”മൈ ഡിയര്‍ ഫ്രണ്ട് ഷാനൂ എന്ന അതിശയമായിരുന്നു എനിക്ക്, ആ ഷോ കഴിഞ്ഞയുടനെ ഞാന്‍ ഫഹദിനെ വിളിച്ച് സംഭവം പറഞ്ഞു, അവന്‍ ഒന്ന് ചിരിക്കുക മാത്രം ചെയ്തു” പുഷ്പ തമിഴ്‌നാട്ടില്‍ നിന്നും കണ്ടപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍ | Pushpa | Vineeth Sreenivasan | Fahad Fazil


ഹദ് ഫാസിലിന്റെ കരിയറിലെ മികച്ച റോളുകളില്‍ ഒന്നായിരുന്നു ചാപ്പാക്കുരിശ് എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസനൊപ്പം ചെയ്ത വേഷം. അന്ന് അത്ര വലിയ താരമൊന്നുമല്ലാതിരുന്ന ഫഹദിന്റെ സിനിമാ കരിയറിലെ മികച്ച കഥാപാത്രമായിരുന്നു ചാപ്പാ കുരിശ്. തുടര്‍ന്നിങ്ങോട്ട് വിസ്മയിപ്പിക്കുന്ന വേഷങ്ങള്‍ കൊണ്ട് ഫഹദ് വലിയൊരു വിഭാഗം സിനിമാപ്രേമികളുടെ പ്രിയതാരമെന്ന പദവിയിലെത്തിയിരിക്കുകയാണ്.

ഫഹദിന്റെ ഈ വളര്‍ച്ച തന്നെ അതിശയിപ്പിച്ച ഒരു സംഭവം പറയുകയാണ് ചാപ്പാക്കുരിശില്‍ ഫഹദിനൊപ്പം പ്രധാന വേഷത്തിലെത്തിയ വിനീത്. തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്‍ നായകനായ പുഷ്പ എന്ന ചിത്രം തമിഴ്‌നാട്ടിലെ തിയേറ്ററുകളിലിരുന്ന് കണ്ടപ്പോഴുള്ള അനുഭവമാണ് വിനീത് പങ്കുവെക്കുന്നത്.

”പെരുങ്കുടിയിലെ സിനി പാലസ് എന്ന തിയേറ്ററില്‍ നിന്ന് പുഷ്പ റിലീസിന്റെ ദിവസം കാണുകയാണ്. അല്ലു അര്‍ജുന്‍ വരുമ്പോള്‍ ഒരു കയ്യടിയുണ്ട്. അത് കഴിഞ്ഞ് കുറേയിങ്ങനെ മുന്നോട്ടുപോയി, ക്ലൈമാക്‌സിനോട് അടുക്കുമ്പോഴാണല്ലോ ഷാനുവിനെ കാണിക്കുന്നത്. അപ്പോള്‍ തിയ്യേറ്ററങ്ങ് ഇളകി മറിയുകയായിരുന്നു. തമിഴ്‌നാട്ടില്‍ അല്ലു അര്‍ജുനുണ്ടായ കയ്യടിയുടെ ഡബിള്‍ ട്രിപ്പിളാണ് ഷാനുവിന് കിട്ടിയത്. മൈ ഫ്രണ്ട് ഷാനൂ എന്ന അതിശയമായിരുന്നു എനിക്കന്ന് ”

ആ ഷോ കഴിഞ്ഞയുടനെ ഫഹദിനെ വിളിച്ച് ഈ സംഭവം പറയുകയും ചെയ്തിരുന്നു. അദ്ദേഹം ഒന്ന് ചിരിക്കുക മാത്രം ചെയ്തു. ഈ രീതിയിലേക്ക് ഫഹദ് വളര്‍ന്നുവെന്നതില്‍ വലിയ സന്തോഷമുണ്ടെന്നും വിനീത് പറഞ്ഞു.

ചാപ്പാക്കുരിശ് എന്ന ചിത്രത്തിനുശേഷം ഫഹദിനൊപ്പം ഒരു ചിത്രത്തെക്കുറിച്ച് പ്ലാനുണ്ടോയെന്ന ചോദ്യത്തിന് ഇതുവരെ അങ്ങനെയൊരു പ്ലാന്‍ വന്നിട്ടില്ലെന്നാണ് വിനീത് മറുപടി പറഞ്ഞത്. ‘ഷാനുവിന്റെ കൂടെ സിനിമകളൊന്നും സംസാരിച്ചിട്ടില്ല. ഒരു തവണ സംസാരിക്കുമ്പോള്‍ , ജെറാഡ് ബട്‌ലറിന്റെ സ്റ്റാര്‍ ഈസ് ബോണ്‍ എന്ന ചിത്രം കണ്ടിരുന്നോ എന്ന് ചോദിച്ചു. വിനീത് അത് കണ്ടുനോക്കൂ, നമുക്ക് അതുപോലെ ഒരു സിനിമ ചെയ്യണമെന്ന് പറഞ്ഞു.’ വിനീത് പറയുന്നു.

ഫഹദ് പറഞ്ഞ ചിത്രം താന്‍ കണ്ടെന്നും എന്നാല്‍ ഇതുവരെ ഫഹദിനൊപ്പം ഒരു ചിത്രം പ്ലാന്‍ ചെയ്തിട്ടില്ലെന്നും വിനീത് വ്യക്തമാക്കി.