“പ്രണയിക്കാനുള്ള സമയം ഞങ്ങൾക്ക് കടന്നുപോയിരുന്നു, ഒന്നിച്ച് ജീവിക്കാൻ ആഗ്രഹിച്ചു, ഫെബ്രുവരിയിൽ വിവാഹം കഴിക്കാമെന്നും കരുതി”; വേദനയായി കലാഭവൻ രാഹുൽ| kabhavan rahul | subi suresh
നടി സുബി സുരേഷിന്റെ വിയോഗം സിനിമാലോകത്തെയാകെ സങ്കടത്തിലാഴ്ത്തുകയാണ്. വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്ന സമയത്താണ് മരണം രംഗബോധമില്ലാത്ത കോമാളിയായി താരത്തിന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. ഫെബ്രുവരിയിൽ താൻ വിവാഹിതയാകുമെന്ന് താരം പറഞ്ഞിരുന്നതായിരുന്നു, പക്ഷേ വിവാഹമല്ല, മറിച്ച് മരണമാണ് താരത്തെ തേടിയെത്തിയത്.
മിമിക്രി കലാകാരനായ കലാഭവൻ രാഹുലുമായാണ് സുബിയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. തന്റെ പ്രിയപ്പെട്ടവളുടെ അവസാന നിമിഷങ്ങളിലും വേദന കടിച്ചമർത്തി രാഹുൽ ഒപ്പമുണ്ടായിരുന്നു. ആശുപത്രിയിൽ പൊതുദർശനത്തിനുവെച്ച സുബിയെ കാണാൻ രാഹുൽ എത്തിയിരുന്നു. സങ്കടം ഉള്ളിലൊതുക്കി, സുബിയുടെ മുഖത്തേക്ക് ഒന്ന് നോക്കിയതിന് ശേഷം രാഹുൽ തിരിഞ്ഞ് നടക്കുകയും ചെയ്തു.
എല്ലാ രീതിയിലുള്ള ചികിത്സയും കൊടുത്ത് നോക്കിയെങ്കിലും ആളെ കിട്ടിയില്ലെന്നാണ് രാഹുൽ പറഞ്ഞത്. കുറേ നാളായി ഞങ്ങൾ ഒരുമിച്ച് പ്രോഗ്രാമിന് പോയിക്കൊണ്ടിരിക്കുകയായിരുന്നു. തങ്ങൾ അടുത്ത സുഹൃത്തുക്കളായിരുന്നു. തങ്ങൾക്കിടയിലെ സൗഹൃദം വളരെ മികച്ചാതായിരുന്നെന്നും രാഹുൽ പറഞ്ഞു.
പ്രണയിക്കുവാൻ ഒക്കെയുള്ള സമയം ഞങ്ങൾക്ക് രണ്ടുപേർക്കും കടന്നു പോയല്ലോ. ഒരുമിച്ച് ജീവിക്കണമെന്ന് തോന്നിയിരുന്നു. ആർക്കും കുഴപ്പങ്ങൾ ഒന്നുമില്ലെങ്കിൽ ഒരുമിച്ചു പോകാം എന്ന് ഒരു തീരുമാനത്തിലെ എത്തിയിരുന്നു. ഫെബ്രുവരിയിൽ കല്യാണം കഴിക്കാൻ ആണ് തീരുമാനിച്ചിരുന്നത്. – രാഹുൽ പറഞ്ഞു.
ആശുപത്രിയിൽവെച്ച് സംസാരിച്ചപ്പോൾ പല ഘട്ടത്തിൽ ആരോഗ്യത്തിൽ ഇംപ്രൂവ്മെന്റ് ഉണ്ടായിരുന്നു. ചില സമയങ്ങളിൽ ഓർമയൊക്കെ പോകുന്നുണ്ടായിരുന്നു. ഡോക്ടർമാരും പറഞ്ഞത് ഇംപ്രൂവായി വരുമെന്നാണ്. പക്ഷേ സോഡിയവും പൊട്ടാസ്യവുമൊക്കെ കുറയാറുണ്ട്. പുള്ളിക്കാരി ഭക്ഷണം കഴിക്കുന്നത് കുറവായിരുന്നു. ട്രിപ്പ് പോകുകയാണെങ്കിലും ഭക്ഷം കഴിക്കുന്നത് സുബിക്ക് വലിയ താൽപര്യം ഇല്ലായിരുന്നു. ജ്യൂസൊക്കെ കഴിക്കും എന്ന് മാത്രം.- രാഹുൽ കൂട്ടിച്ചേർത്തു.
ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചാനൽ പരിപാടിക്കിടെയാണ് തന്റെ വിവാഹത്തേക്കുറിച്ച് സുബി തുറന്നു പറഞ്ഞത്. അന്ന് തന്നെ താൻ കല്ല്യാണം കഴിക്കാനുദ്ദേശിക്കുന്നത് ആരെയാണെന്നും താരം വെളിപ്പെടുത്തിയിരുന്നു. സുബിയുടെ വെളിപ്പെടുത്തൽ കേട്ട് ഷോയുടെ അവതാരകൻ ശ്രീകണ്ഠൻ നായർ ഇത് സത്യമല്ലേയെന്ന് ചോദിക്കുന്നുണ്ട്. താൻ പറഞ്ഞതെല്ലാം സത്യമാണെന്ന് വീണ്ടും സുബി ഉറപ്പിച്ച് പറഞ്ഞു.
തന്റെ കൂടെയുണ്ടായിരുന്ന കലാഭവന്റെ ഷോ ഡയറക്ടറെയായിരുന്നു അന്ന് സുബി ചൂണ്ടിക്കാണിച്ചത്. അപ്പോൾ രാഹുൽ, ഞാനോ, ഞാൻ അങ്ങനത്തെ മണ്ടത്തരമൊന്നും കാണിക്കില്ല എന്നായിരുന്നു പറഞ്ഞത്. പക്ഷേ ഷോയുടെ അവസാനം അത് താൻ തന്നെയാണെന്ന് രാഹുൽ തുറന്ന് പറഞ്ഞു. കാനഡയിൽ വെച്ച് നടന്ന ഒരു പരിപാടിയിലാണ് രാഹുൽ സുബിയോട് ഇഷ്ടം പറഞ്ഞത്. വീട്ടിൽ വന്ന് സംസാരിക്കുകയും ചെയ്തു, എന്നാൽ താൻ കൈ കൊടുത്തിട്ടില്ല ഇതുവരെ എന്നായിരുന്നു സുബിയുടെ പ്രതികരണം.