”ഞാന്‍ ശരിക്കും വിചാരിച്ചിരുന്നത് ചാക്കോച്ചന്റെ എല്ലാ സിനിമകളും എനിക്ക് കിട്ടുമെന്നാണ്, എല്ലാവരും പറയും ഒരു റൊമാന്റിക് ഹീറോയെ പോലെയുണ്ടെന്ന്, എന്നാല്‍ ഇതുവരെ കരിയറില്‍ എനിക്കൊരു റൊമാന്റിക് സിനിമ കിട്ടിയിട്ടില്ല.” വിഷമം പങ്കുവെച്ച് നടന്‍ ഉണ്ണിമുകുന്ദന്| Unni Mukundan
മല്ലു സിംഗ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ ശ്രദ്ധനേടിയ നടനാണ് ഉണ്ണി മുകുന്ദന്‍. കരിയറില്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടിയ സിനിമകള്‍ വിരലിലെണ്ണാവുന്നത് മാത്രമേയുള്ളൂവെങ്കിലും സിനിമാ മേഖലയില്‍ ഇതിനകം തന്നെ തന്റെ നിലയുറപ്പിക്കാന്‍ ഉണ്ണിമുകുന്ദന് കഴിഞ്ഞിട്ടുണ്ട്. നടന്‍ എന്നതിനപ്പുറം ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്കും കൂടി ശ്രദ്ധപതിപ്പിച്ചിരിക്കുകയാണ് അദ്ദേഹമിപ്പോള്‍.
ഫിറ്റ്‌നസ് കാര്യങ്ങളില്‍ ഉണ്ണി മുകുന്ദന്‍ കാണിക്കുന്ന താല്‍പര്യം പരസ്യമാണ്. തന്റെ ശരീരം ഫിറ്റായി കാത്തുസൂക്ഷിക്കുന്നതിലും ഭക്ഷണം നിയന്ത്രിക്കുന്നതിലുമെല്ലാം അദ്ദേഹം കാണിക്കുന്ന താല്‍പര്യവും ശ്രദ്ധയും സഹതാരങ്ങളും പലതവണ എടുത്തുപറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈശരീരം ചില ഘട്ടത്തില്‍ തനിക്ക് ബാധ്യതയായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറയുന്നത്.
” ഞാന്‍ ശരിക്കും വിചാരിച്ചത് ചാക്കോച്ചന്റെ എല്ലാ സിനിമകളും എനിക്ക് കിട്ടുമെന്നാണ്. പക്ഷേ… മല്ലു സിംഗ് വിജയിച്ചപ്പോള്‍ ആക്ഷന്‍ രംഗങ്ങളാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. കാണുമ്പോള്‍ എല്ലാവരും പറയും ഒരു റൊമാന്റിക് ഹീറോ പോലെയുണ്ടെന്ന്. എന്നാല്‍ ഇതുവരെ കരിയറില്‍, ഒന്നോ രണ്ടോ പാട്ടുകളല്ലാതെ, എനിക്കൊരു റൊമാന്റിക് സിനിമ ഇതുവരെ കിട്ടിയിട്ടില്ല.”
ഒരു ഘട്ടത്തില്‍ തനിക്ക് ശരീരം ഒരു ബാധ്യതയായിരുന്നെന്നും അതുകൊണ്ടാണ് മേപ്പടിയാന്‍ എന്ന ചിത്രത്തില്‍ 20 കിലോ വണ്ണം കൂട്ടിയിട്ട് അഭിനയിച്ചതെന്നും ഉണ്ണി വ്യക്തമാക്കുന്നു. ” ആ സിനിമയില്‍ ജയകൃഷ്ണന്‍ എന്ന കഥാപാത്രത്തിന് അത്രയും വണ്ണം ആവശ്യമില്ലായിരുന്നു. പക്ഷേ അതെന്റെയൊരു സ്റ്റേറ്റ്‌മെന്റായിരുന്നു, എനിക്കത് പറ്റുമെന്നുള്ള സ്റ്റേറ്റ്‌മെന്റ്. എന്റെ ശരീരം ഒരു അലങ്കാര വസ്തുവായിട്ട് കൊണ്ടുപോകുകയല്ല. അതെന്റെ പേഴ്‌സണല്‍ ലൈഫാണ്.”
അതേസമയം തന്റെ ശരീരം കാത്തുസൂക്ഷിക്കുന്നത് ജീവിതശീലത്തിന്റെ ഭാഗമായി വന്നതാണെന്നും ഈ ശരീരത്തിന്റെ കാര്യത്തില്‍ അഭിമാനമുണ്ടെന്നും ഉണ്ണി പറഞ്ഞുവെക്കുന്നു. ”മറ്റുള്ളവര്‍ അസൂയയോടെ നോക്കി കാണുന്നതാണ് തന്റെ ശരീരമെന്ന് അറിയാം. കുട്ടിക്കാലം മുതല്‍ നന്നായി എക്‌സസൈസ് ചെയ്യുമായിരുന്നു. അമ്മ പറഞ്ഞിട്ടാണ് വ്യായാമം ചെയ്യാന്‍ തുടങ്ങിയത്. പിന്നീടത് ഹരമായി മാറി. സിനിമയിലെത്തിയപ്പോള്‍ മല്ലു സിംഗില്‍ ഇങ്ങനെയുള്ള ശരീരമുള്ളതുകൊണ്ട് ചെയ്ത കഥാപാത്രം ആളുകള്‍ക്ക് ഉള്‍ക്കൊള്ളാനായി.”