”എടാ റോളക്സ് എല്ലാം വല്ല അപ്പൂപ്പൻമാരും വാങ്ങുന്ന വാച്ചല്ലേ, തിരിഞ്ഞ് നോക്കിയപ്പോൾ മമ്മൂക്ക”; വാച്ച് വാങ്ങാൻ പോയ കഥ പറഞ്ഞ് സുരേഷ് ​ഗോപി| Suresh Gopi| Mammootty


1997 മുതൽ താൻ ഒരു റോളക്സ് വാച്ച് സ്വന്തമാക്കാൻ വേണ്ടി നടക്കുകയായിരുന്നു എന്ന് നടൻ സുരേഷ് ​ഗോപി. അങ്ങനെയിരിക്കുമ്പോൾ ഒരിക്കൽ വാച്ച് വാങ്ങാൻ ഷോപ്പിൽ പോയപ്പോൾ മമ്മൂട്ടിയുമായി ഉണ്ടായ സംഭാഷണമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. താൻ വാച്ച് നോക്കിക്കൊണ്ടിരിക്കുമ്പോൾ മമ്മൂട്ടി പിറകിൽ വന്ന് റോളക്സ് ആണോ വാങ്ങുന്നത് എന്ന് ചോദിച്ച് വേറെ ചില വാച്ചുകൾ നിർദേശിച്ചു.

റോളക്സ് പ്രായമായവർ ഉപയോ​ഗിക്കുന്ന വാച്ച് ആണെന്നും അത് വാങ്ങേണ്ട എന്നും സുരേഷ് ​ഗോപിയോട് പറഞ്ഞ മമ്മൂട്ടി അദ്ദേഹത്തിന് പിയാജെറ്റ്സ് പോലെയുള്ള ന്യൂ ജനറേഷൻ വാച്ചുകളാണ് നിർദേശിച്ചത്. പക്ഷേ സുരേഷ് ​ഗോപി റോളക്സ് വാച്ച് സ്വന്തമാക്കാൻ ആ​ഗ്രഹിച്ചതിന് പിന്നിൽ ഒരുപാട് കാരണങ്ങൾ ഉണ്ടായിരുന്നു. അദ്ദേഹം അപ്പോൾ തന്നെ അതെല്ലാം പറഞ്ഞ് മമ്മൂട്ടിയെ കൺവിൻസ് ചെയ്യിപ്പിക്കാനാണ് ശ്രമിച്ചത്. ഇപ്പോൾ സുരേഷ് ​ഗോപി ഉപയോ​ഗിക്കുന്നതും തന്റെ പ്രിയപ്പെട്ട റോളക്സ് വാച്ച് തന്നെയാണ്.

”ഇത് വാങ്ങാൻ വേണ്ടി ഞാൻ 1997 മുതൽ നടക്കുകയാണ്. ഒരു പ്രാവശ്യം വാച്ച് വാങ്ങാൻ കടയിൽ പോയി ഇങ്ങനെ നോക്കി കൊണ്ടിരിക്കുമ്പോൾ പിറകിൽ നിന്നൊരു ശബ്ദം. റോളക്സ് ആണോടാ വാങ്ങിക്കുന്നത് എന്ന്. തിരിഞ്ഞ് നോക്കിയപ്പോൾ മമ്മൂട്ടിയാണ്. എടാ റോളക്സ് എല്ലാം വല്ല അപ്പൂപ്പൻമാരും വാങ്ങുന്ന വാച്ചല്ലേ, നീയാ പിയാജെറ്റ് വാങ്ങിക്ക്.

മമ്മൂക്കാ, റോളക്സ് എന്ന് പറയുന്ന വാച്ച് മാത്രമാണ് നമുക്ക് ബാങ്കിൽ കൊണ്ടുപോയി പണയം വെക്കാൻ പറ്റുന്നത്. അങ്ങനെ ലോകത്തിൽ ഒരു വാച്ചേയുള്ളു. അത് റോളക്സ് ആണ്. വിൽപ്പത്രത്തിൽ ഇത് എന്റെ ഇളയ മകന് അല്ലെങ്കിൽ മൂത്ത മകന് എന്ന് പറഞ്ഞ് എഴുതി വെക്കുന്ന ഒരു വാച്ച് റോളക്സ് ആണ്. റോളക്സ് എപ്പോഴും ലെ​ഗസിയുടെ ഭാ​ഗമാണ്”- സുരേഷ് ​ഗോപി മമ്മൂട്ടിയോട് പറഞ്ഞു.

2016 മുതൽ 2021 വരെ രാജ്യസഭാംഗമായിരുന്ന സുരേഷ് ​ഗോപി 2022ൽ ഇറങ്ങിയ പാപ്പൻ എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. സിനിമകളിൽ വീണ്ടും സജീവമാകാനൊരുങ്ങുന്ന താരത്തിന്റെ മൂന്ന് സിനിമകളുടെ വർക്കുകൾ നടക്കുകയാണ്. താരത്തിന്റെ മകൻ ​ഗോകുൽ സുരേഷ് ​ഗോപി നേരത്തെ മലയാള സിനിമയിൽ എത്തിയിരുന്നു. പാപ്പൻ എന്ന ചിത്രത്തിലൂടെ രണ്ടാമത്തെ മകൻ ​ഗോകുൽ സുരേഷ് ​ഗോപിയും മലയാള സിനിമയിലെത്തി.