“ആ സിനിമ ഉദ്ദേശിച്ച പോലെയല്ല ചിത്രീകരിച്ചത്, പിന്നീട് ഒഴിഞ്ഞ് മാറാൻ പറ്റിയ സാഹചര്യം അല്ലായിരുന്നു”; ഗ്ലാമറസ് വേഷത്തെക്കുറിച്ച് സംയുക്ത/ Samyuktha Menon
2016ൽ പുറത്തിറങ്ങിയ പോപ്കോൺ എന്ന സിനിമയിലൂടെയാണ് സംയുക്ത മേനോൻ ചലച്ചിത്രലോകത്തേക്ക് കടന്നു വരുന്നത്. തുടർന്നഭിനയിച്ച തീവണ്ടിയിലെ നായിക സ്ഥാനം ശ്രദ്ധേയമായിരുന്നു. ലില്ലി എന്ന ചത്രത്തിലെ അഭിനയം താരത്തിന് മികച്ച കരിയർ ബ്രേക്ക് നൽകി. ഇപ്പോൾ തമിഴിലും തെലുങ്കിലും അറിയപ്പെടുന്ന നടിയാണ് സംയുക്ത.
അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കിൽ സംയുകതയായിരുന്നു നായിക. ധനുഷിന്റെ നായികയായി വാത്തി എന്ന ചിത്രത്തിലും താരം അഭിനയിച്ചു. ഒരേ സമയം രണ്ട് ഭാഷകളിലായൊരുങ്ങുന്ന ചിത്രമാണ് വാത്തി. അതുകൊണ്ട് തന്നെ അതിന്റേതായ ടെൻഷനുകൾ ഉണ്ടായിരന്നു എന്നാണ് താരം പറയുന്നത്. ബിഹൈൻഡ്സ് വുഡ്സ് തമിഴിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും സിനിമകളിൽ സംഭവിച്ച പിഴവുകളെക്കുറിച്ചും സംയുക്ത സംസാരിച്ചു. സംയുക്ത എരിഡ എന്ന ചിത്രത്തിൽ അൽപം ഗ്ലാമറസ് ആയിട്ടായിരുന്നു എത്തിയത്. താരത്തിന്റെ കഥാപാത്രത്തിന്റെ സ്വഭാവവും അങ്ങനെത്തന്നെയായിരുന്നു. ‘ആ സിനിമ ഉദ്ദേശിച്ചത് പോലെയല്ല എടുത്തത്. പക്ഷെ ഒരു സിനിമയിലേക്ക് വന്ന് പിന്നീട് പിൻവാങ്ങാൻ പറ്റുന്ന ഒരു പൊസിഷനിൽ ആയിരുന്നില്ല ഞാൻ,’- താരം വ്യക്തമാക്കി.
2021ൽ റിലീസ് ആയ ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു, നടൻ നാസർ, കിഷോർ, ഹരീഷ് പേരടി തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന വേഷം ചെയ്തത്.
നേരത്തെ അഭിനയിച്ച ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി താരം എങ്ങനെയാണ് ഇത്രയും മെലിഞ്ഞതെന്ന ചോദ്യത്തിന് സംയുക്ത ഏറെ വ്യക്തതയുള്ള മറുപടിയാണ് നൽകിയത്. ‘ആദ്യ സിനിമയിൽ ഞാൻ മെലിഞ്ഞിട്ടായിരുന്നു. അതിന് ശേഷം ലില്ലി എന്ന സിനിമയ്ക്കായി എനിക്ക് വണ്ണം വെക്കേണ്ടി വന്നു. പിന്നീട് നിരവധി സിനിമകൾ വന്നു. ആ സമയത്ത് എനിക്കൊരു പേഴ്സണൽ ട്രെയ്നറെ വെക്കാനുള്ള പണമില്ലായിരുന്നു’
‘എനിക്ക് പട്ടിണി കിടന്ന് വണ്ണം കുറയ്ക്കാൻ താൽപര്യമില്ലായിരുന്നു. വർക്ക് ചെയ്ത് പണം വന്ന ശേഷമാണ് നല്ല ഡയറ്റും ട്രെയ്നറെയും വെക്കാനുള്ള സാഹചര്യവും വന്നത്’.- സംയുക്ത വ്യക്തമാക്കി.