”ഈട ബാബുചേട്ടന്‍ എപ്പഴാ വരുന്നേ?” കണ്ണൂരില്‍ മദനോത്സവം ഷൂട്ടിങ്ങിനിടെയുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച് സുരാജ് വെഞ്ഞാറമ്മൂട് | Suraj Venjaramoodu | Babu Antony
മലയാള സിനിമയില്‍ ഒരുകാലത്തെ ട്രെന്റ് സെറ്ററായിരുന്നു ബാബു ആന്റണി. നീട്ടി വളര്‍ത്തിയ മുടിയും കാതിലൊരു കടുക്കനും കട്ടത്താടിയുമൊക്കെയായി ഒരു കാലത്തെ സിനിമകളില്‍ ഹീറോയും വില്ലനുമായെല്ലാം തിളങ്ങിയ ബാബു ആന്റണിയുടെ ആക്ഷന്‍ രംഗങ്ങള്‍ എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും കുട്ടികള്‍ക്ക് ഹരമായിരുന്നു.
സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന മദനോത്സവം എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിക്കുന്നത് ബാബു ആന്റണിയാണ്. പഴയ കാല ബാബു ആന്റണി ആരാധകര്‍ ഇന്നും അദ്ദേഹത്തോടുള്ള സ്‌നേഹവും ആരാധനയും ഒട്ടും കുറഞ്ഞിട്ടില്ലെന്ന് വെളിവാക്കുന്നതായിരുന്നു മദനോത്സവത്തിന്റെ സെറ്റിലെ അനുഭവങ്ങള്‍ എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും സുരാജ് വെഞ്ഞാറമ്മൂടും പറയുന്നത്. സെറ്റില്‍ എല്ലാവരും അന്വേഷിച്ചത് ബാബു ആന്റണിയെക്കുറിച്ചാണെന്ന് പറയുകയാണ് സുരാജ്.
” ഞങ്ങള്‍ ഓരോ സ്ഥലത്തും ഷൂട്ട് ചെയ്യാന്‍ പോകുമ്പോള്‍ വരുന്ന ആദ്യത്തെ ചോദ്യം ബാബു ആന്റണി എപ്പോഴാ വരുന്നതെന്നാണ്. പല സ്ഥലത്തുനിന്നും സുരാജിനെ വിളിച്ച് ആളുകള് രഹസ്യമായി ചോദിക്കും, അല്ല നമ്മുടെ ബാബു ആന്റണി എപ്പോഴാ വരുന്നത്.” ചിത്രത്തിന്റെ തിരക്കഥാ കൃത്ത് രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ഓര്‍ക്കുന്നു.
അപ്പോള്‍ സുരാജിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു- ”എന്നോട് ആള്‍ക്കാര് വന്ന് ചോദിക്കും, ഈട ബാബുചേട്ടന് എപ്പോഴാ വരുന്നേ, ഇങ്ങളൊന്ന് പറയ്വോ. അവസാനം എനിക്ക് മെയില്‍ ജോലി ഇതായി. ഞാനിവരോട് ചോദിച്ചോ എടോ ബാബു ആന്റണി എന്നാ വരുന്നേന്ന്.”
താനും ബാബു ആന്റണിയുടെ ആരാധകനായിരുന്നുവെന്നും സുരാജ് വെളിപ്പെടുത്തി. ”അദ്ദേഹത്തിന്റെ പടം എന്നാ വരുന്നത് എന്ന കാത്തിരിക്കും. കഥ എന്തായാലും പ്രശ്‌നമില്ല, ഒരു അടിപ്പടം കാണുകയെന്നതാണ്.”