”സഹപ്രവർത്തകരേ, ഇത്തരം ഇത്തിൾക്കണ്ണികളെ കരുതിയിരിക്കുക, നോക്കുകൂലിക്കാരൻ എന്ന പ്രയോ​ഗത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് ഇദ്ദേഹം”; ആഞ്ഞടിച്ച് വിജയ് ബാബു| Vijay Babu| Yutuber | Enkilum Chandrike


ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്ന സിനിമയാണ് എങ്കിലും ചന്ദ്രികേ. റിലീസായി രണ്ടാഴ്ച പിന്നിടുമ്പോഴേക്കും ഈ മുഴുനീള കോമഡി ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനിടെ സിനിമക്കെതിരെ റിവ്യൂ ചെയ്ത ഒരു യൂട്യൂബർക്കെതിരെ പരസ്യമായി പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവായ വിജയ് ബാബു.

ഞങ്ങളുടെ “എങ്കിലും ചന്ദ്രികേ” എന്ന സിനിമയെക്കുറിച്ച് പോസിറ്റീവും പ്രതികൂലവുമായ നിരൂപണങ്ങൾ നൽകിയ എല്ലാ യഥാർത്ഥ ആളുകൾക്കും നന്ദി പറയാൻ ഈ അവസരം വിനിയോഗിക്കുന്നു എന്ന് പറഞ്ഞാണ് വിജയ് ബാബു തുടങ്ങുന്നത്. തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് താരം പ്രതികരിച്ചത്. സിനിമകളുടെ റേറ്റിംഗും റിവ്യൂസും ഭൂരിഭാഗവും പെയ്ഡ് ആണെന്നും വിജയ് ബാബു നേരത്തെ ആരോപണം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യൂട്യൂബർക്കെതിരെ താരം തുറന്നടിച്ചത്.

നാല് യുട്യൂബ് ചാനലുകളിൽ ഈ ചിത്രത്തെക്കുറിച്ച് വ്യത്യസ്തങ്ങളായ നെഗറ്റീവ് അഭിപ്രായങ്ങൾ പറഞ്ഞ ഒരു വ്യക്തിയുടെ സ്ക്രീൻ ഷോട്ടുകള് സഹിയം സോഷ്യൽ മീഡിയയിലൂടെയാണ് വിജയ് ബാബു ആരോപണം ഉയർത്തിയിരിക്കുന്നത്. പ്രസ്തുത വ്യക്തിയുടെ പേര് പറഞ്ഞ് അദ്ദേഹത്തെ വലിയവനാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് സിനിമയുടെ നോക്കുകൂലിക്കാർ എന്ന ഹെഡ്ഡിങ് നൽകിയാണ് പോസ്റ്റ് ആരംഭിക്കുന്നത്.

വിജയ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ

എങ്കിലും ചന്ദ്രികേ എന്ന ഞങ്ങളുടെ സിനിമയെക്കുറിച്ച് നല്ലതും മോശവും പറഞ്ഞ സത്യസന്ധരായ ആളുകളോട് നന്ദി പറയാൻ ഈ അവസരം ഉപയോഗിക്കുന്നു. നിങ്ങൾ പറയുന്ന പോസിറ്റീവുകളിൽ നിന്നാണ് ഞങ്ങൾ പ്രചോദനം ഉൾക്കൊള്ളാറ്. നെഗറ്റീവുകളിൽ നിന്ന് പഠിക്കാറുമുണ്ട്. ഏത് മാധ്യമത്തിൽ കൂടിയും പറയുന്ന പോസിറ്റീവും നെഗറ്റീവുമായ അഭിപ്രായ പ്രകടനങ്ങൾ ചലച്ചിത്ര നിർമ്മാതാക്കൾ എന്ന നിലയിൽ ഞങ്ങൾ സ്വീകരിക്കാറുണ്ട്. പക്ഷേ ചുവടെ കാണുന്നതുപോലെയുള്ള ചില പ്രത്യേക വ്യക്തികൾ അതിൽ നിന്ന് വ്യത്യസ്തരാണ്.

നോക്കുകൂലിക്കാരൻ എന്ന പ്രയോഗത്തിന് ഏറ്റവും നല്ല ഒരു ഉദാഹരണമാണ് ഇദ്ദേഹം. 15 മിനിറ്റുകൾക്കുള്ളിൽ നാല് യുട്യൂബ് ചാനലുകളിൽ തൻറെ റിവ്യൂസുമായി ഇദ്ദേഹം പ്രത്യക്ഷപ്പെട്ടു, അതും ചിത്രത്തിൻറെ ആദ്യ പ്രദർശനം അവസാനിക്കുന്നതിനു മുൻപേ.

നാല് ചാനലുകളില്‌‍ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ! ഒരു യുക്തിയുമില്ലാതെ. ഇത് പൊതുശ്രദ്ധയിലേക്ക് കൊണ്ടുവരാൻ ചിത്രത്തിൻറെ ഇനിഷ്യൽ പ്രദർശനം അവസാനിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു ഞാൻ. സഹപ്രവർത്തകരേ, ഇത്തരം ഇത്തിൾക്കണ്ണികളെ കരുതിയിരിക്കുക. ദൈവം അദ്ദേഹത്തെയും അനുഗ്രഹിക്കട്ടെ,