”സത്യം പറ അതല്ലേ നിങ്ങള്‍, ബാക്കി ഫുള്‍ ടൈം അഭിനയിച്ചു കൊണ്ടിരിക്കുകയല്ലേ…” വിനീത് ശ്രീനിവാസന്റെ ആ കഥാപാത്രം കണ്ട് ബേസില്‍ ജോസഫ് അന്ന് പറഞ്ഞത് വെളിപ്പെടുത്തി താരം | Vineeth Sreenivasan| Basil Joseph | Pookkalam
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തില്‍ വിനീത് അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. രവി പത്മനാഭന്‍ എന്ന പേരില്‍ ഒരു വ്യാജ സ്‌കൂള്‍ അധ്യാപകന്റെ വേഷമായിരുന്നു വിനീത് ചെയ്തത്. ആ ചിത്രം കണ്ട് ബേസില്‍ ജോസഫ് പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് വിനീത്. ‘പൂക്കാലം’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിനീത് പറയുന്നു: ” ഇവന്‍ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ കണ്ടിട്ട് എന്നെ വിളിച്ചു പറഞ്ഞതാണ്, സത്യം പറ അതല്ലേ നിങ്ങള്‍..ബാക്കി ഫുള്‍ടൈം അഭിനയിച്ചുകൊണ്ടിരിക്കുകയല്ലേ എന്ന്”
വിനീതിനെ നേരിട്ട് അറിയാവുന്നതുകൊണ്ടാണ് കുഞ്ഞിരാമായണത്തിലെ കുഞ്ഞിരാമന്‍ എന്ന കഥാപാത്രം അദ്ദേഹത്തിന് നല്‍കിയതെന്ന് ബേസിലും തമാശ രൂപേണ പറഞ്ഞു. ആ കഥാപാത്രത്തെ അദ്ദേഹത്തില്‍ എപ്പോഴൊക്കെയോ കണ്ടിട്ടുണ്ട്. അതിനാല്‍ വിനീതിന് അത് ചെയ്യാന്‍ പറ്റുമെന്ന ഉറച്ചു വിശ്വാസമുണ്ടായിരുന്നെന്നും ബേസില്‍ പറഞ്ഞു.
ഏറെ ആസ്വദിച്ച് ചെയ്ത സിനിമയാണ് കുഞ്ഞിരാമായണമെന്ന് ഇരുവരും പറഞ്ഞു. സെറ്റില്‍ എല്ലാവരും നല്ല കൂളായിരുന്നു. പാട്ടും ഡാന്‍സും അങ്ങനെ ആകെ ജോളിയായിരുന്നെന്നും യാതൊരു ടെന്‍ഷനുമുണ്ടായിരുന്നില്ലെന്നും ബേസില്‍ പറഞ്ഞു. പിന്നീട് ചെയ്ത ചിത്രങ്ങളും ആ രീതിയില്‍ ചെയ്യണമെന്നായിരുന്നു ആഗ്രഹം. പക്ഷേ പല ടെന്‍ഷനും കാരണം സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
ഗണേഷ് രാജിന്റെ തിരക്കഥയിലൊരുങ്ങുന്ന ഫാമിലി എന്റര്‍ടൈനറാണ് പൂക്കാലം. ചിത്രത്തില്‍ വിജയരാഘവന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, സുഹാസിനി തുടങ്ങിയ വമ്പന്‍ താരനിരതന്നെ അണിനിരക്കുന്നുണ്ട്. വിനീത് ഇതുവരെ ചെയ്തിട്ടില്ലാത്ത അല്പം എക്‌സന്‍ട്രിക്കായ കഥാപാത്രമായാണ് ഈ ചിത്രത്തിലെത്തുന്നത്. അത് പ്രേക്ഷകര്‍ക്ക് എത്രത്തോളം ഉള്‍ക്കൊള്ളാനാവുമെന്ന് അറിയില്ലെന്ന് പൂക്കാലത്തിന്റെ തിരക്കഥാകൃത്ത് ഗണേഷ് രാജ് പറഞ്ഞു.
ഗണേഷ് രാജ് എഴുതിയ ആനന്ദം ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടിയിരുന്നു. ഏഴുവര്‍ഷത്തിനുശേഷമാണ് അദ്ദേഹം ”പൂക്കാലം” എന്ന ചിത്രവുമായെത്തുന്നത്. പ്രായമേറിയ ദമ്പതിമാരുടെ കഥ പറയുന്ന ചിത്രം ഇട്ടൂപ്പിന്റേയും കൊച്ചുത്രേസ്യാമ്മയുടെയും അവരുടെ മക്കളുടെയും മരുമക്കളുടെയും കൊച്ചുമക്കളുടെയും ജീവിതങ്ങളാണ് അവതരിപ്പിക്കുന്നത്.
ചിത്രത്തിനുവേണ്ടിയുള്ള വിജയരാഘവന്റെ മേക്കോവര്‍ ഇതിനകം ശ്രദ്ധനേടിയിരുന്നു. നൂറ് വയസ്സ് പ്രായമുള്ളയാളുടെ വേഷത്തിലാണ് വിജയരാഘവനെത്തുന്നത്. ഏപ്രില്‍ എട്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.