” ഫോണില്‍ സംസാരിക്കുമ്പോള്‍ ഞാന്‍ പറയും, മാറ് ഉടുമ്പേ, പോ പാമ്പേ എന്നൊക്കെ.. ചാക്കില്‍ നിന്നും പെരുമ്പാമ്പിനെ പിടിക്കുന്ന ഫോട്ടോയാണ് ആദ്യമായി അവന് അയച്ചുകൊടുക്കുന്നത്” പ്രണയകാല ഓര്‍മ്മകള്‍ പങ്കുവെച്ച് ശ്രീവിദ്യ മുല്ലച്ചേരി | SREEVIDYA MULLACHERY | RAHUL RAMACHANDRAN
സ്റ്റാര്‍ മാജിക്ക് എന്ന ഷോയിലൂടെ സുപരിചിതയായി മാറിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. താരം വിവാഹിതയാകുന്നു എന്ന വാര്‍ത്തയാണ് അടുത്തിടെ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞത്. വിവാഹ നിശ്ചയ ചിത്രങ്ങള്‍ ശ്രീവിദ്യ പങ്കുവെച്ചിരുന്നു. സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനാണ് വരന്‍.
തന്റെ പ്രിയതമനെ യൂട്യൂബ് ചാനലിലൂടെ ശ്രീവിദ്യ പരിചയപ്പെടുത്തിയിരുന്നു. വരനെ പരിചയപ്പെടുത്തി പ്രണയകഥ വെളിപ്പെടുത്തിയ ശ്രീവിദ്യയുടെ വീഡിയോ യുട്യൂബില്‍ വണ്‍ മില്യണ്‍ വ്യൂസാണ് നേടിയത്. ഇപ്പോഴിതാ പ്രണയിക്കുന്നതിന് മുമ്പുള്ള കാലത്തെ ചില ഫോണ്‍ സംഭാഷണങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ശ്രീവിദ്യ. ജിഞ്ചര്‍മീഡിയയുമായുള്ള സംസാരത്തിനിടെയാണ് ശ്രീവിദ്യ ഇക്കാര്യങ്ങള്‍ പറയുന്നത്.
കാസര്‍കോട് സ്വദേശിയാണ് ശ്രീവിദ്യ. രാഹുലാവട്ടെ തിരുവനന്തപുരത്തുകാരനും. കാസര്‍കോട്ടെ വീട്ടില്‍ ഫോണിന് റെയ്ഞ്ച് കുറവാണെന്നും പറമ്പിലിറങ്ങി രാഹുലുമായി ഫോണില്‍ സംസാരിക്കവെ തോട്ടത്തില്‍ പാമ്പിനെയും ഉടുമ്പിനെയുമൊക്കെ കാണും. ഇതൊക്കെ ആദ്യകാലത്ത് രാഹുലിന് അത്ഭുതമായിരുന്നെന്നാണ് ശ്രീവിദ്യ പറയുന്നത്.
”ഞങ്ങളുടെ വീട്ടിന്റെ താഴെ തോട്ടമാണണ്. കവുങ്ങിന്‍ തോട്ടം. റെയ്ഞ്ച് കിട്ടാന്‍ ഞാന്‍ അവിടെയൊക്കെ ഇറങ്ങിയാണ് സംസാരിക്കുന്നത്. അപ്പോ ഉടമ്പ്, ചെറിയ ചെറിയ ചേര ഒക്കെ പോകുന്നുണ്ടാവും. മാറുടുമ്പേ, പോ പാമ്പേ എന്നൊക്കെ പറയും ഞാന്‍. അതൊക്കെ ഇവന് കൗതുകമായിരുന്നു.”
ശ്രീവിദ്യ ഇങ്ങനെയൊക്കെ പറയുന്നത് കേട്ട് വലിയ അത്ഭുതമായിരുന്നെന്ന് രാഹുലും പറയുന്നു. ‘ഉടുമ്പിനെ ഞാന്‍ കണ്ടിട്ടില്ല. മയിലിനെയൊക്കെ കണ്ടിട്ടുണ്ട്. പക്ഷേ ഉടുമ്പ്, പെരുമ്പാമ്പ് എന്നിവയെയൊക്കെ വളരെ വിരളമായിട്ടേ കണ്ടിട്ടുള്ളൂ. വീട്ടിലെ വല്യച്ഛനോടോ വല്യമ്മയോടെ മാറിനില്‍ക്ക് എന്ന് പറയുമ്പോലെയാണ് അവര്‍ പാമ്പിനോടും ഉടുമ്പിനോടുമൊക്കെ പറയുന്നത്.” രാഹുല്‍ പറയുന്നു.
രാഹുലിന് താന്‍ ആദ്യം വാട്‌സ്ആപ്പില്‍ അയച്ചുകൊടുത്ത ഫോട്ടോ ചാക്കില്‍ നിന്നും പെരുമ്പാമ്പിനെ പിടിച്ച് നില്‍ക്കുന്നതായിരുന്നെന്നും ശ്രീവിദ്യ ഓര്‍ക്കുന്നു.
അക്കാലത്ത് ഫോണില്‍ സംസാരിക്കവെ ഏതോ സിനിമാ കഥ തന്റെ പ്രണയകഥയാണെന്ന് പറഞ്ഞാണ് രാഹുല്‍ തന്റെ മനസില്‍ ഇടംനേടിയതെന്ന വെളിപ്പെടുത്തലും ശ്രീവിദ്യ നടത്തുന്നുണ്ട്. ഏറെ വൈകാരികമായാണ് രാഹുല്‍ ആ കഥ പറഞ്ഞത്. എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാത്ത അവസ്ഥയിലായിപ്പോയി താന്‍. എന്നാല്‍ പിന്നീട് പ്രണയത്തിലായി ഏറെക്കഴിഞ്ഞാണ് അന്ന് പറഞ്ഞത് ഒരു സിനിമാക്കഥയായിരുന്നെന്ന് മനസിലായതെന്നും ശ്രീവിദ്യ പറയുന്നു.