”അന്ന് കാവ്യാ മാധവൻ എന്നെ കൊല്ലാൻ നോക്കി, ആരുടെയോ ഭാഗ്യത്തിന് രക്ഷപ്പെട്ടു”; അനുഭവം തുറന്ന് പറഞ്ഞ് ഛായാഗ്രാഹകൻ ഉത്പൽ നായനാർ| Kavya Madhavan| Utpal Nayanar
കഴിഞ്ഞ 30 വർഷമായി തെന്നിന്ത്യൻ സിനിമയ്ക്ക് വേണ്ടി തന്റെ ക്യാമറ ചലിപ്പിച്ച പ്രശസ്ത ഛായാഗ്രഹകനാണ് ഉത്പൽ വി നായനാർ. കാസർകോടുകാരനായ ഇദ്ദേഹം 1992ൽ ശാമുണ്ടി എന്ന തമിഴ് സിനിമയ്ക്ക് വേണ്ടിയാണ് ആദ്യമായി തന്റെ ക്യാമറ ചലിപ്പിച്ചത്. 2007ൽ വിഎം വിനു സംവിധാനം ചെയ്ത സൂര്യൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു.
തന്റെ സിനിമാ ജീവിതത്തിലെ രസകരവും അതിലുപരി ഗൗരവവുമായ ഒരനുഭവം പങ്കുവയ്ക്കുകയാണ് അദ്ദേഹം. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. സിനിമാ ഷൂട്ടിങ്ങിന് ഇടയിൽ ഒരു അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഒരു അനുഭവമാണ് അദ്ദേഹം തുറന്ന് പറഞ്ഞത്. മമ്മൂട്ടിയും കാവ്യാ മാധവനും പ്രധാനവേഷത്തിലെത്തി ജോണി ആന്റണി സംവിധാനം ചെയ്ത ‘ഈ പട്ടണത്തിൽ ഭൂതം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച അപകടമാണ് അദ്ദേഹം വിവരിക്കുന്നത്.
സിനിമയിൽ കാവ്യ മാധവൻ ഓടിക്കുന്ന കാർ കൊക്കയിലേക്ക് മറിയുന്ന ഒരു രംഗമുണ്ട്. വിധി മറിച്ചായിരുന്നെങ്കിൽ ശരിക്കും കാർ കൊക്കയിലേക്ക് മറിഞ്ഞേനെ എന്നാണ് അദ്ദേഹം പറയുന്നത്. വളരെ പഴയ ഒരു കാറായിരുന്നു അത്. കാവ്യ കാർ ഓടിച്ച് കൊക്കയുടെ വക്ക് വരെ എത്തിയെന്നും ഒടുവിൽ ഒരു കല്ലിൽ ഇടിച്ച് നിന്നത് കൊണ്ട് മാത്രമാണ് തങ്ങൾ രക്ഷപ്പെട്ടതെന്നുമാണ് അദ്ദേഹം പറയുന്നത്.
”സർക്കസ് ടെന്റിൽ നിന്നും കാവ്യ കാറെടുത്ത് പോകും. അപ്പോൾ വില്ലന്മാർ കാവ്യയെ കൊല്ലാൻ പ്ലാൻ ചെയ്യും. ഇതിനായി കാറിന്റെ ബ്രേക്ക് ഫെയിൽ ചെയ്യും. അങ്ങനെ കാവ്യയുടെ കാർ വലിയൊരു കൊക്കയിലേക്ക് പോകുന്നതാണ് രംഗം. എവിടെ ചെയ്യാം എന്ന് കുറേ ആലോചിച്ചു. വലിയൊരു കുന്നിന്റെ മുകളിൽ നിന്നുമാണ് വണ്ടി വീഴുന്നതെങ്കിൽ ചെരിഞ്ഞു ചെരിഞ്ഞേ വീഴൂ. അതിനൊരു ഫീലുണ്ടാകില്ല. അങ്ങനെ കുറേ ലൊക്കേഷനുകൾ ആലോചിച്ചു.
അപ്പോഴാണ് എനിക്ക് വാഗമണ്ണിലെ പരുന്തുംപാറ എന്നൊരു സ്ഥലമുള്ളതായി ഓർമ്മ വരുന്നത്. അത് ഏകദേശം പത്തഞ്ഞൂറ് അടി ഡീപ്പാണ്. അല്ലാതെ കാറു പോയി നേരെ നിന്നു കഴിഞ്ഞാൽ അതിന്റെ ഭംഗി പോകും. കൊക്കയിലേക്ക് ഇടുന്ന കാർ പഴയ കാർ ആയിരിക്കണം. അമ്പതിനായിരമോ ഒരു ലക്ഷമോ കൊടുത്താൽ പഴയ വണ്ടി കിട്ടും. അത് കൊക്കയിലേക്ക് മറിച്ചാലും വലിയ നഷ്ടം വരില്ല. കണ്ടീഷനും മോശമായിരിക്കും ആ വണ്ടിയുടെ.
വലത് വശത്ത് കാവ്യയിരുന്ന് വണ്ടിയോടിക്കുന്നു. ഇടത് വശത്ത് ഞാൻ ക്യാമറയുമായി ഇരിക്കുന്നു. ചെറിയൊരു ഷോട്ടായതിനാൽ വേക്കറ്റ് ബേസ് ഉപയോഗിച്ചില്ല. ഞങ്ങൾ രണ്ടു പേർ മാത്രമാണ് കാറിലുള്ളത്. കാവ്യയുടെ ക്ലോസ് ഷൂട്ട് ചെയ്തു കൊണ്ടിരിക്കെ പെട്ടെന്ന് ഭയങ്കരമായൊരു സംഭവം നടന്നു. അത് പറയുമ്പോൾ ഇപ്പോഴും എന്റെ മനസിൽ പേടിയാണ്. ഇതുപോലെയുള്ള പല റിസ്‌ക്കുകളും നേരിടേണ്ടി വരും.
സാധാരണ മലയുടെ മുകളിലൂടെ പോകുമ്പോൾ മുകളിൽ നിന്നൊരു വ്യൂ കിട്ടണം. എന്നാൽ മാത്രമേ ആ ഡെപ്ത് കാണിക്കാൻ സാധിക്കുകയുള്ളൂ. കാവ്യ ഓടിച്ചു കൊണ്ടിരിക്കെ ഞാൻ ക്യാമറ പാൻ ചെയ്ത് സീറ്റിൽ നിന്നും എഴുന്നേറ്റ് ഡീപ്‌നെസ് കാണിക്കും. അതിന് ശേഷമാണ് കാർ മറിയേണ്ടത്. പെട്ടെന്ന്, പഴയ വണ്ടി ആയത് കൊണ്ടാകും, കാവ്യയ്ക്ക് ബ്രേക്ക് കിട്ടാതെ വന്നു. പത്ത് പതിനഞ്ചടി കഴിഞ്ഞാൽ കൊക്കയാണ്. എന്തോ ഭാഗ്യത്തിന് കാർ വലിയൊരു കല്ലിൽ തട്ടി നിന്നു. അതുകൊണ്ട് രണ്ടു പേരും രക്ഷപ്പെട്ടു.” – അദ്ദേഹം പറഞ്ഞു.