”കരിക്കിന്റെ വീഡിയോയിലെ ജാതീയത അവർ പറയുന്ന ചില വാക്കുകളിലുണ്ട്, പൂർണ്ണമായി വിമർശിക്കുകയല്ല”; വിവേചനം എങ്ങനെ വർക്ക് ചെയ്യുമെന്ന് അറിയാം; ഉണ്ണി വ്ലോ​ഗ്സ്| Unni Vlogs | Karikku Video |


കേരളത്തിൽ വളരെയധികം പ്രചാരമുള്ള വെബ് സീരീസാണ് കരിക്ക്. പലതരം കണ്ടന്റുകൾ ചെയ്ത് ചെയ്ത് കേരളത്തിലെ മൂന്നിലൊന്ന് പ്രേക്ഷകരെ സ്വന്തമാക്കാൻ കഴിഞ്ഞ കരിക്ക് ടീം മലയാളികളെ ചിരിപ്പിക്കുന്നതിനൊപ്പം ഇന്റേണലായി അറിഞ്ഞോ അറിയാതെയോ ജാതീയത പ്രകടിപ്പിക്കുന്നുണ്ട് എന്നാണ് വ്ലോ​ഗറായ ഉണ്ണി പറയുന്നത്. രണ്ട് വർഷം മുൻപ് ഉണ്ണി വ്ലോ​ഗ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇദ്ദേഹം ഇത് പറഞ്ഞത്.

അതിന് കാരണമായത് ആ സമയത്ത് ഇറങ്ങിയ ഒരു കരിക്ക് വീഡിയോയും. പ്രസ്തുത വീഡിയോയ്ക്ക് പത്ത് മില്യനിലധികം വ്യൂവേഴ്സ് ഉണ്ടായിരുന്നു, അതായത് കേരളത്തിലെ ജനസംഖ്യയുടെ മൂന്നിലൊന്ന്. അങ്ങന്റിനെ വരുമ്പോൾ കരിക്ക് ടീം കണ്ടന്റിന്റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കണമായിരുന്നു എന്നാണ് ഉണ്ണിയുടെ അഭിപ്രായം.

അതേസമയം കരിക്കിന്റെ വീഡിയോയിലെ ജാതീയത ചൂണ്ടിക്കാണിച്ച ഉണ്ണിക്കെതിരെ വ്യാപകമായ വിമർശനമാണ് ഉയർന്ന് വന്നത്. ഡൂൾന്യൂസിന് നൽകിയ അഭിമുഖത്തിൽ ഉണ്ണി വീണ്ടും അക്കാര്യം സംസാരിക്കുകയാണ്. ജാതീയത താൻ ജീവിതത്തിൽ നേരിട്ട് അനുഭവിച്ച ആൾ ആയത് കൊണ്ട് അത് എങ്ങനെ വർക്ക് ആവുമെന്ന് കൃത്യമായിട്ട് അറിയാം എന്നാണ് ഉണ്ണി പറയുന്നത്.

”കരിക്കിനെ പൂർണ്ണമായി വിമർശിക്കുന്നില്ല. അവർ പറയുന്ന ചില വാക്കുകൾ നോട്ട് ചെയ്യുന്നുണ്ട്. കാരണം ജാതീയമായ വിവേചനം എങ്ങനെ വർക്ക് ചെയ്യുമെന്ന് കുറെയൊക്കെ ഞാൻ ഫേസ് ചെയ്തിട്ടുണ്ട്. ഒരാളെ മാറ്റി നിർത്തുന്നതും ഒരാളോട് സംസാരിക്കുന്നതും കാണുമ്പോൾ എനിക്കത് മനസിലാവും. ഒരു വീഡിയോ എല്ലാവരെയും പോലെത്തന്നെയാണ് ഞാനും കാണുന്നത്.

എൻജോയ് ചെയ്യണം എന്ന് വിചാരിച്ച് തന്നെയാണ് അത് കൺസ്യൂം ചെയ്യുന്നത്. പക്ഷേ ചിലത് കാണുമ്പോൾ ഇത് അതല്ല പരിപാടി എന്ന് തോന്നും. ഒന്നുകിൽ അവർ ഉദ്ദേശിച്ചത് അതാകില്ല, പക്ഷേ വന്നത് അങ്ങനെയാണ്. അല്ലെങ്കിൽ പർപ്പസ്ഫുള്ളി അങ്ങനെത്തന്നെ ഉദ്ദേശിച്ചാവാം. കരിക്കിന്റെ വീഡിയോയ്ക്കുള്ളിൽ ജാതി കിടപ്പുണ്ടെന്ന് അത് ക്രിയേറ്റ് ചെയ്തവർ മനസിലാക്കുകയും അടുത്ത വീഡിയോ ചെയ്യുമ്പോൾ അങ്ങനെ വരാതിരിക്കുകയും ചെയ്താൽ മതി.

എത്രയോ വീഡിയോകൾക്ക് ശേഷമാണ് അങ്ങനെ പ്രോ​ഗ്രസീവ് എന്ന് തോന്നിക്കുന്ന കണ്ടന്റുകൾ ചെയത് കഴിഞ്ഞാൽ കൂടുതൽ ശ്രദ്ധിക്കപ്പെടുമെന്ന അവസ്ഥയിലേക്ക് അവർ എത്തിയത്. ഇതുപോലെ വിളിച്ച് പറയുന്ന ആരൊക്കെയോ കാരണമാണത്. ഞാൻ ആ കൂട്ടത്തിലേക്ക് എന്റെയൊരു സംഭാവന ഇട്ടു. ചിലപ്പോൾ തെറ്റാകാം, ചിലപ്പോൾ ശരിയാകാം, അതവിടെ കിടന്നോട്ടേ”- ഉണ്ണി വ്യക്തമാക്കി.