”ലൈഫ് ഓഫ് ജോസൂട്ടിയിലെ യഥാർത്ഥ നായകൻ ദിലീപല്ല”, ഞാനായിരുന്നു; ശ്രീലങ്കയിൽ നിന്നും ജീവനും കൊണ്ടോടിയ കഥ പറഞ്ഞ് ടിനി ടോം |life of josutty| Tini Tom


ദിലീപിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത് 2015ൽ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ലൈഫ് ഓഫ് ജോസൂട്ടി. എന്നാൽ ഈ ചിത്രത്തിലേക്ക് നായകനായി ആദ്യം കാസ്റ്റ് ചെയ്തത് തന്നെയായിരുന്നു എന്ന് പറയുകയാണ് നടനും മിമിക്രി കലാകാരനുമായ ടിനി ടോം. കൗമുദി മൂവീസ് സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയിലാണ് താരം തന്റെ സിനിമാനുഭവങ്ങൾ പങ്കുവെച്ചത്.

തന്നോട് പറഞ്ഞ കഥ പല സാങ്കേതിക കാരണങ്ങളാലും നടക്കാതെ വന്ന് വർഷങ്ങൾക്ക് ശേഷം ജോസൂട്ടിയുടെ സുവിശേഷം എന്ന സിനിമ ലൈഫ് ഓഫ് ജോസൂട്ടി എന്ന പേരിൽ പുറത്തിറങ്ങുകയായിരുന്നു എന്ന് ടിനി പറയുന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്ത് രാജേഷ് വർമ്മയായിരുന്നു ടിനിയെ സിനിമക്ക് വേണ്ടി സമീപിച്ചത്. നടൻ കൈലാഷ് മേനോൻ, നന്ദു, ശ്രീജിത്ത് രവി, മേഘ്ന രാജ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ആദ്യം മൗഘീഷ്യസിൽ ചിത്രീകരിക്കുമെന്ന് പറഞ്ഞ സിനിമ പിന്നീട് ശ്രീലങ്കയിലേക്ക് ലൊക്കേഷൻ മാറ്റുകയായിരുന്നു. ഒടുവിൽ മേഘ്ന രാജ് ഒഴികെ മേൽപ്പറഞ്ഞ താരങ്ങളെല്ലാം ശ്രീലങ്കയിലെത്തി. ടിനി ടോമിനും നന്ദുവിനും കൈലാഷിനും കൂടെ ഒരു മുറിയും ശ്രീജിത്ത് രവിക്ക് വേറൊരു മുറിയുമാണ് കൊടുത്തത്. ശ്രീജിത്തിന്റെ കൂടെ അദ്ദേഹത്തിന്റെ കുടും ഉള്ളത് കൊണ്ടായിരുന്നു അത്.

അങ്ങനെ ശ്രീലങ്കയിൽ എത്തി ദിവസങ്ങൾ കവിഞ്ഞിട്ടും ചിത്രീകരണം ആരംഭിക്കാതെ വന്നപ്പോൾ താരങ്ങൾ പ്രശ്നമുണ്ടാക്കി. ഒടുക്കം തന്റെ സിനിമാ ജീവിതത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത രീതിയിൽ സെറ്റ് ഇട്ട് ഒരു സീൻ ഷൂട്ട് ചെയ്ത് പായ്ക്ക് അപ്പ് പറഞ്ഞു. അപ്പോൾ തന്നെ തനിക്ക് എന്തോ അപാകത മണത്തതായി ടിനി പറയുന്നു.

അടുത്ത ദിവസം എന്ത് ചെയ്യണമെന്ന് അറിയാതെ പുറത്ത് നിൽക്കുമ്പോൾ ഒരു ജീപ്പ് നിറയെ പൊലീസ് വന്ന് ടിനിയോടും സംഘത്തോടും കാര്യങ്ങൾ അന്വേഷിച്ചു. അപ്പോഴാണ് വളരെ അപകടം പിടിച്ച സ്ഥലത്താണ് തങ്ങൾ വന്ന് പെട്ടതെന്നും ബന്ധപ്പെട്ടവരിൽ നിന്ന് അനുമതിയില്ലാതെയാണ് ഷൂട്ടിങ്ങിന് വന്നതെന്നും ടിനിയുൾപ്പെടെയുള്ളവർ അറിയുന്നത്.

പൊലീസുകാരുടെ കാല് പിടിച്ചിട്ടാണ് അവിടെ നിന്ന് രക്ഷപ്പെട്ടതെന്ന് ടിനി പറയുന്നു. ”ഭാ​ഗ്യത്തിന് സിനിമയുടെ പ്രൊഡ്യൂസർ ഞങ്ങൾക്ക് ടിക്കറ്റ് അയയ്ച്ച് തന്നു. അതുകൊണ്ട് രക്ഷപ്പെട്ടു. പിന്നീട് ആ സിനിമ ജീത്തു ജോസഫ് സംവിധാനം ചെയ്ത് ലൈഫ് ഓഫ് ജോസൂട്ടി എന്ന പേരിൽ പുറത്തിറങ്ങി. ഞങ്ങൾ കേട്ട കഥ കുറച്ച് കൂടി ​ഗംഭീരമായിരുന്നു.

ഇത് മോശം ആണെന്നല്ല പറയുന്നത്. ഇതിൽ ആകെയൊരു ഭാ​ഗ്യം എന്താണെന്ന് വെച്ചാൽ ദിലീപേട്ടൻ ആണ് അതിൽ അഭിനയിച്ചിരിക്കുന്നത് എന്നതാണ്. ദിലീപേട്ടന് അതുകൊണ്ട് ലൈഫ് കിട്ടീട്ടുണ്ടാകും. ഞങ്ങളുടെ ലൈഫ് എന്താണെന്ന് വെച്ചാൽ യഥാർത്ഥ ജീവൻ, ശ്രീലങ്കയിൽ നിന്ന് ജീവനും കൊണ്ടാണ് രക്ഷപ്പെട്ടത്”- ടിനി ടോം പറഞ്ഞ് നിർത്തി.