”ഇപ്പോള്‍ ഏത് പടത്തിന് നോക്കിയാലും ഒമ്പതിന് മുകളിലാണ് റേറ്റിങ്, അപ്പോള്‍ പിന്നെ ഈ പടങ്ങള്‍ക്ക് മോശം റിവ്യൂ വരുന്നതെങ്ങനെ” റേറ്റിങ് ആപ്പുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് വിജയ് ബാബു| Vijay Babu| Film Rating | Bookmyshow
റേറ്റിങ് ആപ്പുകളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. ബുക്ക് മൈ ഷോ പോലുള്ള റേറ്റിങ് ആപ്പുകളില്‍ വരുന്ന റേറ്റിങ് തെറ്റാണെന്നും ഇത് പണം നല്‍കി ചെയ്യിക്കുന്നതാണെന്നുമുള്ള ആരോപണമാണ് വിജയ് ബാബു ഉന്നയിക്കുന്നത്. സിനിഫൈല്‍ അവാര്‍ഡ് ദാന ചടങ്ങിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബുക്ക് മൈ ഷോ ആപ്പ് ജനങ്ങള്‍ റേറ്റ് ചെയ്യുന്നതാണ് എന്നാണ് അവകാശപ്പെടുന്നത്. ഇത്രയും കൂടുതല്‍ റേറ്റിങ് കിട്ടിയ സിനിമകള്‍ വലിയ തോതില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നു. അപ്പോള്‍ ഇതുപോലുള്ള റേറ്റിങ് ആപ്പുകള്‍ക്ക് എത്രത്തോളം വിശ്വാസ്യതയുണ്ട് എന്ന ചോദ്യമാണ് വിജയ് ബാബു മുന്നോട്ടുവെക്കുന്നത്.
‘ബുക്ക് മൈ ഷോവില്‍ റേറ്റിങ് നോക്കിയാല്‍ എല്ലാ സിനിമകള്‍ക്കും ഒമ്പതിന് മുകളിലാണ് റേറ്റിങ്. അങ്ങനെയുള്ള സിനിമയെയാണ് വിമര്‍ശിക്കുന്നത്. അതായത് ഒമ്പതും ഒമ്പതേ പോയിന്റ് ഒമ്പതുമൊക്കെ റേറ്റിങ് ഉള്ള സിനിമകളെയാണ് വിമര്‍ശിക്കുന്നത്. അപ്പോള്‍ ഏതാണ് ശരി. ബുക്ക് മൈ ഷോ റേറ്റിങ് ശരിയാണോ?” എന്നാണ് അദ്ദേഹം ചോദിച്ചത്.
റേറ്റിങ് ആപ്പുകള്‍ക്ക് കൂടി സിനിമാ നിര്‍മ്മാതാവ് പണം കണ്ടെത്തേണ്ട അവസ്ഥയില്‍ എത്തിനില്‍ക്കുകയാണ് ഈ രംഗമെന്നും ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ സിനിമാ വ്യവസായം തകരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ഒരു സിനിമ ഇറങ്ങുമ്പോള്‍ പ്രൊഡ്യൂസറുടെ ബഡ്ജറ്റില്‍ നേരത്തെ ഔട്ട് ഡോര്‍ മാര്‍ക്കറ്റിങ്ങും, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്ങും പ്രിന്റ് ആഡ്, റേഡിയോ ആഡ് എന്നിവയാണുണ്ടായിരുന്നത്. ഇന്നിപ്പോള്‍ ഇതിനൊപ്പം തന്നെ റേറ്റിങ് ആപ്പ് റിവ്യൂസിനുവേണ്ടിയും തുക മാറ്റിവെക്കേണ്ടിവരികയാണ്. ഈ ബഡ്ജറ്റ് കൂടിക്കൊണ്ടിരിക്കുകയാണ്. അവസാനം ഇതെല്ലാം കൂടി തകരും. ഏകദേശം പ്രിന്റ് ആഡിനൊപ്പം എത്തി റേറ്റിങ്ങിന്റെ ബഡ്ജറ്റ്. കാരണം പബ്ലിക്കിന് ഇത് അറിയില്ല. ‘ അദ്ദേഹം പറയുന്നു.
മറ്റ് സിനിമകളുടെ കാര്യത്തില്‍ ഇങ്ങനെ ചെയ്യുമ്പോള്‍ അതിനോടൊപ്പം നില്‍ക്കാന്‍ വേണ്ടി തങ്ങളും അത് ചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണെന്നും വിജയ് ബാബു വെളിപ്പെടുത്തി. ‘ഒഴുക്കിന് അനുസരിച്ച് പോകണം. അല്ലെങ്കില്‍ ഇതെല്ലാം നിര്‍ത്തണം. പലവട്ടം ബുക്ക് മൈ ഷോയോട് ഇത് പറഞ്ഞിട്ടുള്ളതാണ്. അസോസിയേഷന്‍ അംഗമെന്ന നിലയില്‍ സംസാരിച്ചിട്ടുണ്ട്.
ഇത്രയും തുക മുടക്കി സിനിമ നിര്‍മിച്ചശേഷം റേറ്റ് ചെയ്യാന്‍ വേണ്ടി മാത്രം സ്വന്തം പടത്തിന്റെ ടിക്കറ്റെടുത്ത് മറ്റൊരാള്‍ക്ക് കൊടുക്കേണ്ട അവസ്ഥയിലേക്ക് മാറിയിരിക്കുന്നെന്നും. പിടിച്ചുനില്‍ക്കണമെങ്കില്‍ ഇത് ചെയ്യാതിരിക്കാന്‍ പറ്റില്ലയെന്ന അവസ്ഥയിലാണെന്നും വിജയ് ബാബു പറഞ്ഞു.