ജവാനിൽ ഷാരൂഖ് ഖാനൊപ്പം ഈ തെന്നിന്ത്യൻ സൂപ്പർതാരവും? വാർത്ത ആവേശത്തോടെ ഏറ്റെടുത്ത് ആരാധകർ|Allu Arjun|Jawan|Tweet


ആറ്റ്ലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ബി​ഗ് ബജറ്റ് ബോളിവുഡ് ചിത്രമായ ജവാനിലേക്ക് തെലുങ്ക് താരം അല്ലു അർജുനെ കാസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ഷാരൂഖ് പ്രധാനവേഷത്തിലെത്തുന്ന, തെന്നിന്ത്യയിലെ പ്ര​ഗ്ത്ഭരായ താരനിരകൾ ഒന്നിക്കുന്ന ജവാന് വേണ്ടി ബോളിവുഡ് മാത്രമല്ല തെന്നിന്ത്യൻ പ്രേക്ഷകർ മൊത്തം കാത്തിരിക്കുകയാണ്.

ഇതിനിടെയാണ് അല്ലു അർജുനെ കാസ്റ്റ് ചെയ്ത വിവരം പുറത്ത് വന്നിരിക്കുന്നത്. ​ഗസ്റ്റ് റോളിലാണ് അല്ലു അർജുൻ എത്തുന്നത് എന്നാണ് സൂചന. ലെറ്റ്സ് സിനിമ എന്ന ട്വിറ്റർ പേജിൽ വന്ന ഈ ട്വീറ്റ് മിനിറ്റുകൾ കൊണ്ടാണ് വൈറലായത്. 2021ൽ പുഷ്പ ദി റൈസ് എന്ന തെലുങ്ക് ചിത്രം റിലീസ് ആയതോടെ അല്ലുവിന്റെ ആരാധക പിന്തുണ പതിൻമടങ്ങ് വർധിച്ചു. ഇപ്പോൾ താരത്തിന്റെ സിനിമകൾക്ക് വേണ്ടി എല്ലാതരം പ്രേക്ഷകരും കാത്തിരിക്കുന്ന അവസ്ഥയാണ്.

തെലുങ്ക് മൊഴിമാറ്റ ചിത്രങ്ങളിലൂടെയായിരുന്നു താരം മലയാളികൾക്ക് സുപരിചിതനായത്. ഇവിടുത്തെ പ്രേക്ഷകർ അല്ലു അർജുനെ മല്ലു അർജുൻ എന്നും വിളിക്കാറുണ്ട്. താരത്തിന്റെ പേരിൽ ധാരാളം ഫാൻസ് ക്ലബ്ബുകളും ഇവിടെയുണ്ട്. വിജേത എന്ന ചിത്രത്തിൽ ബാലതാരമായാണ് അല്ലു അർജുന്റെ സിനിമാ പ്രവേശനം. അമ്മാവനായ ചിരഞ്ജീവിയുടെ ഡാഡി എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്ത് മാത്രമായി അല്ലു അർജുൻ അഭിനയിച്ചിരുന്നു.

2003ൽ റിലീസ് ചെയ്ത ​ഗം​ഗോത്രി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അല്ലു ആദ്യമായി നായകവേഷത്തിലെത്തുന്നത്. തുടർന്ന് അല്ലു അർജുന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവ് എന്ന് പറയാവുന്ന ആര്യ എന്ന ചിത്രം 2004 ൽ പുറത്തിറങ്ങി. യുവാക്കൾക്കിടയിൽ അദ്ദേഹത്തിന്‌ ധാരാളം ആരാധകരെ നേടിക്കൊടുക്കാൻ ഈ ചിത്രത്തിനു കഴിഞ്ഞു. ഇപ്പോഴും അദ്ദേഹത്തിന്റെ ആരാധകരിൽ ഭൂരിഭാഗവും യുവാക്കൾ തന്നെയാണ്.

താരത്തിന്റെ എല്ലാ ചിത്രങ്ങളും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. സാധാരണ ഒരേ പാറ്റേണിലുള്ള ചോക്ലേറ്റ് ഹീറോയായി സ്ക്രീനിന് മുന്നിലെത്താറുള്ള അല്ലുവിനെതിരെ ധാരാളം വിമർശനങ്ങളും ഉയർന്ന് വരാറുണ്ടായിരുന്നു. അതിനിടെയാണ് പുഷ്പ ദി റേസ് റിലീസാകുന്നത്. അതിലെ പുഷ്പരാജ് എന്ന കഥാപാത്രം അല്ലുവിന് ശരിക്കും കരിയർ ബ്രേക്ക് തന്നെയായിരുന്നു. കണ്ടാൽ തിരിച്ചറിയാൻ പോലും പ്രയാസം നേരിടുന്ന മേക്കോവറുമായാണ് പുഷ്പ ദി റൈസിൽ അല്ലു അഭിനയിച്ചത്.