ആകാശദൂതിലെ കുഞ്ഞാവയുടെ വിവരങ്ങൾ ഫേസ് ബുക്ക് മെസഞ്ചറിൽ എത്തിയത് പിള്ളേരെ പിടുത്തം നിർത്തിയതായി പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസം; കുഞ്ഞാവയെ തപ്പിയെടുത്തയാൾക്ക് നന്ദിയറിയിച്ച് സോഷ്യൽ മീഡിയ


പുറത്തിറങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും മലയാളികൾക്ക് മറക്കാനാവാത്ത സിനിമാനുഭവമാണ് ആകാശദൂത്. ജീവിത ഗന്ധിയായ പ്രമേയ പരിസരം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച ഈ സിനിമ നിറ കണ്ണുകളോടെയല്ലാതെ കണ്ടു തീർക്കാനാവില്ല. ജീവിത സാഹചര്യങ്ങൾ കൊണ്ട് അമ്മയിൽ നിന്ന് വേർപെടേണ്ടി കുരുന്നുകൾ ഇന്നും നമ്മുടെ മനസിൽ വിങ്ങലാണ്. സിനിമയിൽ ഇളയ കുട്ടിയായി വന്ന കുഞ്ഞുവാവയുടേത് പ്രേക്ഷകരിന്നുമോർക്കുന്ന ഹൃദയസ്പർശിയായ മുഖങ്ങളിലൊന്നാണ്.

ആകാശദൂതിലെ ആ കുഞ്ഞുവാവ വർഷങ്ങൾക്ക് ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിലെ സിനിമാ പ്രേമികൾക്കിടയിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. ഇത്ര നാൾ കാണാമറയത്ത് നിന്ന ആ കുഞ്ഞു മുഖം തേടി പോയവർ ചെന്നെത്തിയത് താടിമീശക വളർന്ന കട്ടിക്കണ്ണടക്കാരനായ ഒരു യുവാവിലാണ്. തിരുവല്ല സ്വദേശി ബെൻ അലക്സാണ്ടർ കടവിൽ ആയിരുന്നു പ്രേക്ഷകരെ കരയിപ്പിച്ച ആ കുഞ്ഞുവാവ.സിനിമാ ചർച്ചകൾക്കുള്ള പ്രമുഖ സോഷ്യൽ മീഡിയാ ഗ്രൂപ്പായ എം3ഡിബിയാണ് ബെന്നിനെ കണ്ടെത്തിയ വിവരം സന്തോഷത്തോടെ പങ്കു വെച്ചത്.

ആകാശ ദൂത് കുഞ്ഞുവാവയെ കണ്ടെത്തണമെന്ന ആവശ്യം നേരത്തേ തന്നെ ഗ്രൂപ്പിൽ പലതവണ ഉയർന്നിരുന്നു. പിന്നീട് പല സിനിമകളിലും മുഖം കാണിച്ച് മിനിമാഞ്ഞ കുഞ്ഞാവകളെയും ബാലതാരങ്ങളെയും കുറിച്ചുള്ള അന്വേഷണങ്ങളും അതിനെ അടിസ്ഥാനമാക്കിയുള്ള ട്രോളുകളും വ്യാപകമായതോടെ ‘പിള്ളേരെ പിടുത്തം നിർത്തിയതായി’ എം3ഡിബിക്ക് അറിയിക്കേണ്ടിയും വന്നു. ഇതിനിടയിലാണ് ഗ്രൂപ്പിലെ സജീവ അംഗങ്ങളായ സരിത സരിനും ജോസ്‌മോൻ വഴയിലും ചേർന്ന് ബെന്നിനെ കണ്ടെത്തുന്നത്. അന്വേഷിക്കുന്ന കുഞ്ഞാവ ഒരു വലിയ മനുഷ്യനായി ഇപ്പോൾ ജർമ്മിനിയിൽ ജീവിക്കുകയാണെന്നാണ് പ്രാഥമികമായി കിട്ടിയ വിവരം. പിന്നീട് കൂടുതൽ അന്വേഷണങ്ങൾക്കൊടുവിൽ
നാലാം ക്ലാസ് വരെ തിരുവല്ല സിറിയൻ ജാകോബൈറ്റ് പബ്ലിക് സ്‌കൂളിലും, അഞ്ചാം ക്ലാസ് മുതൽ തിരുവല്ല ബിലീവേഴ്‌സ് ചർച്ച് റെസിഡൻഷ്യൽ സ്‌കൂളിലുമൊക്കെയായാണ് ബെൻ പഠിച്ചതെന്നുള്ള വിവരവും കിട്ടി.

‘ആകാശദൂത്‘ലെ കുഞ്ഞാവയെ തേടിയവർക്കായി… ഇതാ ആളെ കണ്ടെത്തിയിട്ടുണ്ട്. തിരുവല്ല സ്വദേശി ആയ ‘ബെൻ അലക്സാണ്ടർ കടവിൽ‘ ആയിരുന്നു ആ കുഞ്ഞാവ. ആകാശദൂത് സിനിമയിലെ ഏറ്റവും ഇളയ കുട്ടിയായി വേഷമിട്ട ബെൻ ഇപ്പോൾ ജർമ്മനിയിലാണ് എന്നാണറിയുന്നത്. നേരിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും, കഴിഞ്ഞിട്ടില്ല. നാലാം ക്ലാസ് വരെ തിരുവല്ല സിറിയൻ ജാകോബൈറ്റ് പബ്ലിക് സ്കൂളിലും, അഞ്ചാം ക്ലാസ് മുതൽ തിരുവല്ല ബിലീവേഴ്സ് ചർച്ച് റെസിഡൻഷ്യൽ സ്കൂളിലും ആണ് ബെൻ പഠിച്ചത്.m3db പിള്ളാരെ പിടുത്തം നിർത്തി വച്ചതായി പ്രഖ്യാപിച്ചതിന്റെ പിറ്റേ ദിവസം മെസ്സഞ്ചറിൽ ഇവിടുത്തെ ഒരു മെംബർ കൂടിയായ Saritha Sarin ൻ്റെ ഒരു “ഹായ്“. ആകാശദൂതിലെ കുഞ്ഞാവയെ കിട്ടിയിട്ടുണ്ട്… പക്ഷെ, കിട്ടിയ ആള് കറക്റ്റ് ആണോന്ന് ഒന്ന് വെരിഫൈ ചെയ്യാതെ ഉറപ്പ് പറയാനാവില്ലാ എന്ന്. ആളെ തപ്പിക്കോണ്ട് വന്ന സ്ഥിതിക്ക് പിന്നെ അത് ഒന്ന് ക്രോസ് ചെക്ക് ചെയ്യണമല്ലോ…!!! കുറെ ശ്രമങ്ങൾക്ക് ശേഷം തിരുവല്ലയിലെ കടപ്ര പഞ്ചായത്ത് മെമ്പർ ‘ജിവിൻ പുള്ളിമ്പള്ളിൽ‘ വഴിയാണ് ആള് കൃത്യമാണെന്ന് ഉറപ്പിച്ചത്…!!! ബെനും ജിവിനും ഒരേ സ്കൂളിൽ ആയിരുന്നു പഠിച്ചത്. ജിവിനും സരിതക്കും സ്പെഷ്യൽ താങ്ക്സ്…!!!’ എന്ന രസകരമായ കുറിപ്പാണ് ഇതേക്കുറിച്ച് ജോസ്മോൻ വഴയിൽ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.

ഏതായാലും കാണാൻ കൊതിച്ച കുഞ്ഞാവയെ കണ്ടെത്തിയ സന്തോഷത്തിലാണ് എം3ഡിബിയും സിനിമാ പ്രേമികളും. സിബി മലയിൽ സംവിധാനം ചെയ്ത് 1993 ലെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ആകാശദൂത് സിബി മലയിലിന്റെ സംവിധാനത്തിലാണ് പുറത്തിറങ്ങുന്നത് . 1983 ലെ വിൽ ലൗ മൈ ചിൽഡ്രൻ എന്ന അമേരിക്കൻ ടെലിവിഷൻ ചിത്രം ചില മാറ്റങ്ങളോടെ ആകാശ ദൂത് എന്ന പേരിൽ മലയാളത്തിൽ ആവിഷ്ക്കരിക്കുകയായിരുന്നു. ഡെന്നിസ് ജോസഫ് തിരക്കഥയൊരുക്കിയ ചിത്രത്തിൽ മുരളി, മാധവി മുരളി, മാധവി എന്നിവരായിരുന്നു മുഖ്യ വേഷങ്ങളിൽ എത്തിയത്.