‘അന്ന് അവര് തമ്മില്‍ വഴക്കായി, പിന്നെ സിനിമയില്‍ കാണുന്നത് പോലെ ക്രമേണ അവര്‍ തമ്മില്‍ പ്രണയത്തിലായി, പിന്നെ ഒരുനാള്‍ അവള്‍ പോയി…’; സൂപ്പര്‍താരം രജനികാന്തിന്റെ നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ് ശ്രീനിവാസന്‍ | Super Star Rajinikanth | Malayalam Actor Sreenivasan | Heart Breaking Love Story


തമിഴകത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ തന്നെ സൂപ്പര്‍ഹീറോ പരിവേഷമുള്ള നടനാണ് രജനികാന്ത്. തന്റെ സ്വതസിദ്ധമായ സ്റ്റൈലിലൂടെ ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ രജനി തന്റെ സാന്നിധ്യം കൊണ്ട് മാത്രം ഹിറ്റാക്കിയ സിനിമകള്‍ നിരവധിയാണ്. തമിഴകത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച രജനി ചിത്രങ്ങള്‍ ഇന്നത്തെ ബാഹുബലിക്കും കെ.ജി.എഫിനും കാന്താരയ്ക്കുമെല്ലാം മുന്നേ പാന്‍ ഇന്ത്യന്‍ സിനിമകളായിരുന്നു. രജനി എന്ന താരമാകട്ടെ ഇന്ത്യയെന്ന രാജ്യത്തിന്റെ മാത്രമല്ല, ലോകമാകെ തന്റെ പ്രശസ്തി അതിനകം വ്യാപിപ്പിച്ച് കഴിഞ്ഞിരുന്നു.

ശങ്കറിന്റെ ശിവാജി ദി ബോസ്, എന്തിരന്‍, എന്തിരന്‍ 2.O എന്നിവയും കബാലി, പേട്ട, ദര്‍ബാര്‍, അണ്ണാത്തെ, കാല, ലിംഗ, ചന്ദ്രമുഖി എന്നിവയെല്ലാമാണ് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പുറത്തിറങ്ങിയ രജനി ചിത്രങ്ങള്‍. എല്ലാ ചിത്രങ്ങളും ഒന്നിനൊന്ന് സൂപ്പര്‍ഹിറ്റുകളായിരുന്നു. എന്നാല്‍ അതിനും മുന്നേ ഇറങ്ങിയ ബ്ലോക്ക് ബസ്റ്ററുകളായ പടയപ്പ, ബാഷ, മുത്തു, അരുണാചലം, ദളപതി തുടങ്ങിയ ഒട്ടനേകം ചിത്രങ്ങളാണ് രജനിയെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തിയത്.

അമാനുഷിക പരിവേഷമുള്ള രജനി പക്ഷേ യഥാര്‍ത്ഥ ജീവിതത്തില്‍ പച്ചയായ മനുഷ്യനാണ്. ജീവിതത്തില്‍ മേക്ക് അപ്പും വിഗ്ഗുമൊന്നുമില്ലാതെ ലളിതമായ വസ്ത്രധാരണത്തിലൂടെയാണ് താരം മണ്ണില്‍ ചവിട്ടി നില്‍ക്കുന്നത്. ബസ് കണ്ടക്ടര്‍ എന്ന സാധാരണക്കാരനില്‍ നിന്ന് പടിപടിയായി ഉയര്‍ന്നുവന്നതാണ് അദ്ദേഹത്തിന്റെ ലാളിത്യത്തിന് കാരണമെന്നാണ് പലരും പറയുന്നത്.

സൂപ്പര്‍താരമോ നടനോ ഒക്കെ ആകുന്നതിന് മുമ്പ് രജനികാന്തിന് ഒരു പ്രണയം ഉണ്ടായിരുന്നു. നഷ്ടപ്രണയം എന്ന് പറയുന്നതാകും കൂടുതല്‍ ശരി. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രജനികാന്തിനൊപ്പമുണ്ടായിരുന്ന മലയാളികളുടെ സ്വന്തം ശ്രീനിവാസനാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. ബെംഗളൂരുവില്‍ ബസ് കണ്ടക്ടറായിരിക്കുമ്പോഴാണ് രജനിക്ക് ആ പ്രണയം ഉണ്ടായിരുന്നത് എന്ന് ശ്രീനി പറയുന്നു.

‘ബസ് കണ്ടക്ടറായിരിക്കുമ്പോഴാണ് നിര്‍മ്മല എന്ന പെണ്‍കുട്ടിയെ രജനികാന്ത് ആദ്യമായി കാണുന്നത്. നമ്മള് സിനിമയിലൊക്കെ കാണുന്നത് പോലെയായിരുന്നു ആ സംഭവം. ബസ്സിന്റെ പുറകില്‍ കൂടി കയറി മുന്നില്‍ ഇറങ്ങുന്നതായിരുന്നു അവിടത്തെ രീതി. എന്നാല്‍ തിരക്കുള്ള സമയത്ത്, എം.ബി.ബി.എസ്സിന് ഒരു പെണ്‍കുട്ടി ഇത് തെറ്റിച്ച് മുന്നില്‍ കൂടി കയറാന്‍ ശ്രമിച്ചു. രജനി ഇത് തടഞ്ഞ് പിന്നില്‍ കൂടെ കയറാന്‍ പറഞ്ഞു. എന്താ മുന്നിലൂടെ കയറിയാലെന്ന് പറഞ്ഞ് അവളും വിട്ട് കൊടുത്തില്ല. അവര് തമ്മില് വഴക്കായി.’ -ശ്രീനിവാസന്‍ പറഞ്ഞു.

‘സിനിമയില്‍ കാണുന്നത് പോലെ എന്ന് പറയാന്‍ കാരണം, ക്രമേണ ഇവര് തമ്മിലുള്ള പരിചയം പ്രണയമായി മാറി. അങ്ങനെ ഒരിക്കല്‍ രജനി നിര്‍മ്മലയെ താന്‍ അഭിനയിക്കുന്ന നാടകം കാണാന്‍ ക്ഷണിച്ചു. നാടകത്തിലെ രജനിയുടെ അഭിനയം കണ്ട അവള്‍ അത്ഭുതപ്പെട്ടുപോയി. അങ്ങനെയിരിക്കെ പിന്നീട് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരസ്യം ആ കുട്ടിയാണ് ഇയാളെ കാണിച്ചു കൊടുക്കുന്നത്. നിങ്ങള് അവിടെ പോയി പഠിക്കണമെന്ന് അവള്‍ അയാളോട് പറഞ്ഞു. ഇത്രയും കഴിവുള്ള നിങ്ങള്‍ അതിന് ശ്രമിക്കാതിരിക്കരുത്. നിങ്ങളുടെ മുഖം പതിപ്പിച്ച പോസ്റ്ററുകള്‍ എനിക്ക് കാണണം. അവള്‍ നിരന്തരമായി അതിന് പ്രേരിപ്പിച്ചാണ് സൗത്ത് ഇന്ത്യന്‍ ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സിലേക്ക് രജനിയെ അയച്ചത്. പൈസ എവിടുന്ന് കിട്ടുമെന്നൊന്നും അറിയില്ല. ആദ്യഘട്ടങ്ങളില്‍ മുഴുവന്‍ ഈ കുട്ടിയാണ് പഠിക്കാനാവശ്യമായ പണം രജനികാന്തിന് അയച്ച് കൊടുക്കുന്നത്.’ -ശ്രീനി തുടര്‍ന്നു.

‘ഒരു ദിവസം തൊട്ട് ആ കുട്ടിയെ കുറിച്ച് പിന്നെ യാതൊരു വിവരവുമില്ല. പിന്നീട് രജനി കണ്ണീരോടെ ദേവനോട് പറഞ്ഞു, ‘ഞാനിപ്പോള്‍ ജീവിക്കുന്നത് ഒരിക്കലെങ്കിലും ആ കുട്ടിയെ ഒന്ന് കാണാന്‍ വേണ്ടിയാണ്’ എന്ന്. അന്ന മുതല്‍ എവിടെ പോയാലും രജനികാന്തിന്റെ കണ്ണുകള്‍ തിരയുന്നത് നിര്‍മ്മല എന്ന ആ പെണ്‍കുട്ടിയുടെ മുഖമാണ്. ‘എന്നെ വേണമെങ്കില്‍ നിര്‍മ്മലയ്ക്ക് എളുപ്പം കണ്ടെത്താം, പക്ഷേ എനിക്ക് അവളെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്’ എന്നും രജനി പറഞ്ഞിട്ടുണ്ട്. നിര്‍മ്മലയെ എന്നെങ്കിലും കാണാന്‍ സാധിക്കണമെന്ന പ്രാര്‍ത്ഥനയോടെയാണ് അദ്ദേഹം ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. അവളെ കുറിച്ച് പറയുമ്പോഴെല്ലാം ഇന്ത്യയുടെ സൂപ്പര്‍ സ്റ്റാറായ രജനികാന്തിന്റെ കണ്ണ് നിറയാറുണ്ട്.’ -ശ്രീനിവാസന്‍ പറഞ്ഞു നിര്‍ത്തി.

Content Highlights / English Summary: Malayalam actor Sreenivasan says heart breaking lost love story of Tamil super star Rajinikanth.