”ലാൽ അങ്കിൾ വളരെ ഇമോഷണലായിട്ടാണ് സംസാരിച്ചത്, എന്തു ചെയ്യണമെന്നറിയാതെ വന്നപ്പോൾ ഉമ്മ വെച്ചു”; ഭയങ്കര സന്തോഷം തോന്നിയെന്നാണ് അച്ഛൻ പറഞ്ഞതെന്ന് വിനീത് ശ്രീനിവാസൻ| Vineeth Sreenivasan| Mohanlal| Sreenivasan


നടൻ ശ്രീനിവാസൻ കഴിഞ്ഞയാഴ്ച ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ നടൻ മോഹൻലാലിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ വലിയ വിവാദങ്ങൾക്കാണ് തിരി കൊളുത്തിയത്. മോഹൻലാലിനെ വളരെ മോശമായി ചിത്രീകരിക്കുന്ന രീതിയിലായിരുന്നു ശ്രീനിവാസന്റെ സംസാരം. ഈ വിഷയത്തിൽ സോഷ്യൽ മീഡിയ രണ്ടായി തിരിഞ്ഞ് കൊണ്ടാണ് തർക്കങ്ങൾ മുഴുവനും നടന്നത്.

മോഹൻലാലിനെ പിന്തുണച്ചും ശ്രീനിവാസനെ അനുകൂലിച്ചും ആളുകളെത്തി. ഇതിനിടെ ശ്രീനിവാസന്റെ മകൻ വിനീത് ശ്രീനിവാസൻ ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖമാണ് ചർച്ചയാകുന്നത്. വിവാ​ദങ്ങളെല്ലാം ഉണ്ടാകുന്നതിന് മുൻപ് വിനീത് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ ശ്രീനിവാസന് ഉമ്മ നൽകിയ സംഭവത്തെക്കുറിച്ച് വളരെ പോസിറ്റീവായാണ് സംസാരിക്കുന്നത്.

മഴവിൽ മനോരമയുടെ പരിപാടിക്കെത്തിയപ്പോഴാണ് മോഹൻലാൽ ശ്രീനിവാസനെ ഉമ്മ വെച്ചത്. മോഹൻലാലിനെ എന്തുകൊണ്ടാണ് കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നത് എന്ന് അന്നാണ് തനിക്ക് മനസിലായത് എന്നായിരുന്നു ശ്രീനിവാസൻ അഭിമുഖത്തിൽ പറഞ്ഞത്. മാത്രമല്ല, താനും ലാലും തമ്മിൽ അത്ര നല്ല സൗഹൃദമല്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, ഈ സംഭവം കഴിഞ്ഞ് മോഹൻലാലിന്റെ ഭാര്യ സുചിത്ര തന്നെ വിളിച്ചപ്പോൾ പറഞ്ഞ കാര്യങ്ങളും വീട്ടിൽ വന്ന് ശ്രീനവാസനെ കണ്ടപ്പോൾ അദ്ദേഹത്തിന് ഉണ്ടായ മാറ്റങ്ങളുമാണ് വിനീത് പറയുന്നത്. ”മഴവിൽ മനോരമയിലെ സുഹൃത്തുക്കൾ വിളിച്ചപ്പോൾ ലാലങ്കിൾ അച്ഛനെ കിസ് ചെയ്തു എന്ന് പറഞ്ഞു. സുചിയാന്റി (സുചിത്ര) എന്നെ വിളിച്ചിട്ടുണ്ടായിരുന്നു, സുചിയാന്റിയുടെ അടുത്ത് ലാലങ്കിൾ ഇക്കാര്യം പറഞ്ഞു എന്ന് എന്നോട് പറഞ്ഞു.

എനിക്ക് ഭയങ്കര സന്തോഷമായി, പെട്ടെന്ന് എന്താ ചെയ്യേണ്ടത് എന്ന് അറിഞ്ഞില്ല. അപ്പോൾ പെട്ടെന്ന് ഉമ്മ കൊടുത്തു എന്ന് ലാലങ്കിൾ ഭയങ്കര ഇമോഷണലായിട്ട് സുചിയാന്റിയോട് പറഞ്ഞു. സുചിയാന്റി അത് എന്നോട് പറഞ്ഞു. അവടന്നും ഇവടന്നുമൊക്കെ ഈ കഥ കേട്ടിട്ടാണ് ഞാൻ വീട്ടിൽ വരുന്നത്. ഞാൻ വീട്ടിൽ എത്തിയിട്ട് രാത്രി അച്ഛനോട് ചോദിച്ചു, അച്ഛന് എന്താണ് തോന്നിയത് എന്ന്?

കൊറെ കാലത്തിന് ശേഷം ഞാൻ ഇത്രയും കാലം ജോലി ചെയ്തിരുന്ന ആളുകളുടെ ഇടയിൽ പോയി നിന്നപ്പോൾ എനിക്ക് ഉള്ളിൽ നിന്ന് ഭയങ്കര സന്തോഷം വന്നു എന്ന് പറഞ്ഞു. ഇവരുടെ വേൾഡ് സിനിമയാണല്ലോ. കാര്യം അച്ഛന് ജൈവ കൃഷി ഇഷ്ടമാണെങ്കിലും സിനിമയാണ് എല്ലാം. മഴവിൽ മനോരമയിൽ പോയി വന്നതിന് ശേഷം അച്ഛന് ഒരു ഊർജ്ജം ഉണ്ടായതായി തോന്നി”- വിനീത് ശ്രീനിവാസൻ പറയുന്നു.