പൊട്ടിച്ചിരിപ്പിക്കാനായി സി ഐ ഡി മൂസയും തൊരപ്പന്‍ കൊച്ചുണ്ണിയുമെല്ലാം വീണ്ടും എത്തുന്നു; സൂപ്പര്‍ഹിറ്റ് ചിത്രം സി ഐ ഡി മൂസയുടെ രണ്ടാം ഭാഗത്തിന്‍റെ പ്രഖ്യാപനം ഉടന്‍ എന്ന് സംവിധായകന്‍ ജോണി ആന്‍റണി | CID Moosa | Second Part | Johny Antony | Dileep


ലയാളി പ്രേക്ഷകർക്ക് മറക്കാനാവാത്ത സിനിമാ അനുഭവം സമ്മാനിച്ച ചിത്രമാണ് സി ഐ ഡി മൂസ. മലയാള സിനിമയിലെ കളക്ഷൻ റെക്കോർഡ് തൂത്തുവാരി ദിലീപ് എന്ന നടനെ കുട്ടികൾക്കും മുതിർന്നവർക്കുമിടയിൽ ജനപ്രിയനാക്കുന്നതിൽ ഈ സിനിമ വഹിച്ച പങ്ക് ചെറുതായിരുന്നില്ല. സിനിമാസ്വാദകരെ കുടുകുടാ ചിരിപ്പിച്ചവയാണ് സി ഐ ഡി മൂസയിലെ ഓരോ രംഗങ്ങളും. ദിലീപും, ഭാവനയും, ജഗതിയും, ഒടുവിൽ ഉണ്ണികൃഷ്ണനും, ഹരിശ്രീ അശോകനും, ബിന്ദു പണിക്കരും , സലിം കുമാറുമെല്ലാം നിറഞ്ഞാടിയ ചിത്രത്തിലെ പല സംഭാഷണങ്ങളും ഇന്നും ട്രോളൻമാർ നിർലോഭം ഉപയോഗിക്കുന്നുണ്ട്.

2003 ൽ ഉദയ കൃഷ്ണയുടെയും സിബി കെ തോമസിന്റെയും തിരക്കഥയിൽ ജോണി ആന്റണി അണിയിച്ചൊരുക്കിയ സിനിമക്ക് പത്തൊമ്പത് വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകപ്രീതി നഷ്ടമായിട്ടില്ല. സി ഐ ഡി മൂസയുടെ രണ്ടാം ഭാഗത്തിനായി പ്രായഭേദമെന്യേ കാത്തിരിക്കുന്നവർ ഇന്നും നിരവധിയാണ്. അവർക്ക് സന്തോഷം നൽകുന്ന ഒരു വാർത്തയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ജോണി ആന്റണി.

നവാഗതനായ അമീൻ അസ്ലം സംവിധാനം ചെയ്യുന്ന മോമോ ഇൻ ദുബായ് ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ ചാനലുകളോട് സംസാരിക്കവെയാണ് സി ഐ ഡി മൂസ 2 സംഭവിക്കുമെന്ന് ജോണി ആന്റണി പറഞ്ഞത്.
രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നുണ്ടെന്നും ജൂലൈ 4 ന് ഇരുപത് വർഷമാകും മൂസ ഇറങ്ങിയിട്ടെന്നും ചിലപ്പോൾ അന്ന് ഇത് രണ്ടാം ഭാഗമിക്കുന്നതിനെപ്പറ്റി ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുമെന്നും ജോണി ആന്റണി അറിയിച്ചു. ആദ്യഭാഗത്തിലെ അഭിനേതാക്കൾ തന്നെയാണോ രണ്ടാം ഭാഗത്തിലും ഉണ്ടാവുക എന്ന ചോദ്യത്തിന് സബ്ജക്ട് ഇതുവരെ ഓർഡറായിട്ടില്ലെന്നും കാസ്റ്റിങ്ങ് അതിനു ശേഷമേ തീരുമാനിക്കാനാകൂ എന്നുമാണ് ജോണി ആന്റണി മറുപടി നൽകിയത്.

നമ്മുടെ മനസ് സിനിമയാകുന്നതാണ് സംവിധാനമെങ്കിൽ അഭിനേതാവെന്ന നിലയിൽ വളരെ ടെൻഷനില്ലാതെ റിലാക്സ്ഡ് ആയി നിൽക്കാമെന്നും എന്നാൽ അഭിനയവും സംവിധാനവും താൻ ഒരു പോലെ ഇഷ്ടപ്പെടുന്നതായും സിനിമയിൽ നിൽക്കുന്നത് തന്നെ സന്തോഷം നൽകുന്നതായും ജോണി ആന്റണി വ്യക്തമാക്കി.

പൊലീസാവാൻ ആഗ്രഹിച്ച് സാഹചര്യങ്ങൾ കാരണം ഒരു പ്രൈവറ്റ് ഡിക്ടറ്റീവ് ആവേണ്ടി വന്ന മൂലം കുഴിയിൽ സഹദേവൻ (മൂസ ) എന്ന ദിലീപ് കഥാപാത്രത്തിന്റെ കേസ് അന്വേഷണങ്ങളും വെല്ലുവിളികളും പ്രണയവുമൊക്കെയായിരുന്നു സി ഐ ഡി മൂസയുടെ ഇതിവൃത്തം.

കുട്ടികളെ മനസിൽ കണ്ട് എടുത്തിട്ടും പ്രായമായവർ വരെ ഏറ്റെടുത്ത സിനിമയുടെ രണ്ടാം ഭാഗത്തിൽ കഥ ഏത് രീതിയിൽ പുരോഗമിക്കുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. തിരശ്ശീലയ്ക്ക് പിന്നിൽ മറഞ്ഞ ഒടുവിൽ ഉണ്ണികൃഷ്ണൻ കൊച്ചിൻ ഹനീഫയുടെയും വേഷങ്ങൾക്ക് പകരക്കാരുണ്ടാകുമോ എന്നും ഓരോ സിനിമാ പ്രേമിയും ആഗ്രഹിക്കുന്ന പോലെ എസ്.ഐ പീതാംബരനായി ജഗതി മടങ്ങിയെത്തുമോ എന്നും ഉറ്റുനോക്കുന്ന മലയാള സിനിമാസ്വാദകർക്ക് സി.ഐ.ഡി മൂസക്ക് രണ്ടാം ഭാഗം വരുമെന്ന ജോണി ആന്റണിയുടെ വാക്ക് സന്തോഷും പ്രതീക്ഷയും നൽകുന്നതാണ്.