‘അയാള്‍ വളരെ മോശമായ ഭാഷയില്‍ ഉണ്ണിയുടെ അമ്മയ്ക്ക് വിളിച്ചു, പിന്നെ കണ്ടത് സിനിമയെ വെല്ലുന്ന ആക്ഷന്‍, ഉണ്ണി അയാളെ തൂക്കിയെടുത്ത് കാറിന് മുകളിലൂടെ എറിഞ്ഞു’; മേജര്‍ രവിയും ഉണ്ണി മുകുന്ദനും തമ്മില്‍ അന്ന് സംഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തി സംവിധായകന്‍


പട്ടാള സിനിമകള്‍ എന്ന് കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് ആദ്യം ഓര്‍മ്മ വരുന്ന പേരാണ് മേജര്‍ രവിയുടെത്. ഒരു സൈനികനായി ദീര്‍ഘകാലം രാജ്യസേവനം നടത്തിയ ശേഷമാണ് മേജര്‍ രവി സിനിമാ ലോകത്തേക്ക് ചുവടുവയ്ക്കുന്നത്. ആദ്യമായി സംവിധാനം ചെയ്ത കീര്‍ത്തിചക്ര എന്ന മോഹന്‍ലാല്‍ ചിത്രം വന്‍വിജയമായതോടെ തന്റെതായ ഇടം മലയാള സിനിമയില്‍ അദ്ദേഹം കണ്ടെത്തിക്കഴിഞ്ഞിരുന്നു.

കീര്‍ത്തിചക്രയ്ക്ക് ശേഷം രാജീവ് ഗാന്ധി വധത്തെയും അതിന്റെ അന്വേഷണത്തെയും ആസ്പദമാക്കി മിഷന്‍ 90 ഡേയ്‌സ്, ഇന്ത്യ-പാകിസ്താന്‍ യുദ്ധം പശ്ചാത്തലമാക്കി കുരുക്ഷേത്ര, ഭീകരവാദികള്‍ വിമാനം റാഞ്ചിയ സംഭവം പശ്ചാത്തലമാക്കി കാണ്ഡഹാര്‍, രാജ്യാതിര്‍ത്തികള്‍ ഭേദിക്കുന്ന സൗഹൃദത്തിന്റെ കഥ പറഞ്ഞ പിക്കറ്റ് 43, മോഹന്‍ലാലിനെ നായകനാക്കി കര്‍മ്മയോദ്ധ എന്നീ സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിരുന്നു.

സംവിധായകന്‍ എന്നതിലുപരി സിനിമാ നടനും സിനിമാ രചയിതാവുമാണ് മേജര്‍ രവി. കീര്‍ത്തിചക്ര എന്ന സിനിമയ്ക്ക് 2006 ലെ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം മേജര്‍ രവിക്ക് ലഭിച്ചിരുന്നു.

യുവനടനായ ഉണ്ണി മുകുന്ദനെ കുറിച്ചും മലയാളികള്‍ക്ക് പ്രത്യേകിച്ചൊരു ആമുഖത്തിന്റെ ആവശ്യമില്ല. നന്ദനത്തിന്റെ തമിഴ് റീമേക്കായ സീടനിലൂടെയാണ് ഉണ്ണി മുകുന്ദന്‍ വെള്ളിത്തിരയിലെത്തുന്നത്. ബോംബെ മാര്‍ച്ച് 12 എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ഉണ്ണി മലയാള സിനിമയിലേക്ക് പ്രവേശിക്കുന്നത്.

മല്ലൂസിങ് എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദന്‍ ആദ്യമായി നായകനാകുന്നത്. പിന്നീട് വിക്രമാദിത്യന്‍, കെ.എല്‍ പത്ത് 10, മാമാങ്കം എന്നിങ്ങനെ നിരവധി മലയാള സിനിമകളില്‍ അഭിനയിച്ച് മലയാള സിനിമയിലെ താരമായ ഉണ്ണി അടുത്തിടെ തന്റെതായ സിനിമാ നിര്‍മ്മാണ കമ്പനിയും ആരംഭിച്ചു. അടുത്തിടെ ഇറങ്ങിയ മേപ്പടിയാന്‍, ഷെഫീഖിന്റെ സന്തോഷം, മാളികപ്പുറം എന്നീ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മലയാളത്തിലെ അറിയപ്പെടുന്ന താരമായ ഉണ്ണി മുകുന്ദനും ശ്രദ്ധേയമായ സിനിമകളൊരുക്കിയ സംവിധായകനായ മേജര്‍ രവിയും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്ന വാര്‍ത്ത അറിയാത്തവരായി ആരുമില്ല. ഉണ്ണി മുകുന്ദന്‍ മേജര്‍ രവിയെ തല്ലി എന്നൊരു ഒറ്റവരി മാത്രമാണ് പലരുടെയും ഇക്കാര്യത്തിലെ അറിവ്. പിന്നീട് അവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ സംസാരിച്ച് തീര്‍ത്തുവെന്ന വാര്‍ത്തയും വന്നിരുന്നു.

എന്നാല്‍ ഉണ്ണി മുകുന്ദനും മേജര്‍ രവിയും തമ്മിലുള്ള പ്രശ്‌നം എന്തായിരുന്നു, എന്തിനാണ് രവിയെ ഉണ്ണി തല്ലിയത്, എന്താണ് അന്ന് അവിടെ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്നീ സംശയങ്ങള്‍ ഉത്തരം കിട്ടാതെ മലയാളികള്‍ക്കുള്ളിലുണ്ടായിരുന്നു. അറിയാന്‍ ഏറെ ആഗ്രഹമുണ്ടായിരുന്നിട്ടും അതറിയാനൊരു വഴിയുമില്ലാതിരുന്ന മലയാളി പ്രേക്ഷകര്‍ ആ വിഷയം ഒഴിവാക്കുകയായിരുന്നു.

ഇപ്പോഴിതാ, അന്ന് യഥാര്‍ത്ഥത്തില്‍ നടന്നത് എന്താണ് എന്ന് വിശദീകരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മലയാളത്തിലെ ഒരു സംവിധായകന്‍. ലൈറ്റ് ക്യമറ ആക്ഷന്‍ എന്ന തന്റെ സ്വന്തം യൂട്യൂബ് ചാനലില്‍ പ്രസിദ്ധീകരിച്ച വീഡിയോയിലാണ് സംവിധായകനായ ശാന്തിവിള ദിനേശ് ഉണ്ണി മുകുന്ദനും മേജര്‍ രവിയും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ വിശദീകരിച്ചത്.

ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്റെ എക്‌സിക്യൂട്ടീവ് അംഗമായിരിക്കെ മേജര്‍ രവി നല്‍കിയ പരാതി വായിച്ചിട്ടുണ്ടെന്നും എന്താണ് സംഭവിച്ചത് എന്ന് അതില്‍ വ്യക്തമായി വിശദീകരിച്ചിട്ടുണ്ടെന്നും ശാന്തിവിള ദിനേശ് പറയുന്നു. തന്നെ ഉണ്ണി മുകുന്ദന്‍ എടുത്ത് കാറിന് മുകളിലൂടെ മറുവശത്തേക്ക് ഇട്ടുവെന്ന് പരാതിയിലുണ്ടായിരുന്നുവെന്നും ദിനേശ് പറയുന്നു.

‘ജോഷി സാറിന്റെ സലാം കാശ്മീര്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവമുണ്ടായത്. ആ ചിത്രത്തിലെ ഫൈറ്റ് എടുക്കുന്ന സമയമായിരുന്നു. ജോഷി സാറ് ഫൈറ്റ് കാണാനായി ഉണ്ണി മുകുന്ദനെ വിളിച്ചു. അങ്ങനെയാണ് ഉണ്ണി മുകുന്ദന്‍ സെറ്റിലെത്തുന്നത്. അവിടെ മേജര്‍ രവിയും ഉണ്ടായിരുന്നു.’ -ശാന്തിവിള ദിനേശ് പറഞ്ഞു.

‘മേജര്‍ രവിയുടെ ഏതോ ഒരു പടം – നടക്കാതെ പോയ പടമാണോ നടന്ന പടമാണോ എന്ന് അറിയില്ല – ആ പടത്തില് ഉണ്ണി മുകുന്ദന്‍ അഭിനയിക്കാന്‍ ചെല്ലാമെന്ന് പറഞ്ഞിട്ട് പോയില്ല. എന്തോ കാരണം കൊണ്ട് ആ പടം വേണ്ടാന്ന് വച്ചു. ഉണ്ണി മുകുന്ദന്‍ സലാം കാശ്മീരിന്റെ ഫൈറ്റ് കാണാനായി പോകുമ്പോഴാണ് മേജര്‍ രവി ഫൈറ്റ് കണ്ട് തിരിച്ച് വരുന്നത്. വഴിയില്‍ വച്ചാണ് രണ്ട് പേരും തമ്മില്‍ കണ്ടത്.’

‘അപ്പോള്‍ മേജര്‍ വളരെ മോശം ഭാഷയില്‍ ഉണ്ണി മുകുന്ദന്റെ അമ്മയെ തെറി വിളിച്ചു. ഹിന്ദിയിലാണ് തെറി വിളിച്ചത്. ഹിന്ദി നന്നായി അറിയാവുന്ന ആളാണല്ലോ മേജര്‍. ആദ്യം ഉണ്ണി മുകുന്ദന്‍ സൗമ്യമായി പറഞ്ഞു, സാര്‍, എന്റെ അമ്മയെ ചീത്ത പറയരുത്, നിങ്ങള് പറയുന്ന ഭാഷ ശരിയല്ല, ചീത്ത വിളിക്കരുത്. പക്ഷേ മേജര്‍ വീണ്ടും തെറി വിളിച്ച് സംസാരിച്ചു. ഗുജറാത്തില്‍ ജനിച്ച് വളര്‍ന്ന് കേരളത്തില്‍ ജീവിക്കുന്ന ഉണ്ണി മുകുന്ദന് ഹിന്ദി അറിയാമെന്ന് ചിലപ്പൊ മേജര്‍ക്ക് മനസിലായിക്കാണില്ല.’ -ശാന്തിവിള ദിനേശ് പറഞ്ഞു.

‘പിന്നെ ഉണ്ണി മുകുന്ദന്‍ ചെയ്തത് സിനിമയിലൊക്കെ കാണുന്ന പോലുള്ള ആക്ഷനായിരുന്നു. നല്ല തടിമുടുക്കും ഉയരവുമുള്ള ആളാണ് ഉണ്ണി മുകുന്ദന്‍. മലയാള സിനിമയിലെ നല്ല ബോഡി ബില്‍ഡറാണ്. ഉണ്ണി പുല്ല് പോലെ, പുഷ്പം പോലെ മേജറെ തൂക്കിയെടുത്ത് അവിടുണ്ടായിരുന്ന കാറിന്റെ മേലെ കൂടെ അപ്പുറത്തേക്ക് ഇട്ടു. ആലോചിച്ച് നോക്കൂ, രാജീവ് ഗാന്ധി കേസില്‍ ശിവരശനെയൊക്കെ പിടിക്കാന്‍ പോയ മേജര്‍ കാറിന്റെ മേലെ കൂടെ പറന്നു.’ -ശാന്തിവിള ദിനേശ് പറഞ്ഞു.

‘അപ്പൊ നിങ്ങള് ചോദിക്കും, നിങ്ങളിതെങ്ങനെ അറിഞ്ഞുവെന്ന്. അങ്ങനെ ചോദിക്കരുത്. കാരണം, ഞാന്‍ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്റെ എക്‌സിക്യൂട്ടീവില്‍ ഉള്ളപ്പോഴാണ് ലേലു ഏലേലൂ ലേലു അല്ലൂ എന്ന് പറഞ്ഞ് മേജര്‍ രവീടെ പരാതിക്കത്ത് വന്നത്. ആ കത്തില്‍ ഇക്കാര്യങ്ങളെല്ലാം വ്യക്തമായി എഴുതിയിട്ടുണ്ട്, ‘എന്നെ ഉണ്ണി മുകുന്ദന്‍ കാറിന്റെ മുകളിലൂടെ അപ്പുറത്തേക്ക് ഇട്ടു’ എന്ന്. ഞങ്ങള് ചര്‍ച്ച ചെയ്ത വിഷയമാണ് ഇത്. സത്യത്തില്‍ എനിക്ക് നാണം തോന്നി. മേജറെ പോലെ ഒരാള് ഉണ്ണി മുകുന്ദനെ പോലൊരു കൊച്ച് പയ്യന്‍ എന്നെ കാറിന് മുകളിലൂടെ എടുത്ത് അപ്പുറത്തിട്ട് ഇടിച്ചു എന്നൊക്കെ പറയുന്നത് മോശമാണ്. ഞാന്‍ അങ്ങനെ തന്നെ കമ്മിറ്റിയില്‍ പറഞ്ഞു. അവസാനം രണ്ട് കൂട്ടരെയും വിളിച്ച് സംസാരിച്ച് ഞങ്ങള്‍ ആ പ്രശ്‌നം അങ്ങ് ഒതുക്കി.’ -ശാന്തിവിള ദിനേശ് പറഞ്ഞു നിര്‍ത്തി.

Content Highlights / English Summary: Malayalam film director Santhivila Dinesh reveals what exactly happened between Major Ravi and Unni Mukundan fight, in his youtube channel Lights Action Camera.