“ഇപ്പോൾ സൂപ്പർസ്റ്റാറായി നിൽക്കുന്ന ആളാണെന്ന് മാത്രം പറയാം, എന്നോട് തടി കുറയ്ക്കാൻ പറഞ്ഞു, പിന്നെ തഴഞ്ഞു”; മോശം അനുഭവം തുറന്ന് പറഞ്ഞ് വിൻസി അലോഷ്യസ്|Vincy Aloshious| Interview | Experience
റിയാലിറ്റി ഷോയിലൂടെ സിനിമയിലേക്ക് കടന്ന് വന്ന താരമാണെങ്കിലും ആരംഭഘട്ടത്തിൽ വളരെയേറെ കഷ്ടപ്പെട്ടിട്ടുണ്ട് വിൻസി അലോഷ്യസ്. ചലച്ചിത്രലോകത്ത് നിന്ന് താൻ നേരിട്ട ഒരു മോശം അവസ്ഥ താരം പ്രേക്ഷകരോട് പങ്കുവെച്ചിരുന്നു. മൂന്ന് വർഷം മുൻപ് ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.
നായികയായി അഭിനയിക്കാനിരുന്ന സിനിമയിൽ നിന്നും ഒരിക്കൽ അവസാനം നിമിഷം തന്നെ ഒഴിവാക്കിയതനെക്കുറിച്ച് മുമ്പ് വിൻസി മനസ്തുറന്നിരുന്നു. കരിയറിന്റെ തുടക്കകാലത്താണ് വിൻസിയ്ക്ക് ഈ അനുഭവമുണ്ടായത്. ഇത് വീണ്ടും ചർച്ചയായി മാറുകയാണ്. വിൻസി ഒരിക്കലും ആളുടെ പേര് പറയുന്നില്ലെങ്കിലും ചില സൂചനകളെല്ലാം പങ്കുവെച്ചിരുന്നു. എന്നാലിപ്പോൾ പ്രേക്ഷകർക്ക് അതാരാണെന്ന് അറിയാൻ അതിയായ താൽപര്യമുള്ള തരത്തിലുള്ള കമന്റുകളാണ് വരുന്നത്.
ആളുടെ പേര് ഞാൻ പറയുന്നില്ല, പറഞ്ഞാൽ എല്ലാവർക്കും കിട്ടും. ഇപ്പോഴത്തെ സൂപ്പർ സ്റ്റാറായി നിൽക്കുന്ന ഒരാളുടെ മൂവി ആണെന്ന് മാത്രം ഞാൻ പറയാം. അതിൽ ആകെ ഒരു ഫീമെയിൽ ലീഡേ ഉള്ളൂ. അതിലേക്ക് എന്നെ വിളിച്ചു. എന്നോട് പറഞ്ഞു 99 ശതമാനവും വിൻസിയെ തന്നെയാണ് ആ ക്യാരക്ടറായി ഞങ്ങൾ മനസിൽ കാണുന്നത്. പക്ഷെ തടിയൊന്നു കുറക്കേണ്ടി വരും, അതിന് ശ്രമിച്ചോളൂ” എന്ന് പറഞ്ഞുവെന്നാണ് വിൻസി പറയുന്നത്.
ഇതോടെ താൻ എന്നും രാവിലെ നാല് മണിക്ക് എണീറ്റ് അപ്പച്ചന്റെ കൂടെ നടക്കാൻ പോവുമായിരുന്നുവെന്നാണ് വിൻസി പറയുന്നത്. അപ്പച്ചൻ ഓടുമ്പോ കൂടെ കിതച്ച് ബുദ്ധിമുട്ടി ഞാനും ഓടുമായിരുന്നുവെന്നും താരം പറയുന്നുണ്ട്. എന്നാൽ ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ആ ഷൂട്ട് തുടങ്ങുന്നതിന് രണ്ടാഴ്ച മുന്നെ, സോറി ആ റോൾ തരാൻ കഴിയില്ല എന്ന് തന്നോട് പറഞ്ഞുവെന്നാണ് വിൻസി പറയുന്നത്.
അതേസമയം വിൻസി നായികയായി എത്തുന്ന രേഖ തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഉണ്ണി ലാലുവാണ് ചിത്രത്തിലെ നായകൻ. മികച്ച പ്രതികരണമാണ് സിനിമ കണ്ടവരിൽ നിന്നും ലഭിക്കുന്നത്. എന്നാൽ താരതമ്യേന ചെറിയ സിനിമയായ തങ്ങളുടെ ചിത്രത്തിന് പ്രൊമോഷൻ ലഭിക്കാതെ പോയതിനെക്കുറിച്ചുള്ള വിൻസിയുടെ കുറിപ്പ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.
ജിതിൻ ഐസക്ക് പറയുന്ന സിനിമയുടെ പോസ്റ്റർ ചിത്രം പ്രദർശിപ്പിക്കുന്ന തീയേറ്ററുകളിൽ പോലും ഇല്ലെന്നാണ് വിൻസി പറഞ്ഞത്. പിന്നാലെ താരത്തിന് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. നടി പാർവ്വതി തിരുവോത്തടക്കം വിൻസിയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. അമ്പത് തീയേറ്ററുകളാണ് സിനിമയ്ക്ക് ലഭിച്ചത്. എന്നാൽ അതല്ല പ്രശ്‌നമെന്നും പ്രദർശിപ്പിക്കുന്ന തീയേറ്ററിൽ പോലും പോസ്റ്റർ ഇല്ലെന്ന സങ്കടം വിൻസി വ്യക്തമാക്കി.