”വെള്ളമില്ല, പുക, മാലിന്യം, രോ​ഗങ്ങൾ”; കൊച്ചിയിലെ ജീവിതം നരകതുല്യയിത്തീർന്നെന്ന് വിജയ് ബാബു |Vijay Babu| Brahmapuram


ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീ പിടിത്തം കാരണം തുടർച്ചയായ എട്ടാം ദിവസവും കൊച്ചി നഗരവും പരിസര പ്രദേശങ്ങളും വിഷപ്പുകയിൽ തന്നെയാണ്. ഇതിനിടെ നടനും നിർമാതാവുമായ വിജയ് ബാബു പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. ഫേസ്ബുക്കിലൂടെയാണ് താരം തന്റെ അമർഷം അറിയിച്ചത്. താമസിക്കുന്ന ഫ്ലാറ്റിൽ നിന്നുള്ള ചിത്രവും റോഡരികിൽ മാലിന്യം കുന്നുകൂടി കിടക്കുന്നതിന്റെ ചിത്രങ്ങളും വിജയ് ബാബു പങ്കുവെച്ചിട്ടുണ്ട്.

‘വെള്ളം ഇല്ല…നഗരത്തിലാകെ മാലിന്യം കുന്നുകൂടുന്നു… പുക…ചൂട്… കൊതുകുകൾ.. രോഗങ്ങൾ… കൊച്ചിയിലെ ജീവിതം നരകമായി’, എന്നാണ് വിജയ് ബാബു സോഷ്യൽ മീഡിയയിൽ കുറിച്ചത്. മാലിന്യ പ്ലാന്റിലെ തീ പിടിത്തം കാരണം കൊച്ചി കോർപറേഷനിലെ 74 ഡിവിഷനുകളിൽ മാലിന്യനീക്കം നിലച്ചിട്ട് ഒരാഴ്ചയായി. വീടുകളിൽനിന്നും ഫ്ലാറ്റുകളിൽനിന്നുമുള്ള മാലിന്യങ്ങൾ റോഡിൽ ഉപേക്ഷിക്കുകയാണ്. റോഡിൽ ഉപേക്ഷിക്കപ്പെട്ട മാലിന്യ കൂമ്പാരങ്ങളുടെ ചിത്രങ്ങളും കുറിപ്പിനൊപ്പം വിജയ് പങ്കുവച്ചിട്ടുണ്ട്.

കടവന്ത്ര, വൈറ്റില, മരട്, പനമ്പള്ളി നഗർ മേഖലകളിൽ സ്ഥിതി അതിരൂക്ഷമാണ്. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുപരീക്ഷകൾക്ക് മാറ്റമില്ല. കൊച്ചി കോർപറേഷൻ, തൃക്കാക്കര, തൃപ്പുണിത്തുറ, മരട് നഗരസഭകളിൽ. വടവുകോട്–പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഫഷനൽ കോളജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്.

അതേസമയം, ബ്രഹ്മപുരത്തെ തീ കെടുത്താൻ പകൽ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും രാത്രിയും നടത്തുമെന്ന് മേയർ അനിൽകുമാർ അറിയിച്ചിട്ടുണ്ട്. ഇന്നലെ ഹൈക്കോടതിയിൽ നിന്നും രൂക്ഷവിമർശനം നേരിട്ടതിന് പിന്നാലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തരയോഗം ചേർന്ന് തീകെടുത്താനുള്ള ഊർജ്ജിത നടപടികളിലേക്ക് സർക്കാർ കടന്നിരുന്നു. മാലിന്യ സംസ്കരണത്തിന് സംസ്ഥാനത്ത് അടിയന്തര മാസ്റ്റർ പ്ലാൻ വേണമെന്നാണ് ഇന്നലെ സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചത്.

പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂന്ന് സ്ഥലങ്ങളിൽ സംസ്കരിക്കും. ജൈവമാലിന്യ സംസ്കരണത്തിനുള്ള വിൻഡ്രോ കന്പോസ്റ്റിംഗ് സംവിധാനത്തിൻറെ തകരാർ ഉടൻ പരിഹരിക്കും. ബ്രഹ്മപുരത്തേക്ക് റോഡ് സൗകര്യം ഉറപ്പാക്കും. പ്രവർത്തനങ്ങളുടെ മേൽനോട്ടം മേയറും കളക്ടറും ഉൾപ്പെട്ട സമിതിയ്ക്ക് ആണ്. ഈ തീരുമാനങ്ങൾ ഹൈക്കോടതിയെ അറിയിക്കും. വിവാദങ്ങൾക്കിടെ എൻഎസ്കെ ഉമേഷ് ഇന്ന് എറണാകുളം കളക്ടറായി ചുമതലയേറ്റു.