”എല്ലാവരും ശ്രദ്ധിക്കുക, നൂറ്റിയൊന്നല്ല ഒരു കിലോ ഉണ്ടായിരുന്നു സ്വര്‍ണം” വിവാഹത്തിന് ഇത്രയേറെ സ്വര്‍ണം ധരിക്കാനുണ്ടായ കാരണം വെളിപ്പെടുത്തി സീരിയല്‍ താരം ഐശ്വര്യ


മിനി സ്‌ക്രീനില്‍ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട സീരിയലുകളില്‍ ഒന്നാണ് കന്യാദാനം. സീരിയലില്‍ ചിലങ്ക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധനേടിയ നടിയാണ് ഐശ്വര്യ സുരേഷ്. ഇക്കഴിഞ്ഞ നവംബറില്‍ ഐശ്വര്യ വിവാഹിതയായിരുന്നു. വ്യാസുമായുള്ള ഐശ്വര്യയുടെ വിവാഹവിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വിവാഹത്തിന് അണിഞ്ഞ ആഭരണങ്ങളെ ചൊല്ലി പരിഹസിച്ചവര്‍ക്ക് മറുപടി നല്‍കുകയാണ് ഐശ്വര്യയും ഭർത്താവും. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസുതുറന്നത്.

വിവാഹത്തിന് നിറയെ ആഭരണങ്ങള്‍ അണിഞ്ഞായിരുന്നു ഐശ്വര്യ എത്തിയത്. നൂറ്റിയൊന്ന് പവന്‍ ആഭരണമുണ്ടായിരുന്നുവെന്ന വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ ”എല്ലാവരും ശ്രദ്ധിക്കുക, നൂറ്റിയൊന്നല്ല ഒരു കിലോ ഉണ്ടായിരുന്നു സ്വര്‍ണം” എന്നു പറഞ്ഞാണ് ഐശ്വര്യ വിമര്‍ശിക്കുന്നവരുടെ വായടപ്പിച്ചത്.

ഇങ്ങനെയുള്ള വിമര്‍ശനങ്ങളൊന്നും തന്നെ ബാധിക്കാറില്ലെന്നാണ് താരം പറയുന്നത്. പൊതുവെ സ്വര്‍ണാഭരണങ്ങള്‍ അധികം ധരിക്കാന്‍ ഇഷ്ടമില്ലാത്തയാളാണ്. കല്ല്യാണത്തിന് സ്വര്‍ണമെടുക്കാന്‍ പോയപ്പോള്‍ ഹെവിയായിട്ടുള്ള രണ്ട് മൂന്നെണ്ണം മതിയെന്നാണ് ഞാന്‍ പറഞ്ഞത്. അമ്മ പറഞ്ഞത്, അമ്മയ്ക്ക് ഇങ്ങനെ ഇടാന്‍ പറ്റിയിട്ടില്ല. മോളെങ്കിലും ഇട്ട് കാണണമെന്ന് ആഗ്രഹമുണ്ട് എന്നാണ്. അതുകൊണ്ടാണ് അത്രയേറെ സ്വര്‍ണം ധരിച്ചത്.”

”അതില്‍ ഒരു പൈസപോലും എന്റെതില്ല. എല്ലാം അച്ഛന്റേതാണ്. സക്‌സസ് ആവും എന്ന് ഉറപ്പുള്ള കാര്യത്തിനുവേണ്ടിയേ അത് എടുക്കുകയുള്ളൂ. അനാവശ്യമായി കളയില്ല.” ഐശ്വര്യ പറയുന്നു.

ഇന്‍സ്റ്റഗ്രാമിലെ ഫോട്ടോ കണ്ടിട്ടാണ് അഭിനയരംഗത്ത് അവസരം കിട്ടുന്നത്. അച്ഛനും അമ്മയ്ക്കുമൊന്നും ഒട്ടും താല്‍പര്യമില്ലാത്ത മേഖലയായിരുന്നു ഇത്. കരഞ്ഞ് കാലുപിടിച്ചാണ് അവരെക്കൊണ്ട് സമ്മതിപ്പിച്ചതെന്നും ഐശ്വര്യ പറയുന്നു. ഒരു ഷോര്‍ട്ട് ഫിലിമാണ് അന്ന് ചെയ്തത്. അതിലെ അസോസിയേറ്റ് വഴിയാണ് സൂര്യാ ടി.വിയിലെ സീരിയലില്‍ അവസരം ലഭിച്ചതെന്നും ഐശ്വര്യ പറയുന്നു.

Content Highlights / English Summary: Surya TV Malayalam TV serial Kanyadanam actress Aiswarya Suresh talks about her wedding and gold