”മോഹൻലാലുമായി എനിക്ക് പ്രശ്നങ്ങളുണ്ട്, അദ്ദേഹത്തിന്റെ കാപട്യങ്ങളെക്കുറിച്ച് പറഞ്ഞിട്ടുമുണ്ട്”; മരിക്കുന്നതിന് മുൻപ് എല്ലാം തുറന്ന് പറഞ്ഞ് പുസ്തകമെഴുതുമെന്ന് ശ്രീനിവാസൻ| Sreenivasan| Mohanlal
ഏറെ നാളത്തെ ആശുപത്രിവാസത്തിന് ശേഷം നടനും സംവിധായകനുമായ ശ്രീനിവാസൻ തന്റെ പഴയ അനുഭവങ്ങൾ തുറന്ന് പറഞ്ഞ് സ്ക്രീനിന് മുന്നിൽ എത്തിയിരിക്കുകയാണ്. സിനിമകളിലൂടെ പ്രേക്ഷകരെ ഏറെ രസിപ്പിച്ച ശ്രീനിവാസനൊപ്പം ചേർന്ന് നിൽക്കുന്ന നടനായിരുന്നു മോഹൻലാൽ. ഇവരൊന്നിച്ചിട്ടുള്ള സിനിമകളെല്ലാം തന്നെ ഒന്നിനൊന്ന് മെച്ചവും.
എന്നാൽ സിനിമയിലെ കോമ്പോ ഇവർ തമ്മിൽ യഥാർത്ഥ ജീവിതത്തിൽ ഇല്ലായിരുന്നു എന്നാണ് ശ്രീനിവാസൻ പറയുന്നത്. മോഹൻലാലിന്റെ കാപട്യങ്ങളെക്കുറിച്ചെല്ലാം ഒരിക്കൽ തുറന്ന് പറഞ്ഞിട്ടുണ്ടെന്നും മരിക്കുന്നതിനേക്കാൾ മുൻപ് അതിനെക്കുറിച്ച് പുസ്തകം എഴുതും എന്നുമാണ് അദ്ദേഹം പറയുന്നത്.
” മോഹൻലാലുമായി ഒരുപാട് പ്രശ്നങ്ങളുണ്ട്. അദ്ദേഹത്തിന്റെ കാപട്യങ്ങളെ കുറിച്ച് തുറഞ്ഞുപറഞ്ഞിട്ടുണ്ട്. മരിക്കുന്നതിന് മുൻപ് അതിനെപ്പറ്റിയെല്ലാം എഴുതും” – ശ്രീനിവാസൻ വ്യക്തമാക്കി. മോഹൻലാൽ എല്ലാം തികഞ്ഞ നടനാണെന്നും ചിരിച്ചുകൊണ്ട് ശ്രീനിവാസൻ പറയുന്നു. ‘ഡോ. സരോജ്‌കുമാർ’ എന്ന സിനിമയ്ക്ക് ശേഷം മോഹൻലാലുമായുള്ള ബന്ധം എങ്ങനെ ആയിരുന്നു എന്ന ചോദ്യത്തിന് മറുപടി ആയാണ് ഇങ്ങനെ പറഞ്ഞത്.
മഴവിൽ മനോരമയുടെ ഒരു പരിപാടിക്ക് പോയപ്പോൾ മോഹൻലാൽ എന്നെ കണ്ടപ്പോൾ കെട്ടിപ്പിടിച്ച് കവിളിൽ ചുംബിച്ചു. അതപ്പറ്റി പത്രക്കാർ എന്നോട് ചോദിച്ചു, എന്ത് തോന്നി എന്ന്? കംപ്ലീറ്റ് ആക്ടർ എന്ന് അദ്ദേഹത്തെ ആളുകൾ വിളിക്കുന്നത് വെറുതെയല്ലന്ന് തോന്നി എന്നായിരുന്നു ഞാൻ അപ്പോൾ പറഞ്ഞത്- അദ്ദേഹം വ്യക്തമാക്കി.
മോഹൻലാലിന് കേണൽ അവാർഡ് ലഭിച്ചതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ”കപിൽ ദേവിന് കേണൽ അവാർഡ് കിട്ടിയപ്പോൾ മോഹൻലാൽ ലണ്ടനിലാണ്. അപ്പോൾ അദ്ദേഹം സംവിധായകൻ രാജീവ് നാഥിനെ വിളിച്ച് പറഞ്ഞു, ചേട്ടാ കപിൽ ദേവിന് അവാർഡ് ലഭിച്ചല്ലോ, നമുക്കും അങ്ങനെ വല്ലതും കിട്ടാനുള്ള സാധ്യതയുണ്ടോ എന്ന്. അപ്പോൾ ഇവർ ശ്രമിച്ചിട്ടാണ് ഈ അവാർഡെല്ലാം വാങ്ങുന്നത് എന്നുള്ളതാണ് ഇൻസ്പിരേഷൻ. അപ്പോഴെനിക്ക് മനസിലായി ഈ അവാർഡൊന്നും വെറുതെ കിട്ടുന്നതല്ല, നന്നായിട്ട് പരിശ്രമിച്ചിട്ടാണ് കിട്ടുന്നത് എന്ന് മനസിലായില്ലേ, അപ്പോൾ പരിഹസിക്കുന്നതിൽ പ്രശ്നമില്ലല്ലോ”- ശ്രീനിവാസൻ പറയുന്നു.
ശ്രീനിവാസൻ തിരക്കഥയെഴുതിയ ‘സന്ദേശം’ പോലെയൊരു സിനിമ ഇന്നത്തെ കാലത്ത് എന്തുകൊണ്ട് ചെയ്യുന്നില്ലെന്ന ചോദ്യത്തിന് അതുകൊണ്ടൊന്നും ഇനി കാര്യമില്ലെന്നായിരുന്നു ശ്രീനിവാസന്റെ മറുപടി. ആക്ഷേപഹാസ്യം കൊണ്ട് രാഷ്ട്രീയക്കാരെ മെച്ചപ്പെടുത്താമെന്ന വിശ്വാസം നഷ്ടമായി. ഇന്നത്തെ രാഷ്ട്രീയം അതും കടന്ന് പോയിരിക്കുന്നു. സന്ദേശം സിനിമയിൽ കാണുന്നതെല്ലാം യഥാർത്ഥത്തിൽ തന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങളാണ്. തന്റെ ചേട്ടൻ കമ്മ്യൂണിസ്റ്റ്കാരനും താൻ എബിവിപി പ്രവർത്തകനുമായിരുന്ന കാലത്ത് സിനിമയിൽ കാണുന്നപോലെയുള്ള രംഗങ്ങളെല്ലാം വീട്ടിലും നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജവഹർലാൽ നെഹ്റു അധികാരത്തിലേറിയത് തന്നെ സർദാർ വല്ലഭായ് പട്ടേലിനെ ചതിച്ചുകൊണ്ടാണ്. രാഷ്ട്രീയക്കാരെ അടച്ചാക്ഷേപിക്കുന്നത് ശരിയാണോ എന്ന ചോദ്യത്തിന് നല്ല ഒരാളെ കാണിച്ചുതരാമോയെന്നാണ് ശ്രീനിവാസൻ ചോദിച്ചത്. ” പിണറായി വിജയൻ എംഎൽഎയായിരുന്ന കാലത്ത് തന്നെ അദ്ദേഹവുമായി പരിചയമുണ്ട്. എന്നാൽ എല്ലാവരെയും പോലെ അധികാരം അദ്ദേഹത്തെയും ദുഷിപ്പിച്ചു. ജവഹർലാൽ നെഹ്റു അധികാരത്തിലേറിയത് തന്നെ സർദാർ വല്ലഭായ് പട്ടേലിനെ ചതിച്ചുകൊണ്ടാണ്. പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുളള വോട്ടെടുപ്പിൽ വല്ലഭായ് പട്ടേലിനാണ് കൂടുതൽ വോട്ടുകൾ ലഭിച്ചത്. എന്നാൽ അധികാരത്തിലേറിയത് നെഹ്‌റുവും” – ശ്രീനിവാസൻ പറഞ്ഞു.