‘ആ പ്രസ്താവന എന്നെ ഒട്ടും വിഷമിപ്പിച്ചില്ല, ബോഡി ഷെയ്മിങ്ങ് വിവാദം കാരണം രണ്ട് ദിവസം ഫോണ് സ്വിച്ച്ഡ് ഓഫ് ചെയ്ത് വെക്കേണ്ടി വന്നു’
മന്ത്രി വി.എൻ വാസവൻ അമിതാബ് ബച്ചനെയും ഇന്ദ്രൻസിനെയും ഉപമിച്ച് നടത്തിയ പ്രസ്താവന കലാസാംസ്ക്കാരിക ലോകത്ത് വലിയ തോതിലുള്ള വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ‘പാർട്ടികൾ ക്ഷീണിച്ച കാര്യം പറഞ്ഞാൽ സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിൽനിന്ന് കോൺഗ്രസിന് ഭരണം കൈമാറുകയായിരുന്നു. ഇപ്പോ എവിടെയെത്തി. കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ച് ഇല്ലാതായി. ഹിമാചൽ പ്രദേശിൽ അധികാരം കിട്ടിയപ്പോൾ രണ്ടു ചേരിയായി. മുഖ്യമന്ത്രിയുടെ മുന്നിൽ മുദ്രാവാക്യം വിളിക്കുകയാണ്. ഇതാണ് നിങ്ങളുടെ ഗതികേട്. കോൺഗ്രസിന്റെ സ്ഥിതി എടുത്താൽ ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോൺഗ്രസ് മലയാള സിനിമയിലെ ഇന്ദ്രൻസിന്റെ വലുപ്പത്തിലെത്തി’’– ഇതായിരുന്നു മന്ത്രി വാസവന്റെ വിവാദത്തിന് വഴി മരുന്നിട്ട വാക്കുകൾ.
പല ഭാഗത്ത് നിന്നും നിശിത വിമർശനങ്ങളും പ്രതിഷേധങ്ങും ഉയർന്നെങ്കിലും വളരെ സംയമനത്തോടെയാണ് അന്ന് ഇന്ദ്രൻസ് ഈ വിഷയത്തിൽ പ്രതികരിച്ചത്. മന്ത്രിയോട് പിണക്കമൊന്നുമില്ലെന്നും തങ്ങൾ മുമ്പെ ജനിച്ചതു കൊണ്ട് പുതിയ തലമുറയുടെ ഒരു സൂക്ഷ്മത പല കാര്യങ്ങളിലും തങ്ങൾ പുലർത്താൻ തങ്ങൾ വിട്ടു പോവാറുണ്ടെന്നുമായിരുന്നു അന്ന് ഇന്ദ്രൻസ് പറഞ്ഞത്.
ബോഡി ഷെയ്മിങ്ങ് ധ്വനിക്കുന്ന മന്ത്രി വാസവന്റെ പരാമർശം ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുകയാണ്. കൗമുദി മൂവീസ് യൂട്യൂബ് ചാനലിൽ ആനന്ദം പരമാനന്ദം സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന ഇന്റർവ്യൂവിനിടയിലാണ് ആ വിഷയത്തെക്കുറിച്ച് സംസാരമുണ്ടാകുന്നത്. ആ പ്രസ്താവന മന്ത്രി കുറ്റപ്പെടുത്തി പറഞ്ഞതായി തനിക്ക് തോന്നിയില്ലെന്നും ഒരു ശൈലിയിലങ്ങ് പറഞ്ഞു പോയതാണെന്നും മനപൂർവ്വമാണെന്ന് തോന്നുന്നില്ലെന്നുമാണ് ഇന്റർവ്യൂവിൽ ഇന്ദ്രൻസിനൊപ്പം പങ്കെടുത്ത നടൻ ബൈജു അതേക്കുറിച്ച് പ്രതികരിച്ചത്. ആ പ്രസ്താവന തന്നെയും ഒട്ടും വിഷമിപ്പിച്ചിട്ടില്ലെന്നും പ്രസ്താവന വിവാദമായതോടെ ഫോൺ കോളുകൾ ധാരാളം വന്നതിനാൽ രണ്ടു ദിവസം തനിക്ക് ഫോൺ സ്വിച്ച്ഡ് ഓഫ് ചെയ്യേണ്ട സാഹചര്യം വരെ ഉണ്ടായെന്നുമാണ് ഇന്ദ്രൻസ് ഇത് സംബന്ധിച്ച് പറഞ്ഞത്.
പ്രമോഷന്റെ ഭാഗമായുള്ള ഇന്റർവ്യൂകളുടെ ആവർത്തന വിരസത തന്നെ മടുപ്പിക്കുന്നതായും ഈ ഇന്റർവ്യൂവിൽ ബൈജു പറയുന്നുണ്ട്. ആനന്ദം പരമാനന്ദം സിനിമയിലെ നായികാ കഥാപാത്രമായ അനഘയും ഇന്റർവ്യൂവിന്റെ ഭാഗമായി എത്തിയിരുന്നു. താൻ ഡയറക്ടർ പറഞ്ഞ കാര്യങ്ങൾ മാത്രം ചെയ്യുമ്പോൾ ഇന്ദ്രൻസേട്ടനും ബൈജുച്ചേട്ടനും ഇമ്പ്രൂവൈസ് ചെയ്യാൻ ശ്രമിക്കുന്നതായി അനഘ പറഞ്ഞപ്പോൾ ബൈജുവും ഇന്ദ്രൻസും ചേർന്ന് അനഘയെ കളിയാക്കുന്നുമുണ്ട്. അനഘ ഡയറക്ടർ പറയുന്നത് മാത്രമാണ് ചെയ്യുന്നതെന്നും തങ്ങൾ ധിക്കാരികളാണെന്നുമാണ് അനഘ പറഞ്ഞ് വന്നതിന്റെ അർത്ഥമെന്ന് തമാശ രൂപേണ പറഞ്ഞാണ് ഇരുവരും അനഘയെ കളിയാക്കുന്നത്.
ആനന്ദം പരമാനന്ദം ഇപ്പോഴും തീയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഷാഫി സംവിധാനം ചെയ്യുന്ന സിനിമയിൽ ഇന്ദ്രൻസ്, ബൈജു, അനഘ എന്നിവർക്കൊപ്പം അജു വർഗീസ്, ഷറഫുദ്ദീൻ എന്നിവരും മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്.