”സുരേഷ് ​ഗോപിയെ കിട്ടിയില്ല, തൽക്കാലം സുരാജ് വെഞ്ഞാറമ്മൂടിനെ വെച്ച് അഡ്ജസ്റ്റ് ചെയ്യാം”; സിനിമയിൽ വന്നാലെങ്കിലും സുരേഷ് ​ഗോപിയെ നേരിൽ കാണാമെന്ന് കരുതി നടിയായ ആരാധിക| Suraj Venjaramoodu| Madanolsavam| Babu Antony


ന്നാ താൻ കേസ് കൊട് എന്ന സിനിമക്ക് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥയൊരുക്കുന്ന ചിത്രമാണ് മദനോൽസവം. നവാ​ഗതനായ സുധീഷ് ​ഗോപിനാഥ് സംവിധാനം നിർവഹിക്കുന്ന സിനിമയിൽ സുരാജ് വെഞ്ഞാറമ്മൂടും ബാബു ആന്റണിയുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഷുവിന് തിയേറ്ററുകളിലെത്തുന്ന സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് താരങ്ങൾ.

സിനിമയുടെ പ്രമേഷനുമായി ബന്ധപ്പെട്ട് സുരാജും ബാബു ആന്റണിയും സിനി മാൻ എന്ന യൂട്യൂബ് ചാനലിൽ പങ്കെടുത്തപ്പോഴുണ്ടായ രസകരമായ സംഭവങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ചിത്രത്തിൽ സുരാജിന്റെ അമ്മായി ആയി അഭിനയിക്കുന്ന പുതുമുഖ നടി ചന്ദ്രിക സുരേഷ് ​ഗോപിയെ കാണണം എന്ന ആ​ഗ്രഹം ഒന്നുകൊണ്ട് മാത്രമാണ് സിനിമയിൽ വന്നതെന്നാണ് പറയുന്നത്. ഇതിനെ സുരാജ് രസകരമായി ട്രോളുന്നുമുണ്ട്. ഇവരുടെ മൂന്ന് മിനിറ്റ് ദൈർഘ്യമുളള സംസാരം സോഷ്യൽമീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ താൻ സുരേഷ് ​ഗോപിയെ കാണാൻ വേണ്ടി മാത്രം കണ്ണൂര് നിന്ന് തിരുവനന്തപുരത്തേക്ക് വണ്ടി കയറി എന്നാണ് ചന്ദ്രിക പറയുന്നത്. സഹോദരന്റെ എതിർപ്പ് അവ​ഗണിച്ച് അദ്ദേഹത്തിന്റെ വീട്ടിൽ പോയെങ്കിലും സെക്യൂരിറ്റി കയറ്റി വിട്ടില്ല. പിന്നീട് ഒരുപാട് നേരം അവിടെ നിന്ന് കരഞ്ഞ അവരെ സഹോദരൻ വന്ന് കൂട്ടുകൊണ്ടു പോവുകയായിരുന്നു.

അന്ന് മുതൽ ഇന്ന് വരെ സുരേഷ് ​ഗോപിയെ നേരിട്ട് കാണണമെന്ന ആ​ഗ്രഹവവുമായി നടക്കുകയാണ് ഈ പുതുമുഖ നടി. ഒരു സിനിമയിൽ അഭിനയിക്കണമെന്നും അതുവഴി സുരേഷ് ​ഗോപിയെ കാണണമെന്നുമായിരുന്നു ചന്ദ്രികയുടെ ആ​ഗ്രഹം. ഇതിനിടെ സുരേഷ് ​ഗോപി ഇല്ലെങ്കിൽ ഒരു സുരാജ് വെഞ്ഞാറമ്മൂടെങ്കിലും എന്ന് കരുതിയാണ് തന്റെ കൂടെ അഭിനയിച്ചത് എന്ന് സുരാജ് ട്രോളുന്നുണ്ട്. സിനിമയിൽ അഭിനയിക്കുന്നത് വഴി സുരേഷ് ​ഗോപിയെ കാണണം എന്നാണ് ചേച്ചിയുടെ ആ​ഗ്രഹം എന്നും സുരാജ് പറഞ്ഞു.

”തിരുവനന്തപുരത്ത് നിന്ന് സുരേഷ് ​ഗോപിയെ കാണാതെ മടങ്ങിയപ്പോൾ തൊട്ടുള്ള ആ​ഗ്രഹമാണ് ഒരു സിനിമയിൽ അഭിനയിക്കണമെന്നും സുരേഷ് ​ഗോപിയെ കാണണമെന്നും. അങ്ങനെ ഈ സിനിമയിൽ വന്നു. സുരാജ്, ​ഗോകുൽ, സുധീഷ് തുടങ്ങിയവരുടെയെല്ലാം പിന്തുണയുണ്ട്. അതൊരു ഭാ​ഗ്യമായാണ് ഞാൻ കരുതുന്നത്. എല്ലാവരും ഈ സിനിമ കാണണം”- ചന്ദ്രിക വ്യക്തമാക്കി.

വിഷുവിന് കുടുംബപ്രേക്ഷകർക്ക് തിയേറ്ററിൽ ഒത്തൊരുമിച്ചു ചിരിക്കാനും ആസ്വദിക്കാനും സാധിക്കുന്ന ചിത്രമായിരിക്കുമെന്നുറപ്പാണ് ഇതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. മദനൻ എന്ന കഥാപാത്രത്തെയാണ് സുരാജ്‌ വെഞ്ഞാറമൂട് അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂടിനൊപ്പം ബാബു ആന്റണിയും പ്രധാനപ്പെട്ട വേഷമാണ് അവതരിപ്പിക്കുന്നത്.

ചിത്രത്തിൽ ഭാമ അരുൺ, രാജേഷ് മാധവൻ, പി പി കുഞ്ഞികൃഷ്ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ, ജോവൽ സിദ്ധിഖ് (ബാലതാരം), സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇ സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കിയാണ് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയൊരുക്കിയിരിക്കുന്നത്.