉണ്ടാകുന്നതിന് മുൻപ് വിനീത് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ ശ്രീനിവാസന് ഉമ്മ നൽകിയ സംഭവത്തെക്കുറിച്ച് വളരെ പോസിറ്റീവായാണ് സംസാരിച്ചത്.
മഴവിൽ മനോരമയുടെ പരിപാടിക്കെത്തിയപ്പോഴാണ് മോഹൻലാൽ ശ്രീനിവാസനെ ഉമ്മ വെച്ചത്. മോഹൻലാലിനെ എന്തുകൊണ്ടാണ് കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നത് എന്ന് അന്നാണ് തനിക്ക് മനസിലായത് എന്നായിരുന്നു ശ്രീനിവാസൻ അഭിമുഖത്തിൽ പറഞ്ഞത്. മാത്രമല്ല, താനും ലാലും തമ്മിൽ അത്ര നല്ല സൗഹൃദമല്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.