”നാലഞ്ച് മാസം മലയാള സിനിമയിൽ നിന്ന് വിട്ട് നിന്നാൽ ഞാൻ പിന്നിലേക്ക് തള്ളപ്പെടും, ഇറങ്ങി വരാൻ കഴിയാത്ത ഒരു സിനിമയോ കഥാപാത്രമോ എനിക്കിത് വരെ കിട്ടിയിട്ടില്ല”; മനസ് തുറന്ന് വിനയ് ഫോർട്ട്| Vinay Fort | Family


പൂനെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് വിനയ് ഫോർട്ട് മലയാള സിനിമാരം​ഗത്തേക്ക് കടന്ന് വരുന്നത്. ശ്യാമപ്രസാദ് ഫിലിം ഋതുവിൽ തുടങ്ങി നിരവധി ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. എവിടെയും യുണീക് ആയി നിൽക്കുന്ന വിനയ് യുടെ ശബ്ദത്തിന് തന്നെ ഇവിടെ ആരാധകരുണ്ട്. ഡോൺ പാലത്തറ സംവിധാനം ചെയ്യുന്ന ഫാമിലിയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.

പത്തുമുപ്പതു പേര് ചേർന്ന് ഇരുപതു ദിവസം കൊണ്ട് ചെയ്തു തീർത്ത സിനിമയാണ് ഫാമിലി. ചിത്രത്തിൽ തന്റെ സോണി എന്ന നായക കഥാപാത്രം ഏറെ വെല്ലുവിളികൾ നിറഞ്ഞതാണെന്നാണ് താരം പറയുന്നത്. ഒരു നടനെന്ന രീതിയിൽ തനിക്ക് തൃപ്തി തരുന്ന സിനിമയും കഥാപാത്രവുമാണ് ഇതെന്നാണ് വിനയ് പറയുന്നത്. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

ലോക്ഡൗണിൽ മലയാള സിനിമകൾ പലതും ഒടിടി പ്ലാറ്റ്ഫോമിൽ ആയിരുന്നു റിലീസ് ചെയ്തത്. വിനയ് അഭിനയിച്ച ചിത്രങ്ങളുടെ റിലീസും ഒടിടിയിൽ നടന്നിട്ടുണ്ട്. അതിന് ശേഷം വെബ് സീരിസിൽ അഭിനയിക്കാൻ ക്ഷണം വരാറുണ്ടെന്നാണ് വിനയ് പറയുന്നത്. നാഗേഷ് കൂകുണൂർ സംവിധാനം ചെയ്യുന്ന ഒരു വെബ്‌സീരീസിലേക്ക് തനിക്ക് ഈ മാസവും ക്ഷണം വന്നിരുന്നു എന്നാണ് വിനയ് ഫോർട്ട് പറയുന്നത്.

”മലയാളിയായ ഒരു പൊലീസ് ഇൻസ്പെക്ടറിന്റെ വളരെ രസകരമായ ഒരു കഥാപാത്രമായിരുന്നു. അത് ചെയ്യാൻ കഴിയാത്തത് ഒരു നഷ്ടമാണ്. പക്ഷേ നാലുമാസം ആ കഥാപാത്രത്തിന്റെ ലുക്ക് കാത്തുസൂക്ഷിക്കാൻ പറ്റാത്തതുകൊണ്ടും നാലുമാസം മാറിനിൽക്കാൻ പറ്റാത്തതുകൊണ്ടുമാണ് അത് ഒഴിവാക്കിയത്. മൂന്നു നാല് മാസം നീണ്ടുനിൽക്കുന്ന ഷൂട്ട് ഏറ്റെടുക്കാൻ ബുദ്ധിമുട്ടാണ്. നാലഞ്ച് മാസം മലയാള സിനിമയിൽ നിന്ന് വിട്ടുനിന്നാൽ ഞാൻ പിന്നിലേക്ക് തള്ളപ്പെടും”- വിനയ് ഫോർട്ട് വ്യക്തമാക്കി.

അതേസമയം, താൻ ചെയ്യുന്ന കഥാപാത്രങ്ങൾ വളരെ സീരിയസ് ആയി എടുക്കുന്ന ആളാണെന്നും, എന്നാൽ ഇതുവരെ ഇറങ്ങി പോരാൻ കഴിയാത്ത അത്ര ഡെപ്ത്ത് ഉള്ള കഥാപാത്രങ്ങൾ തനിക്ക് കിട്ടിയിട്ടില്ല എന്നുമാണ് വിനയ് പറയുന്നത്. ”കഥാപാത്രം ചെയ്തിട്ട് അതിൽ നിന്ന് ഇറങ്ങി വരാൻ കഴിയാത്ത ഒരു കഥാപാത്രമോ തിരക്കഥയോ എനിക്ക് കിട്ടിയിട്ടില്ല എന്ന് തോന്നുന്നു. അങ്ങനെയൊരു കഥാപാത്രത്തിനായി ഞാൻ കാത്തിരിക്കുകയാണ്. ജീവിതവും കലയും രണ്ടാണെന്ന് മനസിലാക്കി ജീവിക്കുന്ന ഒരാളായതുകൊണ്ട് എനിക്ക് ഇതുവരെ അത്തരത്തിൽ ബുദ്ധിമുട്ട് വന്നിട്ടില്ല.

വികാരങ്ങളാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. അതുകൊണ്ട് കഥാപാത്രത്തെ കൂടെകൂട്ടിയാൽ എന്നെപ്പോലെ ഒരാൾ അപകടാവസ്ഥയിലേക്ക് പോകാൻ സാധ്യതയുണ്ട്. അത്തരത്തിൽ ഒരു കഥാപാത്രത്തിൽ പെട്ടുപോയാൽ എന്നെപ്പോലെ ഒരാൾക്ക് അത് റിസ്ക് ആണ്. പക്ഷേ അത്തരത്തിൽ എന്നെ ഒരുപാട് സ്വാധീനിക്കുന്ന ഒരു കഥാപാത്രം ചെയ്യണം എന്ന് ആഗ്രഹമുണ്ട്”- വിനയ് ഫോർട്ട് പറയുന്നു.