“നിങ്ങൾക്കിതിൽ നിന്ന് മുക്തി നേടാൻ സാധിക്കട്ടേ, ഉള്ളിലെ ഭാരത്തെ ഇറക്കി വെക്കാൻ ശ്രമിക്കുക”; മംമ്ത മോഹൻദാസ്


ഇന്ന് ഫെബ്രുവരി 4, ലോക കാൻസർ ദിനമാണ്. മൂന്ന് വർഷത്തേക്ക് അതായത് 2022, 2023, 2024-ലെ ലോക കാൻസർ ദിനത്തിന്റെ തീം ‘ക്ലോസ് ദ കെയർ ഗ്യാപ്പ്’ എന്നതാണ്. കാൻസർ രോഗികളുടെ പരിചരണത്തെ അസമത്വങ്ങൾ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും ഈ രോഗത്തിനെതിരെ പോരാടാൻ ഉന്നത അധികൃതരിൽ സമ്മർദ്ദം ചെലുത്തുന്നതിലുമാണ് ഈ ബഹുവർഷ കാമ്പെയ്ൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കാൻസർ രോ​ഗത്തെ അതിജീവിച്ച നിരവധി പേരാണ് ഇന്നത്തെ ദിവസം സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നത്. നടി മംമ്ത മോഹൻദാസും ആളുകളെ മോട്ടിവേറ്റ് ചെയ്യുന്ന ഒരു കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ഇന്റ​ഗ്രാമിലും താരം ഇതേ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. തന്റെ ഫോട്ടോയ്ക്കൊപ്പമാണ് കുറിപ്പെഴുതിയിരിക്കുന്നത്.

രണ്ടു തവണ കാൻസറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ നടിയാണ് മംമ്ത മോഹൻദാസ്. കൃത്യമായ ചികിത്സയ്ക്കൊപ്പം തന്നെ മനക്കരുത്തുകൊണ്ട് കൂടിയാണ് മംമ്ത സാധാരണ ജീവിതത്തിലേക്ക് തിരിച്ച് കയറിയത്. ഇന്നിവർ മറ്റുള്ളവർക്ക് തികച്ചും പ്രചോദനമേകുന്ന വ്യക്തിത്വം തന്നെയാണ്.

“സ്വയം കരുണയുള്ളവരായിരിക്കുക. നിങ്ങളുടെ ഉള്ളിലെ ഭാരത്തെയിറക്കി വയ്ക്കാൻ ശ്രമിക്കുക. ലോക കാൻസർ ദിനത്തിൽ ഒരു ചെറിയ ഓർമപ്പെടുത്തൽ. നിങ്ങൾക്ക് ഇതിൽ നിന്ന് മുക്തി നേടാൻ സാധിക്കട്ടെ.”- ഇങ്ങനെയായിരുന്നു മംമ്ത ഫേസ്ബുക്കിൽ കുറിച്ചത്. ആരാധകരടക്കം നിരവധി പേരാണ് മംമ്തയോട് സ്നേഹവും ആദരവും അറിയിച്ചത്. മംമ്ത മറ്റുള്ളവർക്ക് പകർന്നുനൽകിയിട്ടുള്ള ഊർജ്ജത്തെ കുറിച്ച് തന്നെയാണ് എല്ലാവരും ഓർമ്മിപ്പിക്കുന്നത്.

പരീക്ഷണങ്ങൾ അവസാനിക്കുന്നില്ലെന്നും പുതിയൊരു അസുഖവുമായുള്ള പോരാട്ടത്തിലാണ് താനെന്നും മംമ്ത കുറച്ചു ദിവസങ്ങൾക്ക് മുൻപ് പറഞ്ഞിരുന്നു. അപ്പോഴും പ്രതിസന്ധികളോട് സന്ധി ചെയ്യാതെ പോരാടി മുന്നോട്ട് പോകുന്നതിനെ കുറിച്ച് തന്നെയാണ് മംമ്ത പറഞ്ഞിരുന്നതും. ഓട്ടോ ഇമ്യൂൺ അസുഖമായ വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക് രോഗമാണ് തനിക്കെന്ന് ഹാഷ് ടാഗുകളിൽ മംമ്ത സൂചിപ്പിക്കുന്നു.