അളിയാ കൈ നിറച്ച് മസിലാണല്ലേ.. വിവാദങ്ങൾക് മാസ്സ് മറുപടിയുമായി ഉണ്ണിമുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ


മലയാളിയാണെങ്കിലും തമിഴ് ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദുൻ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. ഉണ്ണി മുകുന്ദന്റെ മലയാളത്തിലെ ആദ്യ ചിത്രം മമ്മൂട്ടി നായകനായ ബോംബെ മാർച്ച് 12 ആയിരുന്നു. തുടർന്ന് ബാങ്കോക് സമ്മർ, തൽസമയം ഒരു പെൺകുട്ടി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.

2012- ൽ വൈശാഖ് സംവിധാനം ചെയ്ത മല്ലൂസിംഗ് എന്ന ചിത്രത്തിൽ നായകനായി. ഇതിന് പിന്നാലെ താരത്തെ തേടി ധാരാളം ചിത്രങ്ങൾ എത്തി. ഇതിൽ ഒട്ടുമിക്ക ചിത്രങ്ങളും സാമ്പത്തികമായി പരാജയപ്പെട്ടു. തുടർന്ന് 2016ൽ പുറത്തിറങ്ങിയ വിക്രമാദിത്യനാണ് താരത്തിന് വീണ്ടുമൊരു കരിയർ ബ്രേക്ക് നൽകിയത്.

2017- ൽ ക്ലിന്റ് എന്ന സിനിമയിൽ ക്ലിന്റിന്റെ അച്ഛന്റെ മുപ്പത്തി അഞ്ച് വയസ്സുമുതൽ എഴുപത്തി അഞ്ച് വയസ്സുവരെയുള്ള പ്രായത്തിലുള്ള വേഷമാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിച്ചത്. മികച്ച നടനുള്ള രാമു കാര്യാട്ട് അവാർഡ് ക്ലിന്റിലെ അഭിനയം നേടിക്കൊടുത്തു. അഭിനേതാവിന് പുറമെ താനൊരു പാട്ടുകാരനും സിനിമാ നിർമ്മാതാവുമാണെന്ന് ഉണ്ണി തെളിയിച്ചിട്ടുണ്ട്. അച്ചായൻസ്, ചാണക്യതന്ത്രം, എന്നീ സിനിമകളുൾപ്പെടെ അഞ്ചോളം സിനിമകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. അച്ചായൻസിൽ ഒരു ഗാനം എഴുതിയിട്ടുമുണ്ട്.

തന്റെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രത്തിന്റെ (മാളികപ്പുറം)സന്തോഷത്തിലാണ് ഉണ്ണി. സമൂഹമാധ്യമങ്ങളിൽ സജീവമായ ഉണ്ണി മുകുന്ദൻ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. താരം കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ പങ്കുവെച്ച ഒരു ഫോട്ടോയും അതിന് ലഭിച്ച കമന്റുമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

താരം ഫേസ്ബുക്കിൽ പങ്കുവെച്ച ഫോട്ടോയ്ക്ക് ഒരു ആരാധകൻ നൽകിയ കമന്റും അതിന് ഉണ്ണി മുകുന്ദന്റെ മറുപടി കമന്റുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മിറർ സെൽഫി ഫോട്ടോയാണ് ഉണ്ണി മുകുന്ദൻ ഷെയർ ചെയ്തത്. ‘കൈനിറച്ച് മസിലാണല്ലോ ഉണ്ണി മുകുന്ദൻ’ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് കണ്ണുവെച്ചോ നീ എന്നാണ് രസകരമായി ഉണ്ണി മുകുന്ദൻ നൽകിയ മറുപടി. ഞങ്ങളുടെ മസിലളിയൻ എന്നാണ് മറുപടിക്ക് താഴെ ആരാധകർ കുറിക്കുന്നത്.

അപർണ്ണ ബാലമുരളി നായികയായെത്തുന്ന മിണ്ടിയും പറഞ്ഞും എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി റിലീസിന് ഒരുങ്ങുന്നത്. അരുൺ ബോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൃദുൽ ജോർജുമായി ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ അരുൺ ബോസ് എഴുതിയിരിക്കുന്നത്. ‘സനൽ’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അഭിനയിക്കുന്നത്. ‘ലീന’യായി അപർണ ബാലമുരളിയും അഭിനയിക്കുന്നു. മധു അമ്പാട്ട് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. സൂരജ് എസ് കുറുപ്പ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മാളികപ്പുറം ആണ് ഉണ്ണിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. വിഷ്ണു ശശി ശങ്കർ ആണ് സംവിധാനം.