“വല്യ സ്റ്റാർ കാസ്റ്റ് ഒന്നും ഇല്ലാത്തോണ്ട് ഞങ്ങൾക്ക് ഇത്രയൊക്കെ കാര്യങ്ങൾ കിട്ടത്തുള്ളു, ഒരു സിനിമയ്ക്കും ഈ ​ഗതി വരരുത്”; വിൻസി അലോഷ്യസ്|Vincy Alocious| Rekha| New Release


മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത നായിക നായകനിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് വിൻസി അലോഷ്യസ്. 2019ൽ പുറത്തിറങ്ങിയ വികൃതി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ചിത്രത്തിലെ സീനത്ത് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇതിന് ശേഷം താരം കനകം കാമിനി കലഹം, ജനഗണമന, ഭീമന്റെ വഴി, സോളമന്റെ തേനീച്ചകൾ, 1744 വൈറ്റ ആൾട്ടോ തുടങ്ങിയ ചില ചിത്രങ്ങളിൽ അഭിനയിച്ചു. താരത്തിന്റെ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പൊന്നും മോശമല്ല, ഇതുവരെ അഭിനയിച്ച എല്ലാം ഒന്നിനൊന്ന് മെച്ചം. രേഖ എന്ന ചിത്രത്തിലാണ് താരം ഏറ്റവുമൊടുവിൽ അഭിനയിച്ചത്. ചിത്രത്തെക്കുറിച്ച് വളരെ ആകാംക്ഷയോടെയായിരുന്നു താരം പങ്കെടുത്ത അഭിമുഖങ്ങളില്ലാം സംസാരിച്ചിരുന്നത്.

സംവിധായകൻ കാർത്തിക് സുബ്ബരാജിൻറെ ഉടമസ്ഥതയിലുള്ള സ്റ്റോൺ ബെഞ്ചേഴ്സ് അവതരിപ്പിക്കുന്നെന്ന നിലയിൽ ശ്രദ്ധനേടിയ സിനിമ കൂടിയാണ് രേഖ. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രം കാസർകോട് ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സസ്പെൻസ് ത്രില്ലറാണ്. വിൻസി അലോഷ്യസും ഉണ്ണിലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് പലഭാ​ഗങ്ങളിൽ നിന്നും മികച്ച അഭിപ്രായം ഉയരുന്നുണ്ട്.

എന്നിരുന്നാലും മികച്ച അഭിപ്രായത്തോടൊപ്പം വലിയ തിയറ്ററുകളും ഷോകളുടെ എണ്ണവും കുറവായതിന്റെ നിരാശ പങ്കുവെച്ച് കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് വിൻസി. തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെയാണ് താരം അഭിപ്രായം വ്യക്തമാക്കിയത്. സിനിമയ്ക്ക് റിലീസ് ചെയ്ത തിയേറ്ററിൽ പോലും പോസ്റ്റർ ഇല്ലാത്തത് താരത്തെ ഏറെ വിഷമിപ്പിച്ചു. നടൻ ഉണ്ണിലാൽ ഈ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

സ്റ്റാർ വാല്യു കുറഞ്ഞ ആളുകൾ അഭിനയിച്ചതിനാലാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്ന രീതിയിലാണ് വിൻസിയുടെ വാക്കുകൾ. ആർക്കും ഇങ്ങനെയൊരു അവസ്ഥ വരുത്തരുത് എന്നും താരം പറയുന്നു. “ഞങ്ങളുടെ സിനിമ ‘രേഖ’ വലിയ തിയറ്ററുകളോ ഷോസ് ഒന്നും ഇല്ല, ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമ, ആളുകൾ ചോദിക്കുന്നു എന്താ ഷോകൾ കുറവാണല്ലോ ,ഞങ്ങളുടെ നാട്ടിൽ ഇല്ലല്ലോ, പോസ്റ്റർ ഇല്ലല്ലോ എന്നൊക്കെ, സത്യം പറഞ്ഞാൽ നല്ല വിഷമം ഉണ്ട് ഇങ്ങനെ ആവും എന്ന് വിചാരിച്ചില്ല ആകെ ഉള്ളത് ഞങ്ങളുടെ സിനിമയുടെ വിശ്വാസം മാത്രം ഉള്ളു ,വല്യ സ്റ്റാർ CAST ഒന്നും ഇല്ലാത്തോണ്ട് ഞങ്ങൾക്ക് ഇത്രയൊക്കെ കാര്യങ്ങൾ കിട്ടത്തുള്ളു. ഇനി നിങ്ങളുടെ കയ്യിലാണ് എല്ലാം. ഉള്ള തിയേറ്ററിൽ ഉള്ള ഷോസ്(1SHOW ) അത് കാണാൻ ശ്രമിക്കണം ഇല്ലെങ്കിൽ നാളെ ഞങ്ങടെ സിനിമ അവിടെ കാണില്ല . നല്ല അഭിപ്രായങ്ങൾ വരുന്നുണ്ട്. ഒരു പാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു”- വിൻസി വ്യക്തമാക്കി.

ചിത്രത്തിൽ രേഖ എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് വിൻസി അലോഷ്യസ് ആണ്. ജിതിൻ ഐസക് തോമസാണ് സംവിധാനം. പ്രേമലത തൈനേരി, രാജേഷ് അഴിക്കോടൻ, രഞ്ജി കാങ്കോൽ, പ്രതാപൻ കെ എസ്, വിഷ്ണു ഗോവിന്ദൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സ്റ്റോൺ ബെഞ്ചേഴ്സ് മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ച അറ്റെൻഷൻ പ്ലീസ് എന്ന സിനിമയുടെ സംവിധായകൻ ജിതിൻ ഐസക്ക് തോമസ് തന്നെയാണ് രേഖയും സംവിധാനം ചെയ്യുന്നത്. സിനിമയുടെ രചനയും ജിതിൻ തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്.