‘ഇതിഹാസതുല്യമായ ഒരനുഭവം അവസാനിക്കുന്നു, ഇതെനിക്ക് എന്റെ ജീവിതത്തെക്കാള്‍ വലുത്’; പുതിയ ചിത്രത്തെ കുറിച്ച് വികാരനിര്‍ഭരമായ കുറിപ്പുമായി ടൊവിനോ തോമസ്
ശ്രദ്ധേയമായ നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച യുവനടനാണ് ടൊവിനോ തോമസ്. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളിയിലെ നായകനായി പാന്‍ ഇന്ത്യാ തലത്തിലും ടൊവിനോ ഏറെ ശ്രദ്ധിക്കപ്പെട്ടു. തന്റെ കരിയറിന്റെ അടുത്ത ഘട്ടത്തിലൂടെ കടന്ന് പോകുന്ന ടൊവിനോ ഇപ്പോള്‍ പ്രധാനപ്പെട്ട ഒരു വാര്‍ത്ത പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുകയാണ്.
അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലാണ് ടൊവിനോ ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തില് മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് താരം എത്തുന്നത്. ടൊവിനോയുടെ ആദ്യ ട്രിപ്പിള്‍ റോള്‍ ചിത്രമാണ് ഇത്. 110 ദിവസങ്ങള്‍ക്ക് ശേഷം ചിത്രീകരണം അവസാനിച്ച വിവരമാണ് സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവച്ചത്. വളരെ വികാര നിര്‍ഭരമായ കുറിപ്പാണ് ടൊവിനോ പോസ്റ്റ് ചെയ്തത്. ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും ടൊവിനോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നവാഗതനായ ജിതിന്‍ ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്ന് കാലഘട്ടങ്ങളിലെ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. 1900, 1950, 1990 എന്നീ കാലഘട്ടങ്ങളിലായുള്ള മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നിവയാണ് കഥാപാത്രങ്ങള്‍. കളരിക്ക് പ്രാധാന്യമുള്ള പിരിയഡ് സിനിമയാണ് അജയന്റെ മോഷണം. ത്രീഡിയിലാണ് ചിത്രം ഒരുങ്ങുന്നത്.
യു.ജി.എം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളില്‍ ഡോ.സക്കറിയ തോമസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഐശ്വര്യ രാജേഷ്, കൃതി ഷെട്ടി, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാര്‍.ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, റോഹിണി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായാണ് അജയന്റെ രണ്ടാം മോഷണം ഒരുങ്ങുന്നത്. തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്ടര്‍ ദീപു നൈനാന്‍ തോമസാണ് സംഗീത സംവിധാനം. ഛായാഗ്രഹണം ജോമോന്‍ ടി. ജോണ്‍ നിര്‍വ്വഹിച്ചു.
കാസര്‍കോഡ് ഉള്ള നിഷ്‌കളങ്കരായ ജനങ്ങളുടെ പിന്തുണ കൊണ്ടാണ് ചിത്രം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് എന്ന് ടൊവിനോ സോഷ്യല്‍ മീഡിയാ പോസ്റ്റില്‍ പറയുന്നു. ഇതിഹാസതുല്യമായ ഒരനുഭവമാണ് അവസാനിച്ചത് എന്നാണ് ചിത്രീകരണം പൂര്‍ത്തിയായി എന്നത് സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം കുറിച്ചത്.
ടൊവിനോയുടെ കുറിപ്പ് പൂര്‍ണ്ണരൂപത്തില്‍ വായിക്കാം:
ഇതിഹാസതുല്യമായ ഒരനുഭവം അവസാനിക്കുന്നു. 110 ദിവസത്തെ ഷൂട്ടിംഗിന് ശേഷം, അജയന്റെ രണ്ടാം മോഷണത്തിന്റെ ഷെഡ്യൂള്‍ അവസാനിക്കുകയാണ്. അജയന്റെ രണ്ടാം മോഷണത്തെ സംബന്ധിച്ച് ‘ഇതിഹാസം’ തുടക്കക്കാരെ സംബന്ധിച്ച് ഒരു ചെറിയ വാക്ക് അല്ല.ഇതൊരു പിരീയിഡ് സിനിമയാണ്; അതിലുപരി ഈ ചിത്രത്തിലെ അനുഭവം എന്നെ സംബന്ധിച്ച് ജീവിതത്തേക്കാള്‍ വലുതായിരുന്നു. ഒരു യുഗത്തില്‍ നിന്ന് ഉയര്‍ന്നുവന്ന് സ്വയം പരിവര്‍ത്തനം ചെയ്യപ്പെട്ട ഒരു വ്യക്തിയെപോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്.
2017 മുതല്‍ ഞങ്ങളെ ആവേശഭരിതരാക്കിയ ഒരു കഥയായിരുന്നു അജയന്റെ രണ്ടാം മോഷണത്തിന്റെത്. സ്വപ്നങ്ങളില്‍ പലപ്പോഴും സംഭവിക്കുന്നത് പോലെ, അത് ഉദ്ദേശിച്ച രീതിയില്‍ തുടങ്ങുന്നതിന് കാലതാമസം നേരിട്ടു. എന്നാല്‍ ഒരു പഠനാനുഭവം പോലെ രസകരവും, ആഹ്‌ളാദവും, സംതൃപ്തിയും നല്‍കുന്ന ചിത്രീകരണത്തിന് ശേഷം ഞാന്‍ വിടവാങ്ങുന്നു. ഈ സിനിമയില്‍ നിന്ന് കളരിപ്പയറ്റും കുതിര സവാരിയും ഉള്‍പ്പെടെ പുതിയ കഴിവുകള്‍ ഞാന്‍ പഠിച്ചു. അജയന്റെ രണ്ടാം മോഷണത്തില്‍ ഞാന്‍ മൂന്ന് വ്യത്യസ്ത വേഷങ്ങള്‍ ചെയ്യുന്നു, അതില്‍ എല്ലാം തന്നെ തീര്‍ത്തും വ്യത്യസ്തമായിരുന്നു.
ഒപ്പം അഭിനേതാക്കളും അണിയറക്കാരും എന്ന നിലയില്‍ എനിക്ക് ചുറ്റും നിരവധി പ്രിയ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു, ഇത് ഏറ്റവും വെല്ലുവിളി നിറഞ്ഞ ഷെഡ്യൂളുകളില്‍ പോലും കാര്യങ്ങള്‍ എളുപ്പമാക്കി. നല്ല ഒരുപാട് ഓര്‍മ്മകളും പുതിയ സുഹൃത്തുക്കളും ഉണ്ടായി. അജയന്റെ രണ്ടാം മോഷണത്തില്‍ നിന്നും ഞാന്‍ ഒപ്പം കൊണ്ടുപോകുന്ന മറ്റൊന്ന് കാസര്‍ഗോഡാണ്.
ജനങ്ങളുടെ പിന്തുണയും ഇപ്പോള്‍ പരിചിതമായ നിരവധി പുഞ്ചിരികളും ഇവിടെയുള്ള മാസങ്ങളായുള്ള എന്റെ ജീവിതം അനായാസമായി. ഒരു വീടായതിന് കാസര്‍ഗോഡിന് നന്ദി. അത്ഭുതകരമായ സ്ഥലത്തോടും അതിശയകരമായ ടീമിനോടും വിട പറയുന്നു – എന്നാല്‍ ഞാന്‍ മടങ്ങിവരും. സിനിമ അതിശയിപ്പിക്കും. എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു. അതൊരു സ്വപ്നമാണ്. അത് യാഥാര്‍ത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഒരുപാട് സ്‌നേഹത്തോടെ
ടൊവി
Content Highlights / English Summary: Malayalam actor Tovino Thomas highly emotional post about his latest move Ajayante Randam Moshanam goes viral. Shooting of the 3D film ends.