“എന്റെ ധീരവും നീതിപൂർവവുമായ നിലപാട് എതിർപ്പിന് കാരണമായേക്കും, സിനിമയെ ആക്രമിക്കുന്നത് ഭീരുത്വമാണ്: ധൈര്യമുണ്ടെങ്കിൽ നേരിട്ട് വാ”; ശ്വേതാ മേനോൻ


ശ്വേതാ മേനോനും നിത്യ ദാസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പള്ളിമണി എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഏറെക്കാലത്തിന് ശേഷം നിത്യാ മേനോൻ തിരിച്ച് വരവ് നടത്തുന്നു എന്ന രീതിയിൽ ശ്രദ്ധിക്കപ്പെട്ട ചിത്രം കൂടിയാണിത്. മാത്രമല്ല, ശ്വേത മേനോനും വലിയൊരു ബ്രേക്കിന് ശേഷം അഭിനയിക്കുന്ന എന്ന പ്രത്യേകതയുമുണ്ട്.

എന്നാലിപ്പോൾ സിനിമയുടെ പോസ്റ്റർ കീറിയതുമായി ബന്ധപ്പെട്ട ശ്വേതാ മേനോന്റെ കുറിപ്പാണ് ശ്രദ്ധനേടുന്നത്. തിരുവനന്തപുരത്തെ പൊലീസ് സ്റ്റേഷന് സമീപം പതിപ്പിച്ചിരുന്ന പള്ളിമണിയുടെ പോസ്റ്ററുകളാണ് കീറിയ നിലയിൽ കണ്ടെത്തിയത്. പോസ്റ്ററിലെ ശ്വേതയുടെ മുഖമാണ് കീറിമാറ്റിയിരിക്കുന്നത്. തന്നോടുള്ള എതിർപ്പിൽ സിനിമയെ ആക്രമിക്കുന്നത് ഭീരുത്വം ആണെന്ന് ശ്വേത കുറിച്ചു. കീറിയ നിലയിലുള്ള പോസ്റ്ററിന്റെ ചിത്രത്തിനൊപ്പമാണ് പോസ്റ്റ്.

പല കാര്യങ്ങളിലും താൻ എടുക്കുന്ന ധീരവും നീതിപൂർവ്വവുമായ നിലപാട് എതിർപ്പിന് കാരണമായേക്കാമെന്ന് മനസ്സിലാക്കുന്നുണ്ടെങ്കിലും, എന്റെ പങ്കാളിത്തത്തെ അടിസ്ഥാനമാക്കി ഒരു സിനിമയെ ആക്രമിക്കുന്നത് തികഞ്ഞ ഭീരുത്വമാണെന്ന് പറഞ്ഞ ശ്വേത ഇത്രയും തരംതാണ പ്രവൃത്തിക്ക് പിന്നിലുള്ളവരെ നേരിട്ട് നേരിടാൻ താൻ തയ്യാറാണെന്നും പറഞ്ഞു. കൂടാതെ, ഒരു സിനിമയെ ലക്ഷ്യം വെച്ചുകൊണ്ട് കഠിനാധ്വാനികളായ നിരവധി ആളുകളുടെ ഉപജീവനത്തെ വ്രണപ്പെടുത്തുന്ന പ്രവണതയെയും ശ്വേത തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു.

അനിൽ കുമ്പഴ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൈലാഷും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. അനിയൻ ചിത്രശാലയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. സജീഷ് താമരശേരിയാണ് ചിത്രത്തിന്റെ ആർട് ഡയറക്ടർ. രതീഷ് പല്ലാട്ടാണ് ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനർ. നാരായണൻ ആണ് ചിത്രത്തിന്റെ ഗാനരചന നിർവഹിക്കുന്നത്. ശ്രീജിത്ത് രവിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഫെബ്രുവരി 17ന് ആണ് പള്ളിമണിയുടെ റിലീസ്.

ശ്വേതാ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ

അടുത്തിടെ, തിരുവനന്തപുരത്ത് എന്റെ പുതിയ ചിത്രമായ പള്ളിമണിയുടെ പോസ്റ്ററുകൾ കീറിക്കളഞ്ഞതായി ശ്രദ്ധയിൽപ്പെട്ടു. പല വിഷയങ്ങളിലുമുള്ള എന്റെ ധീരവും നീതിപൂർവവുമായ നിലപാട് എതിർപ്പിന് കാരണമായേക്കാമെന്ന് ഞാൻ മനസ്സിലാക്കുന്നുണ്ടെങ്കിലും, എന്റെ പങ്കാളിത്തത്തെ അടിസ്ഥാനമാക്കി ഒരു സിനിമയെ ആക്രമിക്കുന്നത് തികഞ്ഞ ഭീരുത്വമാണ്. ഒരു നവാഗത സംവിധായകന്റെയും നവാഗത നിർമ്മാതാവിന്റെയും സ്വപ്ന സാക്ഷാത്കാരമാണ് ഈ ചിത്രം. അനവധി പേരുടെ ഉപജീവനമാർഗം സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഒരു സിനിമയെ ലക്ഷ്യം വെച്ചുകൊണ്ട് കഠിനാധ്വാനികളായ നിരവധി ആളുകളുടെ ഉപജീവനത്തെ വ്രണപ്പെടുത്തുന്നതിനുപകരം, ഈ തരംതാണ പ്രവർത്തനത്തിന് പിന്നിലുള്ളവരെ നേരിട്ട് നേരിടാൻ ഞാൻ തയ്യാറാണ്.