”മലർവാടിക്ക് ശേഷം വിനീത് ഒരു സിനിമ പോലും എന്നോട് ഡിസ്കസ് ചെയ്തിട്ടില്ല”; കാരണം തുറന്ന് പറഞ്ഞ് ശ്രീനിവാസൻ| Sreenivasan| Vineeth Sreenivasan
സകലകലാവല്ലഭനാണ് ശ്രീനിവാസന്റെ മകൻ വനീത് ശ്രീനിവാസൻ. അഭിനയം, സംവിധാനം, തിരക്കഥ, സംഗീതം തുടങ്ങി താരം കൈവെക്കാത്ത മേഖലകളില്ല. 2003ൽ കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിലെ കസവിന്റെ തട്ടമിട്ട് എന്ന ഗാനം ആലപിച്ചുകൊണ്ടാണ് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ വിതീത് ചലച്ചിത്ര ലോകത്തേക്ക് കടന്നു വരുന്നത്.
തുടർന്ന് ഉദയനാണ് താരം, ചാന്തുപൊട്ട്, ക്ലാസ്മേറ്റ്സ് എന്നീ ചിത്രങ്ങളൾക്ക് വേണ്ടി ഗാനം ആലപിച്ച വിതീത് സൈക്കിൾ എന്ന സിനിമയിലെ നായകവേഷം ചെയ്ത് അഭിനയരംഗത്തും കഴിവ് തെളിയിച്ചു. 2010ലാണ് വിനീതിന്റെ ആദ്യ സംവിധാന സംരംഭമായ മലർവാടി ആർട്സ് ക്ലബ് റിലീസ് ചെയ്യുന്നത്.
വിനീത് ആദ്യമായും അവസാനമായും തന്നോട് ഡിസ്കസ് ചെയ്യുന്ന സിനിമ ഇതായിരുന്നു എന്നാണ് ശ്രീനിവാസൻ പറയുന്നത്. താൻ അതിൽ ഒരുപാട് മാറ്റങ്ങൾ എല്ലാം വരുത്താൻ നിർദ്ദേശിച്ചുവെന്നും വിനീത് പക്ഷേ അതെല്ലാം നിരസിച്ചു. പിന്നീട് ഒരു സിനിമയെക്കുറിച്ചും തന്നോട് ചർച്ച ചെയ്തിട്ടില്ലായെന്നും അദ്ദേഹം പറഞ്ഞു. ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
വിനീതിന്റെ അവസാനം കണ്ട സിനിമ ഹൃദയം ആണെന്നും അതിന് ശേഷം ഇറങ്ങിയ പടങ്ങൾ കാണാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ”വിനീത് ആദ്യ സിനിമയായ മലർവാടി ആർട്സ് ക്ലബ് ഇറങ്ങുന്നതിന് മുൻപ് ഡിസ്കസ് ചെയ്യുമായിരുന്നു. അപ്പോൾ അതിൽ എനിക്ക് കുറെ കുഴപ്പങ്ങൾ തോന്നി. അത് വെച്ച് ഞങ്ങൾ പിന്നെയും ഡിസ്കസ് ചെയ്തു.
ഓരോ പ്രാവശ്യം എഴുതിക്കൊണ്ട് വരുമ്പോഴും ഡിസ്കസ് ചെയ്യും. അങ്ങനെയൊരു ദിവസം എന്നെ വിളിച്ച് പറഞ്ഞു ഞാൻ ചെയ്തതാണ് ശരിയെന്ന് എനിക്ക് തോന്നുന്നു, അങ്ങനെ ചെയ്യട്ടേയെന്ന്. ഞാൻ പറഞ്ഞു തീർച്ചയായും അങ്ങനെയാണ് ചെയ്യേണ്ടത് എന്ന്. നിനക്ക് അങ്ങനെ ഒരുറപ്പ് കിട്ടിക്കഴിഞ്ഞാൽ പിന്നെ ആരോടും ഡിസ്കസ് ചെയ്യരുതെന്നും പറഞ്ഞു”- ശ്രീനിവാസൻ വ്യക്തമാക്കി.
അതേസമയം തന്റെ ഇളയ മകൻ ധ്യാൻ ശ്രീനിവാസൻ തന്റെ സിനിമകളെക്കുറിച്ച് ഡിസ്കസ് ചെയ്യാറുണ്ടോ എന്ന് ചോദിച്ചപ്പോൾ അതിൽ എന്താണ് ഇത്ര ചർച്ച ചെയ്യാൻ എന്ന് പറഞ്ഞ് ചിരിക്കുകയാണ് ശ്രീനിവാസൻ ചെയ്തത്. ധ്യാൻ അഭിനയിച്ച ഖാലി പേഴ്സ് ഓഫ് ബില്യനയർ റിലീസിന് ഒരുങ്ങുകയാണ്. അജു വർഗീസ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ പ്രമോഷൻ വർക്കുകളുമായി തിരക്കിലാണ് ധ്യാൻ ഇപ്പോൾ.