”ഞാനൊരു പുണ്യാളത്തി ആയത് കൊണ്ടല്ല, അതുപോലൊരു മോശം വാക്ക് ഇതുവരെ ആരെയും വിളിച്ചിട്ടില്ലായിരുന്നു”; സാഹചര്യം വ്യക്തമാക്കി സ്വാസിക| Jaffer Idukki| swasika vijay
ടെലിവിഷൻ സീരിയലിലൂടെയായിരുന്നു നടി സ്വാസിക വിജയ് മലയാളികൾക്ക് സുപരിചിതയാകുന്നത്. താരം അഭിനയിച്ച വാസന്തി എന്ന ചിത്രത്തിന് സംസ്ഥാന അവാർഡ് ലഭിച്ചിരുന്നെങ്കിലും ആ രീതിയിൽ ഒരു അംഗീകാരം ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ, നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന സിനിമയിലെ ശക്തമായ നായികാ കഥാപാത്രത്തിലൂടെ താരത്തിന് കൂടുതൽ പ്രശസ്തി ലഭിക്കുകയാണ്.
ചിത്രത്തിന്റെ തിയേറ്റർ റിലീസ് മാസങ്ങൾക്ക് മുൻപ് കഴിഞ്ഞിരുന്നു. ഈയടുത്ത് ചതുരം ഒടിടി പ്ലാറ്റ്ഫോമിലും റിലീസ് ചെയ്തു. ഇതോടെ ഒരുവിധം എല്ലാ പ്രേക്ഷകരിലേക്കും സിനിമ എത്തി. ഒരു നടിയെന്ന നിലയിൽ തനിക്ക് ആദ്യമായി സ്വയം തെളിയിക്കാൻ ലഭിച്ച അവസരമായിരുന്നു ഇത്. ഇത്തരമൊരു വേഷം ചെയ്യേണ്ടി വന്നപ്പോൾ വീട്ടുകാരും തന്റെ ആഗ്രഹത്തിനൊപ്പം നിന്നെന്നും സ്വാസിക പറയുന്നു. മാറ്റിനീ ലൈവ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
വളരെ ഇറോട്ടിക് ആയ കഥാപാത്രത്തെയാണ് സ്വാസിക ചതുരത്തിൽ അവതരിപ്പിച്ചിരിക്കുന്നത്, അത് നടിക്ക് എല്ലാ തരത്തിലും വെല്ലുവിളിയായിരുന്നു. ചിത്രത്തിൽ ജാഫർ ഇടുക്കി അവതരിപ്പിച്ച കഥാപാത്രത്തെ സ്വാസിക തെറി വിളിക്കുന്ന ഒരു സീനുണ്ട്, നേരത്തെ ഇതുപോലെ വിളിച്ച് ശീലമുണ്ടോയെന്ന് ചോദിച്ചപ്പോൾ ആദ്യമായിട്ടാണെന്നായിരുന്നു താരത്തിന്റെ മറുപടി.
”പട്ടി, തെണ്ടി എന്നെല്ലാം വിളിക്കാറുണ്ട്. പക്ഷേ ആ വാക്ക് ജീവിതത്തിൽ ആദ്യമായി ഉപയോഗിക്കുകയാണ്. ഞാനൊരു പുണ്യാളത്തി ആയത് കൊണ്ട് പറയുകയല്ല, അങ്ങനെ തെറിവിളിക്കാനൊരു സാഹചര്യവുമുണ്ടായില്ല, വിളിച്ചിട്ടുമില്ല- താരം വ്യക്തമാക്കി. പൊതുവെ ദേഷ്യം വരാത്ത ആളാണ്. ഞങ്ങളുടെ സിനിമയിൽ ഏറ്റവും കൂടുതൽ ടേക്ക് പോയത് ആ ഒരു സീനിനാണ്, ഏകദേശം 12 ടേക്ക് വരെ എടുത്തിട്ടുണ്ട്. ആ വാക്ക് പറയുമ്പോൾ എവിടെയാണ് പഞ്ച് കൊടുക്കേണ്ടത് എന്ന് മനസിലായിട്ടുണ്ടായിരുന്നില്ല.
ജാഫറിക്ക പിന്നീട് എങ്ങനെയാണ് വിളിക്കേണ്ടത് എന്ന് പറഞ്ഞ് തന്നു. എല്ലാവരും സഹായിച്ചു. ഒടുവിൽ 12മത്തെ ടേക്കിൽ സീൻ ഓക്കെ ആയി. പിന്നെ ഡബ്ബിങ്ങ് സ്റ്റുഡിയോയിലും ഇതേ പ്രശ്നം നേരിട്ടു, എവിടെയേ ഒരു പവർ ഇല്ലായ്മ. അതേസമയം, തിയേറ്ററിൽ ചതുരം കണ്ടപ്പോൾ ആ സീനിന് ഭയങ്കര കയ്യടിയായിരുന്നു. അപ്പോൾ എനിക്ക് സന്തോഷമായി”- താരം വ്യക്തമാക്കി.
തനിക്കൊരു കരിയർ ബ്രേക്ക് കിട്ടിയെങ്കിലും വലിയ മാറ്റം വന്നിട്ടില്ലായെന്നും മലയാളത്തിൽ നിന്ന് മികച്ച ഒരു വേഷത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നാണ് താരം പറയുന്നത്. മാത്രമല്ല, തനിക്ക് ചതരുത്തിൽ അവസരം ലഭിച്ചത് മിനിസ്ക്രീൻ താരങ്ങൾക്ക് പ്രതീക്ഷ നൽകുന്നതാണെന്നും സ്വാസിക പറയുന്നു.
അതേസമയം, സിദ്ധാർത്ഥ് ഭരതനും വിനോയ് തോമസും ചേർന്നാണ് ചതുരത്തിന് തിരക്കഥയൊരുക്കിയത്. റോഷൻ മാത്യു, അലൻസിയർ, ശാന്തി ബാലകൃഷ്ണൻ, ലിയോണ ലിഷോയ്, നിഷാന്ത് സാഗർ, ജാഫർ ഇടുക്കി എന്നിവർ ആയിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.