“അവർ കുരച്ച് കൊണ്ടേയിരിക്കും, കടിക്കില്ല”; പഠാൻ വിവാദം അവസാനിക്കുന്നില്ലേ..!!, പ്രതികരണവുമായി പ്രകാശ് രാജ്/ Prakash Raj


നീണ്ട നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം റിലീസ് ചെയ്ത ഷാരൂഖ് ഖാൻ ചിത്രമാണ് പഠാൻ. ബോളിവുഡിനെ പഴയപ്രതാപത്തിലേക്ക് ഉയർത്താൻ കഴിയുന്നതാണ് ഈ ചിത്രമെന്നായിരുന്നു ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ഇത് അന്വർത്ഥമാക്കിക്കൊണ്ടാണ് ഇപ്പോഴത്തെ ബോക്സ് ഓഫിസ് കളക്ഷൻ റിപ്പോർട്ടുകൾ.

ഇതുവരെയുള്ള കണക്ക് പ്രകാരം ലോകമെമ്പാടുമായി 832 കോടിയാണ് പഠാൻ സ്വന്തമാക്കിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റ് ആയ രമേഷ് ബാലയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഇന്ത്യയിലെ നെറ്റ് കളക്ഷൻ 429.90 കോടിയും മൊത്തം 515 കോടിയുമാണ് നേടിയിരിക്കുന്നത്. ഓവർസീസ് ഗ്രോസ് 317.20 കോടിയുമാണ്. ഈ ആഴ്ച അവസാനിക്കുന്നതോടെ പഠാൻ 1000കോടി തൊടുമെന്നാണ് വിലയിരുത്തലുകൾ.

ഗോൾഡൻ ഗ്ലോബ് നേടിയ ആർആർആറിന്റെ അമേരിക്കൻ കളക്ഷനും പഠാൻ നിഷ്പ്രഭമാക്കിയിരിക്കുകയാണ്. ആർആർആർ റീറിലീസ് അമേരിക്കയിൽ 122 കോടിയിൽ അധികം നേടിയെങ്കിൽ പഠാൻ 12 ദിവസം കൊണ്ട് സ്വന്തമാക്കിയിരിക്കുന്നത് 115 കോടിയാണ്.

ചിത്രത്തിലെ ആദ്യത്തെ ​ഗാനരം​ഗം റിലീസ് ആയതിന് പിന്നാലെ ബഹിഷ്കരണാഹ്വാനം നടത്തിയവർക്കെല്ലാം ഈ വിജയം താങ്ങനാവുന്നുണ്ടാവില്ല. ഈ അവസരത്തിൽ പഠാനെതിരെ വന്ന ബഹിഷ്കരണാഹ്വാനങ്ങളെ കുറിച്ച് പ്രകാശ് രാജ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

പഠാൻ ചിത്രത്തെ വിമർശിക്കുന്നവർ കുരയ്ക്കുകയെ ഉള്ളൂവെന്നും കടിക്കില്ലെന്നും പ്രകാശ് ‌രാജ് പറഞ്ഞു. ‘ക’ ഫെസ്റ്റിൽ പങ്കെടുത്തപ്പോഴായിരുന്നു നടന്റെ പ്രതികരണം. “അവർക്ക് പഠാൻ ബിഹിഷ്കരിക്കണമായിരുന്നു. 700 കോടി കളക്ഷൻ നേടിയ ചിത്രമാണ് പഠാൻ. പഠാൻ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടവർക്ക് 30 കോടിയ്ക്ക് പോലും മോദിയുടെ ചിത്രം പ്രദർശിപ്പിക്കാനായില്ല. അവർ കുരയ്ക്കുക മാത്രമേയുള്ളൂ, കടിക്കില്ല”, എന്നാണ് പ്രകാശ് രാജ് പറഞ്ഞത്. താൻ കണ്ടതിൽ വച്ച് ഏറ്റവും മോശമായ ചിത്രമാണ് കശ്‌മീർ ഫയൽസ് എന്നും പ്രകാശ് രാജ് പറഞ്ഞു.

പഠാൻ റിലീസ് ആയതിന് പിന്നാലെയും പ്രകാശ് രാജ് അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ബഹിഷ്കരണ ഭ്രാന്തന്മാരേ ശ്…എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. ചിത്രത്തിന്റെ വിജയത്തിന് ആശംസകളെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. 2022 ഡിസംബറിൽ ആണ് പഠാനിലെ ബേഷാറം രം​ഗ് എന്ന ​ഗാനം റിലീസ് ചെയ്തത്.

ഗാനരം​ഗത്ത് ദീപിക പദുക്കോൺ കാവി ബിക്കിനി ധരിച്ചതായിരുന്നു വിമർശകർക്ക് പ്രശ്നമായത്. ഇതേത്തുടർന്ന് ചില വിഭാ​ഗക്കാർ സിനിമ ബഹിഷ്ക്കരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഈ ബഹളങ്ങളൊന്നും ചിത്രത്തെ ബാധിച്ചില്ല എന്നാണ് റിലീസിന് പിന്നാലെ പുറത്തുവരുന്ന കളക്ഷൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.