”അറയ്ക്കൽ അബു സാറിനെ വേണ്ടത്ര പരിചയം അയാൾക്കില്ലെന്ന് തോന്നുന്നു, ഇവിടെ ചോദിച്ചാൽ മതി’; രാവിലെ ഓടാൻ പോയപ്പോൾ തന്നെ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തിയ അനുഭവം പങ്കുവെച്ച് നടനും നിർമ്മാതാവുമായ വിജയ് ബാബു Vijay Babu| Saiju Kurup


നീണ്ട ഇടവേളയ്ക്കു ശേഷം മലയാള സിനിമയിൽ സജീവമാവുകയാണ് നിർമാതാവും അഭിനേതാവുമായ വിജയ് ബാബു. ഫ്രൈഡേ ഫിലിംസിന്റെ പത്തൊമ്പതാമത് ചിത്രമായ ‘എങ്കിലും ചന്ദ്രികേ’ റിലീസിനൊരുങ്ങുകയാണ്. പുതുമുഖങ്ങളെ എന്നും പ്രോത്സാഹിപ്പിക്കാറുള്ള ഫ്രൈഡേ ഫിലിംസ് ഈ ചിത്രത്തിലൂടെയും പുതിയൊരു സംവിധായകനെ മലയാളത്തിൽ അവതരിപ്പിക്കുന്നുണ്ട്.

ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്ന ‘എങ്കിലും ചന്ദ്രികേ’ മികച്ച കൂട്ടായ്മയിൽ നിന്ന് വന്ന മനോഹരമായ ഒരു ചിത്രമാണ് എന്ന് പറഞ്ഞ വിജയ് ബാബു കുടുംബമായി വന്നാൽ സന്തോഷത്തോടെ ചിരിച്ചു കൊണ്ട് തിയറ്ററിൽ നിന്നും പോകാൻ പറ്റുന്ന സിനിമയാണ് ഇത് എന്നും കൂട്ടിച്ചേർത്തു. സുരാജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ്, ബേസിൽ ജോസഫ്, നിരഞ്ജന അനൂപ്, തൻവി റാം എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് വിജയ് ബാബുവും സൈജു കുറുപ്പും ചേർന്ന് ജിഞ്ചർ മീഡിയ എന്റർടൈൻമെന്റിന് നൽകിയ അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്. ആട് ഒരു ഭീകര ജീവിയാണ് എന്ന സിനിമയിൽ സൈജു എങ്ങനെ അബുവായി അഭിനയിച്ചുവെന്നും ആട് 2 ഉണ്ടായതെങ്ങനെയെന്നുമെല്ലാം വിജയ് ബാബു പ്രേക്ഷകരോട് പങ്കുവയ്ക്കുന്നുണ്ട്.

താൻ രാവിലെ നടക്കാൻ പോകുമ്പോൾ കൈ കാണിച്ച് നിർത്തിയാണത്രേ സൈജു കുറുപ്പ് ആട് ഒരു ഭീകരജീവിയാണ് സിനിമയിൽ അഭിനയിക്കാൻ അവസരം തേടുന്നത്. തുടർന്ന് വിജയ് ബാബു, ആടിന്റെ സംവിധായകൻ മിഥുൻ മാനുവൽ തോമസിനോട് ഇക്കാര്യം പറഞ്ഞു. എന്നാൽ ആദ്യം മിഥുൻ വലിയ താൽപര്യമൊന്നും കാണിച്ചില്ലെങ്കിലും സൈജുവിനെ പരിചയപ്പെട്ടതിന് ശേഷം സൈജു തന്നെ മതി എന്ന നിലപാടിലെത്തി.

പിന്നീട് സിനിമ കഴിയും വരെ ഇവർ താമസം വരെ ഒരു ഫ്ലാറ്റിലാക്കി. പിന്നീട് ആട് 2 ചെയ്യാൻ തീരുമാനമാകുന്നത് വരെ സൈജുവും മിഥുനും തമ്മിലുണ്ടായ ചർച്ചയുടെ പുറത്താണ്. ഒരു ദിവസം സൈജു എന്നെ ഫോൺ ചെയ്ത്, ആട് 2 ചെയ്യാമെന്നും, ഞാൻ മിഥുനെക്കൊണ്ട് സമ്മതിപ്പിട്ടുണ്ടെന്നും പറഞ്ഞു- വിജയ് ബാബു വ്യക്തമാക്കി.

നടൻ സൈജു കുറുപ്പും വിജയ് ബാബുവും അടുത്ത സുഹൃത്തുക്കളാണ്. പല പൊതുസ്ഥലങ്ങളിലും താരങ്ങൾ അത് വ്യക്തമാക്കിയിട്ടുമുണ്ട്. തങ്ങൾ തമ്മിൽ ഇതുവരെ യാതൊരു ഈഗോ പ്രശ്നവും ഉണ്ടായിട്ടില്ലെന്നാണ് സൈജു പറയുന്നത്. ട്രിവാൻഡ്രം ലോഡ്ജ് മുതലുള്ള തന്റെ സിനിമാ തെരഞ്ഞെടുപ്പുകളെല്ലാം വിജയ്ടെ കൂടെ നിർദേശം അനുസരിച്ചായിരുന്നു.

അതേസമയം, 2022 ഏപ്രിൽ 22 ന് മലയാള സിനിമയിലെ ഒരു പുതുമുഖ നടി, വിജയ് ബാബുവിനെതിരെ ലൈംഗികവും ശാരീരികവുമായ പീഡനം നടത്തിയെന്ന് ആരോപിച്ചതിനെ തുടർന്ന് നടനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പിന്നീട് നാലു ദിവസങ്ങള്‍ക്കുശേഷം വിജയ് ബാബു ഒരു ഫേസ്ബുക്ക് ലൈവിൽ വന്ന് “ഇരയാക്കപ്പെട്ടവൻ ” ആണെന്ന് അവകാശപ്പെട്ട് ആരോപണങ്ങൾ നിഷേധിക്കുകയും അപകീർത്തിക്കേസ് ഫയൽ ചെയ്യുമെന്ന് പറയുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഇരയുടെ പേര് വെളിപ്പെടുത്തിയതിന് ഐപിസി സെക്ഷൻ 228 എ പ്രകാരം പോലീസ് വിജയ് ബാബുവിനെതിരെ കൂടുതൽ കുറ്റം ചുമത്തുകയും ചെയ്തിരുന്നു. പിന്നീട് നാട് വിട്ട് ദുബായില്‍ പോയ വിജയ് ബാബുവിനായി എയര്‍പോട്ടുകളില്‍ പോലീസ് ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രസ്തുത സംഭവങ്ങൾക്കെല്ലാം ശേഷം വിജയ് ബാബു എങ്കിലും ചന്ദ്രികേ എന്ന ചിത്രത്തിലൂടെ വീണ്ടും ചലച്ചിത്രമേഖലയിലേക്ക് കടന്നു വരുന്നു.