”സിനിമയിലേക്ക് കാസ്റ്റ് ചെയ്ത് മൂന്നാം ദിവസം പത്മരാജൻ പറഞ്ഞു റോളില്ലെന്ന്, എന്നേക്കാൾ സുന്ദരിയായ ഒരു കുട്ടി അഭിനയിക്കാൻ വന്നു”; ദുരനുഭവം പങ്കുവെച്ച് തെസ്നി ഖാൻ| Thesni Khan| Padmarajan| Thilakan
മലയാളികൾക്ക് സുപരിചിതയായ നടിയാണ് തെസ്നി ഖാൻ. ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലെത്തിയ താരം ഇപ്പോൾ അറിയപ്പെടുന്ന മുതിർന്ന നടിയാണ്. കരിയറിൽ നീണ്ട 33 വർഷങ്ങൾ പിന്നിടുമ്പോൾ സിനിമയിൽ തനിക്ക് സംഭവിച്ച നഷ്ടങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നടി. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് തെസ്നി അനുഭവങ്ങൾ പങ്കുവയ്ക്കുന്നത്.
പത്മരാജൻ സംവിധാനം ചെയ്യുന്ന ഒരു സിനിമയിലേക്ക് വളരെ നല്ല ഒരു റോളിലേക്ക് തന്നെ കാസ്റ്റ് ചെയ്തെന്നും ഷൂട്ടിങ് തുടങ്ങി മൂന്ന് ദിവസം കഴിഞ്ഞപ്പോൾ വേഷം നിരസിച്ചെന്നുമാണ് താരം പറയുന്നത്. നടൻ തിലകന്റെ വീട്ടിൽ അദ്ദേഹം നോക്കി വളർത്തുന്ന ഒരു പെൺകുട്ടിയുടെ വേഷമായിരുന്നു നഷ്ടമായത്. ചിത്രത്തിന്റെ പൂജയ്ക്കെല്ലാം തന്നെ വിളിച്ചിരുന്നു എന്നാണ് തെസ്നി പറയുന്നത്. എന്നാലിപ്പോൾ ആ സംഭവത്തിന് ശേഷം ഏതെങ്കിലും സിനിമയുടെ പൂജയ്ക്ക് പോകാൻ പോലും തനിക്ക് പേടിയാണെന്നും താരം പറയുന്നു.
”തിലകൻ ചേട്ടന്റെ വീട്ടിൽ, സെർവന്റ് അല്ലാതെ, പുള്ളിയുടെ കാര്യങ്ങൾ എല്ലാം നോക്കുന്ന ഒരു കാര്യസ്ഥ. പുള്ളിയുടെ ഒരു മോള്. പത്മരാജൻ സാർ ആയിരുന്നു ഡയറക്ടർ. ഭയങ്കര ത്രിൽ ആയിരുന്നു എനിക്ക് ആ കഥാപാത്രം ചെയ്യാൻ. പൂജയ്ക്കെല്ലാം പോയി നല്ല ആഘോഷമായി. അതുകൊണ്ട് ഇപ്പോൾ എനിക്ക് സിനിമയുടെ പൂജയ്ക്ക് പോകാൻ പേടിയാണ്. പൂജയ്ക്ക് പോകുന്ന പടങ്ങളിലൊന്നും ഞാൻ ഇല്ല.
ഒരു ദിവസം കഴിഞ്ഞു, രണ്ട് ദിവസം കഴിഞ്ഞു, മൂന്ന് ദിവസം കഴിഞ്ഞു എനിക്ക് ഷൂട്ട് ആകുന്നില്ല. മൂന്ന് ദിവസം കഴിഞ്ഞപ്പോൾ മമ്മിക്ക് ഭയങ്കര ടെൻഷൻ ആയി. നീ ഒന്ന് പത്മരാജൻ സാറിനോട് ചെന്ന് ചോദിക്ക് എന്ന് പറഞ്ഞു. അപ്പോൾ സാർ ഷൂട്ട് കഴിഞ്ഞ് വന്നപ്പോൾ ഞാൻ പോയി ചോദിച്ചു. സാറേ മൂന്ന് ദിവസമായി ഞാൻ ഇരിക്കുന്നു, എന്റെ വർക്ക് എപ്പോൾ ആണെന്ന് ചോദിച്ചു.
അപ്പോൾ പറഞ്ഞു. അതേ, നിന്റെ റോളിനൊരു ചേഞ്ചുണ്ട് എന്ന്. എന്താണെന്ന് ചോദിച്ചപ്പോൾ, വേറൊരു കുട്ടി വന്ന് ചെയ്യാണ് ആ റോൾ. മോൾ മിടുക്കിയാ, മോൾക്ക് നല്ല റോളുകൾ ഇനി ഒരുപാട് ചെയ്യാം എന്ന് പറഞ്ഞു. വന്ന കുട്ടി ഭയങ്കര ഗ്ലാമർ ഉള്ള നല്ല മിടുക്കി, ഭരതൻ സർ റക്കമെന്റ് ചെയ്ത് വന്നതാ. അന്ന് എനിക്ക് ഭയങ്കര സങ്കടമായി, കരഞ്ഞു ഞാൻ, ഫീൽ ചെയ്തു അത്. പക്ഷേ ഇപ്പോൾ ആലോചിക്കുമ്പോൾ സർ എടുത്തതാണ് കറക്റ്റ് തീരുമാനം. കാരണം ഞാൻ അല്ല ആപ്റ്റ്”- തെസ്നി ഖാൻ പറയുന്നു.