‘എന്റെ പ്രണയം എന്റെ സ്വകാര്യത, മറ്റുള്ളവര്‍ അതില്‍ ഇടപെടേണ്ട, വിവാഹശേഷം ദുബായില്‍ സെറ്റില്‍ ചെയ്യണമെന്നാണ് ആഗ്രഹം’; മനസ് തുറന്ന് ട്രാന്‍സ്‌ജെന്റര്‍ താരം അഞ്ജലി അമീര്‍ | Anjali Ameer


പേരന്‍പ് എന്ന ചിത്രത്തിലൂടെ മെഗാതാരം മമ്മൂട്ടിയ്‌ക്കൊപ്പം വെള്ളിത്തിരയിലേക്ക് അരങ്ങേറിയ താരമാണ് അഞ്ജലി അമീര്‍. മീര എന്ന കഥാപാത്രമായാണ് പേരന്‍പില്‍ അഞ്ജലി എത്തിയത്. മോഡലിങ് രംഗത്ത് നിന്നാണ് അഞ്ജലി സിനിമയിലെത്തുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ സീസണ്‍ ഒന്നിലും അഞ്ജലി മത്സരാര്‍ത്ഥിയായിരുന്നു.

പേരന്‍പിന് പുറമെ സുവര്‍ണ്ണപുരുഷന്‍, സൂചിയും നൂലും എന്നീ ചിത്രങ്ങളിലും അഞ്ജലി വേഷമിട്ടിട്ടുണ്ട്. കൂടാതെ ഏഷ്യാനെറ്റ് പ്ലസിലെ റണ്‍ ബേബി റണ്‍, ഫ്‌ളവേഴ്‌സ് ടി.വിയിലെ കോമഡി ഉത്സവം, മഴവില്‍ മനോരമയിലെ കോമഡി സര്‍ക്കസ് എന്നീ ടെലിവിഷന്‍ പരിപാടികളിലും അഞ്ജലി അതിഥിയായി മലയാളി പ്രേക്ഷകരുടെ സ്വീകരണമുറികളില്‍ എത്തിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവസാന്നിധ്യമായ അഞ്ജലി ഫോട്ടോഷൂട്ട് ചിത്രങ്ങളും സിനിമാവിശേഷങ്ങളുമെല്ലാം അവിടെ പങ്കുവയ്ക്കാറുണ്ട്. വളരെ മനോഹരമായ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന അഞ്ജലിയുടെ എല്ലാ ചിത്രങ്ങള്‍ക്കും ആയിരക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് ലഭിക്കുന്നത്.

വലിയ പോരാട്ടങ്ങള്‍ക്കൊടുവിലാണ് അഞ്ജലി അമീര്‍ ഇന്നീ നിലയിലെത്തിയിരിക്കുന്നത്. ശരീരം കൊണ്ട് ആണായി പിറവിയെടുത്ത അഞ്ജലി മനസുകൊണ്ട് സ്ത്രീയായിരുന്നു. ട്രാന്‍സ്‌ജെന്ററാണെന്ന് തുറന്ന് പറഞ്ഞ അഞ്ജലി സ്വയം വെട്ടിത്തെളിച്ച വഴിയിലൂടെയാണ് മുന്നോട്ട് പോയത്.

തന്റെ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് അഞ്ജലി. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ പല കാര്യങ്ങളും തുറന്ന് പറഞ്ഞിരിക്കുന്നത്. തന്റെ ഫാഷന്‍ സങ്കല്‍പ്പത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം അഭിമുഖത്തില്‍ അഞ്ജലി തുറന്ന് പറഞ്ഞിട്ടുണ്ട്.

‘ഒറ്റയ്ക്കാണ് ഷോപ്പിങ്ങിന് പോകുന്നത്. അഥവാ ആരെങ്കിലും ഒപ്പമുണ്ടെങ്കിലും ഞാനവരെ സഹായത്തിന് വിളിക്കാറില്ല. വസ്ത്രങ്ങള്‍ സ്വയം തിരഞ്ഞെടുക്കുന്നതാണ് ഇഷ്ടം. ആരെങ്കിലും പറഞ്ഞത് കേട്ട് വാങ്ങിയാലും കുറച്ച് കഴിയുമ്പോള്‍ എനിക്കത് ഇഷ്ടമല്ലാതാകും. പിന്നെ ഇടില്ല. അതുകൊണ്ടാണ് ഷോപ്പിങ്ങിന് ആരെയും കൂടെ കൂട്ടാത്തത്.’ -അഞ്ജലി പറയുന്നു.

‘വെള്ളയും കറുപ്പുമാണ് ഇഷ്ടനിറങ്ങള്‍. രണ്ടിനോടും ഒരുപോലെ ഇഷ്ടമാണ്. എന്റെ വസ്ത്രങ്ങള്‍ നോക്കൂ, ഭൂരിഭാഗവും ഈ നിറങ്ങളിലുള്ളതാണ്. വെസ്‌റ്റേണ്‍ ഡ്രസ്സുകളില്‍ ബ്രാന്റ് നോക്കാറേയില്ല. വ്യത്യസ്തമായ വസ്ത്രങ്ങളാണ് വേണ്ടതെങ്കില്‍ ബ്രാന്റ് നോക്കിയാല്‍ നടക്കില്ല.’

‘മോഡലിങ്ങിലും സിനിമയിലും എത്തിപ്പെടുക എന്നതിനെക്കാള്‍ പ്രയാസം അത് തുടര്‍ന്ന് പോകാനാണ്. കിട്ടുന്ന കഥാപാത്രങ്ങളെല്ലാം ട്രാന്‍സ് വുമണിന്റെതായാല്‍ മുന്നോട്ട് പോക്ക് പ്രയാസമാണ്. മാറിച്ചിന്തിക്കണം എന്നുള്ളതിനാല്‍ ഞാന്‍ എല്ലാത്തരം വേഷങ്ങളും ചെയ്യും. വിവിധതരം വേഷങ്ങള്‍ നല്‍കാന്‍ സംവിധായകരും നിര്‍മ്മാതാക്കളും തയ്യാറാകണം. അതൊരു വലിയ വെല്ലുവിളി തന്നെയാണ്.’

‘എന്റെ പ്രണയം എന്റെ മാത്രം സ്വകാര്യതയാണ്. ഉണ്ടെന്നോ ഇല്ലെന്നോ പറയുന്നില്ല. അഥവാ അങ്ങനെ ഒരു വ്യക്തി ഉണ്ടെങ്കില്‍ അയാളുടെ സ്വകാര്യത കൂടി ഞാന്‍ പരിഗണിക്കേണ്ടതുണ്ട്. ഇഷ്ടങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകും. അത് ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാത്തിടത്തോളം കാലം മറ്റുള്ളവര്‍ അതിലിടപെടേണ്ട കാര്യമില്ല എന്നാണ് എന്റെ അഭിപ്രായം.’

‘സ്വന്തമായി ബിസിനസ് തുടങ്ങണം. നല്ലൊരാളെ വിവാഹം ചെയ്യണം. എന്നിട്ട് ഞങ്ങള്‍ക്ക് ദുബായില്‍ സെറ്റില്‍ ആകണം. ഒരു വീട് വയ്ക്കണം. എല്ലാ സ്ത്രീകളെയും പോലെ ഇതൊക്കെയാണ് എന്റെയും ആഗ്രഹം.’ -അഞ്ജലി അമീര്‍ പറഞ്ഞ് നിര്‍ത്തി.

English Summary / Content Highlights: Transgender model and actress Anjali Ameer opens up her personal matters including love, relationship, dreams, costumes, etc.