”രതീഷിനെ എല്ലാവരും ചൂഷണം ചെയ്തു, അദ്ദേഹത്തിന്റെ റൂമിൽ ചെന്നാൽ എപ്പോഴും അഞ്ചാറ് നടൻമാരുണ്ടാകും”; തുറന്ന് പറച്ചിലുമായി സംവിധായകൻ| TS Suresh | Ratheesh


മലയാളത്തിലെ മുൻനിര അഭിനേതാക്കളിലൊരാളായിരുന്നു നടൻ രതീഷ്. നടൻ ജയന്റെ മരണശേഷം എൺപതുകളെ അടക്കി വാണ നടൻ ഇദ്ദേഹമാണെന്ന് പറയാം. 1977ൽ സിനിമാമേഖലയിൽ എത്തിയിട്ടുണ്ടെങ്കിലും 1979ൽ കെ ജി ജോർജ് സംവിധാനം ചെയ്ത ഉൾക്കടൽ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് രതീഷ് പ്രശസ്തനാകുന്നത്. 1981ൽ പുറത്തിറങ്ങിയ തുഷാരം എന്ന ഐ വി ശശി ചിത്രത്തിലാണ് ആദ്യമായി നായകനാവുന്നത്.

1981 മുതൽ 1988 വരെയുള്ള കാലഘട്ടത്തിലാണ് രതീഷ് മലയാളസിനിമയിൽ സജീവമായിരുന്നത്. 1990 ഓടെ രതീഷ് ചലച്ചിത്രരംഗത്ത് നിന്നും പൂർണ്ണമായും വിട്ടുനിന്നു. നാലു വർഷത്തെ ഇടവേളയ്ക്കുശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മീഷ്ണർ എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്തേക്ക് വീണ്ടും കടന്നുവന്നെങ്കിലും പിടിച്ച് നിൽക്കാനായില്ല. 2002ൽ ആയിരുന്നു താരം ലോകത്തോട് വിട പറഞ്ഞത്.

ഇപ്പോൾ രതീഷിനെക്കുറിച്ച് ഓർക്കുകയാണ് സംവിധായകൻ ടിഎസ് സുരേഷ് ബാബു. ആര് എന്ത് ചോദിച്ചാലും ചെയ്ത് കൊടുക്കുന്നയാളാണ് രതീഷ് എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തെ എല്ലാവരും ചൂഷണം ചെയ്യുകയായിരുന്നു. എല്ലാവരോടും വളരെയധികം സ്നേഹത്തോടെ പെരുമാറുന്ന രതീഷിന്റെ മുറിയിൽ ചെന്ന് നോക്കിയാൽ എപ്പോഴും അഞ്ചാറ് നടൻമാരെ കാണാൻ കാണാം. ആരെങ്കിലും വിളിച്ചാൽ ഷൂട്ടിങ്ങ് എല്ലാം മാറ്റിവെച്ച് അവരുടെ കൂടെ പോകുമെന്നും ടിഎസ് സുരേഷ് ബാബു ഓർക്കുന്നു.

”രതീഷിനെ സംബന്ധിച്ചിടത്തോളം നല്ല വ്യക്തിയാണ്. ആളുകൾക്ക് വാരിക്കോരി സഹായങ്ങൾ ചെയ്യും. അദ്ദേഹത്തിന്റെ റൂമിലേക്ക് ചെല്ലുകയാണെങ്കിൽ അഞ്ചാറെണ്ണം അവിടവിടെയായി കിടക്കുന്നത് കാണാം. ഒരു നടൻ അവിടെ കിടക്കും, ഒരു നടൻ ഇവിടെ കിടക്കും, ഒരാൾ ബാത്ത്റൂമിലായിരിക്കും, അത്രയ്ക്കും ഓപ്പൺ ആയിരുന്നു അദ്ദേഹം. വളരെ പാവമായത് കൊണ്ട് ആളുകൾ പറയുന്ന പലതിനും യെസ് മൂളും.

സിനിമയിൽ നല്ല മാർക്കറ്റ് ഉള്ള സമയത്ത് ആരോ പറഞ്ഞു മാഞ്ചിയം കൃഷി ചെയ്താൽ വളരെ നല്ലതാണെന്ന്. കംപ്ലീറ്റ് അഭിനയം നിർത്തി വെച്ച് മാഞ്ചിയം കൃഷി ചെയ്യാൻ പോയി. രതീഷ് പാവമാണ്. പുള്ളിയെ ഒത്തിരി പേർ ചൂഷണം ചെയ്തു എന്നേ ഞാൻ പറയു. ഡയറക്ഷൻ എന്ന് പറഞ്ഞ് കുറെ പേർ വന്ന് അങ്ങനെയും കുറെ പണം നഷ്ടപ്പെടുത്തി. വളരെ നല്ല ആളായിരുന്നു രതീഷ്. ഒരാൾ നന്നാവുന്നത് ആർക്കും ഇഷ്ടമാവില്ലല്ലോ, എനിക്ക് തോന്നുന്നത് അങ്ങനെയൊക്കെ പെട്ട് പോയതാവും”- ടിഎസ് സുരേഷ് ഓർക്കുന്നു.