”കണ്ണൻ മുതലാളിയും ദാസപ്പൻ മുതലാളിയും മുണ്ട് മടക്കിക്കുത്തി കഴിഞ്ഞാൽ അവരുടെ അടിവസ്ത്രം പുറത്ത് കാണും”; തന്റെ ഇമേജിന് ഒരിക്കലും ചേരുന്ന വേഷമായിരുന്നില്ല അതെന്ന് സുരേഷ് ​ഗോപി| Suresh Gopi| Thenkasipattanam


റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ലാൽ, ദിലീപ്, സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, കാവ്യ മാധവൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2000-ൽ പുറത്തിറങ്ങിയ സിനിമയാണ് തെങ്കാശിപട്ടണം. ധാരാളം ചിരി മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ഈ ചിത്രത്തിൽ സുരേഷ് ​ഗോപിയുടെ മേക്കോവർ ആയിരുന്നു ഹൈലൈറ്റ്.

അതുവരെ ആക്ഷൻ ചിത്രങ്ങളിൽ ​ഗൗരവമുള്ള റോളുകളിലെത്തിയ സുരേഷ് ​ഗോപി തികച്ചും പ്രേക്ഷകരെ ഞെട്ടിച്ച് കളഞ്ഞു. സുരേഷ് ​ഗോപിയുടെ കണ്ണൻ മുതലാളി തിയേറ്റുകളിൽ ചിരിയുടെ മാലപ്പടക്കമാണ് കൊളുത്തി വിട്ടത്. എന്നാൽ തെങ്കാശിപ്പട്ടണത്തിലേക്ക് തന്നെ ഒരിക്കലും കാസ്റ്റ് ചെയ്യണമെന്ന് കരുതിയതല്ല എന്നാണ് സുരേഷ് ​ഗോപി പറയുന്നത്.

സിനിമയുടെ കഥ എഴുതുന്ന സമയത്ത് മോഹൻലാലിന്റെയും സുരേഷ് ​ഗോപിയുടെയും പേരുകൾ പറഞ്ഞതിന് ശേഷം തന്റെ പേര് കണ്ണൻ മുതലാളിയുടെ കഥാപാത്രത്തിന് വേണ്ടി സങ്കൽപ്പിച്ച് നോക്കിയപ്പോൾ തന്നെ എല്ലാവരും നിർത്താന്ഡ കഴിയാത്ത വണ്ണം പൊട്ടിച്ചിരിച്ചു എന്നാണ് സുരേഷ് ​ഗോപി പറയുന്നത്.

”തെങ്കാശിപ്പട്ടണം എഴുതുന്ന സമയത്ത് ഒരുപാട് താരങ്ങളുടെ പേരുകൾ മനസിൽ ഉണ്ടായിരുന്നു. ഇത് മമ്മൂക്ക ചെയ്താൽ നന്നായിരിക്കും. ലാലേട്ടൻ ചെയ്താൽ ന്നനായിരിക്കും എന്നെല്ലാം പറഞ്ഞു. ഇത് സുരേഷ് ​ഗോപി എന്ന് പറഞ്ഞ് തുടങ്ങിയപ്പോൾ തന്നെ ഞങ്ങളെല്ലാം കെടന്ന് ചിരിച്ചു. തോക്കും വെടിയും പുകയും ബോംബുമെല്ലാമായി നടു വിരിച്ച് നിൽക്കുന്ന ഇങ്ങേര് എങ്ങനെ ശരിയാകും?

പക്ഷേ, ഞങ്ങൾ ഇത് പറഞ്ഞ് ഒരുപാട് ചിരിച്ചു. കാരണം ഇതിൽ കണ്ണൻ മുതലാളിയും ദാസപ്പൻ മുതലാളിയും മുണ്ട് മടക്കിക്കുത്തിക്കഴിഞ്ഞാൽ അവരുടെ അടിവസ്ത്രം പുറത്ത് കാണാൻ പറ്റും, മറ്റേ വരയൻ നിക്കർ. മമ്മൂക്കയെ അതുപോലെയുള്ള വേഷങ്ങളിൽ കണ്ടിട്ടുണ്ട്. ലാലേട്ടനെ ഒരുപാട് കണ്ടിട്ടുണ്ട്.

പക്ഷേ ഇങ്ങനെ തോക്കും പിടിച്ച് ഉശിരൻ കഥാപാത്രങ്ങൾ ചെയ്യുന്ന ആൾ ഈ മുണ്ടും മടക്കിക്കുത്തി നിക്കർ വെളിയിൽ കാണിച്ച് നിൽക്കുന്ന കാഴ്ച ഓർത്ത് ഞങ്ങൾ നിർത്താനാവാതെ ചിരിച്ചു. അങ്ങനെ തീരുമാനിച്ചു കണ്ണൻ മുതലാളി സുരേഷ് ​ഗോപി ആണെന്ന്”- അദ്ദേഹം വ്യക്തമാക്കി.