”വലിയ നടൻമാരുടെ ചേച്ചിയോ അമ്മയോ ആകാൻ നല്ല വെളുപ്പും സൈസും വേണമായിരുന്നു, അതുകൊണ്ട് നല്ല വേഷങ്ങൾ ലഭിച്ചില്ല”; അഭിനയത്തിൽ മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോൾ തെസ്നി ഖാൻ| Thesni Khan| Memories
1988 ൽ പ്രതാപ് പോത്തൻ സംവിധാനം ചെയ്ത ഡെയ്‌സി എന്ന ചിത്രത്തിലൂടെ ആണ് തെസ്നി ഖാൻ അഭിനയരംഗത്ത് എത്തുന്നത്. അഞ്ച് കൂട്ടുകാരികളിലൊരാളായിട്ടായിരുന്നു തെസ്നി ബിഗ് സ്ക്രീനിന് മുന്നിൽ എത്തിയത്. അന്നൊക്കെ വലിയ ആർട്ടിസ്റ്റ് ആകണം എന്ന മോഹത്തോടെ അല്ല, വെറുതെ ഒന്ന് മുഖം കാണിച്ചാൽ മതി എന്നായിരുന്നു ആഗ്രഹം എന്നാണ് തെസ്നി പറയുന്നത്.
പിന്നീട് തന്റെ മുത്തശ്ശന്റെ സുഹൃത്തായ എംടി വാസുദേവൻ നായരുടെ നിർദേശം അനുസരിച്ച് വൈശാലിയിൽ അഭിനയിച്ചു. അതേ വർഷം തന്നെ തസ്നി പി പത്മരാജന്റെ മൂന്നാം പക്കത്തിലും ഇന്റർവ്യൂവിന് വന്ന പെൺകുട്ടിയിലും അഭിനയിച്ചു. പോകെ പോകെ നല്ല വേഷങ്ങൾ ചെയ്യാനും നല്ല സിനിമകളുടെ ഭാഗമാകാനും ആഗ്രഹം ഉണ്ടായിരുന്നെങ്കിലും തനിക്ക് അവസരങ്ങൾ ലഭിച്ചില്ലെന്നാണ് താരം പറയുന്നത്.
കാഴ്ചയിൽ ആകർഷണീയത ഇല്ലാത്തതിനാലാണ് പല സംവിധായകരും തനിക്ക് അവസരം നിഷേധിച്ചതെന്ന് തസ്നി പറയുന്നു. ”ഒരു സിനിമയിൽ മുഴുനീള വേഷം ചെയ്യണമെന്നോ ഒരുപാട് ഡയലോഗ് പറയണമെന്നോ ആഗ്രമില്ല, നല്ല പടങ്ങളുടെ ഭാഗമാവുക, അത് തന്നെ വലിയ കാര്യം. ചില നല്ല സിനിമകളുടെയെല്ലാം ഭാഗമായി. പിന്നെ സിനിമയില്ലാതെ വന്നപ്പോൾ സീരിയലിലേക്ക് വന്നു. സിനിമാലയിൽ എല്ലാം ഭാഗമായി.
പിന്നെ നല്ല, വലിയ റോളുകൾ തരാനുളള ഒരു ഗെറ്റ്അപ് എനിക്ക് ഇല്ല. ഒരു ക്യാരക്ടർ റോൾ തരണമെങ്കിൽ കുറച്ച് നല്ല സൈസും കാണാൻ നല്ല നിറവും വേണം. ഒരു അമ്മ, ചേച്ചി, ചേടത്തി അമ്മ എന്നോക്കെ പറയുമ്പോൾ കാണാൻ ലുക്ക് വേണം. ഹീറോ നല്ല ഭംഗിയായിരിക്കും, ജയറാമേട്ടനെ പോലെയുള്ള ആൾക്കാരെല്ലാം ആയിരിക്കും. എന്നിട്ടും ഞാൻ അനിയത്തി ആയിട്ടൊക്കെ അഭിനയിച്ചിട്ടുണ്ട്.
പണ്ടൊക്കെ സിനിമയിൽ അഭിനയിക്കുമ്പോൾ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ഗ്ലാമറിലാണ്. ഇപ്പോൾ അങ്ങനത്തെ ഒരു വിഷയമേ ഇല്ല. ഇപ്പോൾ ക്യാരക്ടർ ആയാൽ മതി. ലൈവ് ആയി സിനിമ. പക്ഷേ പണ്ടത്തെ കോൺസെപ്റ്റ് അങ്ങനെയാണ്. സിനിമാ നടി എന്നൊക്കെ പറയുമ്പോൾ കുറച്ച് ഭംഗിയൊക്കെ വേണം. പിന്നെ അഭിനയിക്കാനും കഴിയണം, എന്നാലേ രക്ഷപ്പെടു- തെസ്നി ഖാൻ വ്യക്തമാക്കി.
ഇന്നത്തെ ന്യൂ ജനറേഷൻ സിനിമകളിൽ അതൊന്നും വിഷയമല്ല, അഭിനയിക്കാൻ അറിഞ്ഞാൽ മതി എന്നാണ് താരം പറയുന്നത്. അതേസമയം സിനിമാ ജീവിതം എന്ന് പറയുന്നത് ഒരു ലക്ക് ആണ്, ഭാഗ്യം ഇല്ലെങ്കിൽ വേറെ ഒന്നും ഉണ്ടായിട്ട് കാര്യമില്ല എന്നും തസ്നി തന്നെ പറയുന്നു.
2022ൽ പുറത്തിറങ്ങിയ ഗോൾഡ് ആണ് തസ്നി ഖാൻ അവസാനം അഭിനയിച്ച സിനിമ. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് , കൈരളിയിൽ ജഗപൊഗ, കൗമുദി ചാനലിൽ ഫൈവ് മിനിറ്റ് ഫൺ സ്റ്റാർ തുടങ്ങിയ ഷോകളിൽ ജഡ്ജ് ആയി പങ്കെടുത്തിട്ടുണ്ട്. 2020ൽ മോഹൻലാൽ അവതാരകനായെത്തിയ ബിഗ് ബോസിൽ മത്സരാർത്ഥി ആയും തസ്നി ഖാൻ എത്തിയിരുന്നു.