‘സാരിയും ബ്ലൗസും അടക്കം കല്യാണത്തിന്റെ അന്ന് നിന്നെ സ്വര്‍ണ്ണത്തില്‍ പൊതിയും എന്ന് ഞാന്‍ പറയുമ്പൊ, എന്നാ എന്റെ മുഖത്തും സ്വര്‍ണ്ണം പൂശി സ്വര്‍ണ്ണ പ്രതിമ ആക്കാലോ എന്ന് അവള്‍ മറുപടി പറയും’; മോനിഷയെ ഓര്‍ത്ത് അമ്മ ശ്രീദേവി ഉണ്ണി
മലയാളികളുടെ മനസില്‍ എന്നും ഒരു നൊമ്പരമാണ് മോനിഷ ഉണ്ണി. ആദ്യസിനിമയിലൂടെ തന്നെ തന്റെ പ്രതിഭ ലോകത്തിന് മുന്നില്‍ കാണിച്ച മോനിഷയെ രംഗബോധമില്ലാത്ത കോമാളിയായ മരണം തട്ടിയെടുക്കുമ്പോള്‍ അവള്‍ ജീവന്‍ നല്‍കാനായി ബാക്കി വച്ചിരുന്ന ഒട്ടേറെ കഥാപാത്രങ്ങളാണ് ബാക്കിയായത്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം പതിനഞ്ചാം വയസില്‍ ഏറ്റുവാങ്ങി എന്ന് പറയുമ്പോള്‍ മനസിലാകും മോനിഷയുടെ കഴിവ് എത്രത്തോളം വലുതായിരുന്നുവെന്ന്.
കോഴിക്കോട് ജില്ലയിലെ പന്നിയങ്കരയില്‍ 1971 ലാണ് മോനിഷ ജനിച്ചത്. പി.നാരായണനുണ്ണിയുടെയും ശ്രീദേവി ഉണ്ണിയുടെയും മകളാണ്. അമ്മയില്‍ നിന്ന് നൃത്തത്തിന്റെ ആദ്യ ചുവടുകള്‍ അഭ്യസിച്ചാണ് കലാലോകത്തേക്ക് പ്രവേശിക്കുന്നത്. ബെംഗളൂരുവിലാണ് മോനിഷ വളര്‍ന്നത്. ഒമ്പത് വയസില്‍ അരങ്ങേറിയ മോനിഷയ്ക്ക് 1985 ല്‍ മികച്ച ഭരതനാട്യ നര്‍ത്തകര്‍ക്ക് കര്‍ണ്ണാടക സര്‍ക്കാര്‍ സമ്മാനിക്കുന്ന കൗശിക പുരസ്‌കാരം നേടി.
കുടുംബസുഹൃത്തായിരുന്ന എം.ടി.വാസുദേവന്‍ നായര്‍ വഴിയാണ് മോനിഷ സിനിമയില്‍ എത്തുന്നത്. അദ്ദേഹം രചിച്ച് ഹരിഹരന്‍ സംവിധാനം ചെയ്ത് 1986 ല്‍ പുറത്തിറങ്ങിയ നഖക്ഷതങ്ങളാണ് മോനിഷ വെള്ളിത്തിരയിലെത്തിയ ആദ്യചിത്രം. പുതുമുഖമായ വിനീത് ആണ് ചിത്രത്തില്‍ മോനിഷയുടെ നായകനായത്. നഖക്ഷതത്തിലെ ഗൗരി എന്ന ഗ്രാമീണ പെണ്‍കുട്ടിയെ അവതരിപ്പിച്ച മോനിഷയ്ക്ക് 1987 ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.
മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും മോനിഷ സിനിമകള്‍ ചെയ്തിട്ടുണ്ട്. അധിപന്‍, പെരുന്തച്ചന്‍, കമലദളം, ആര്യന്‍, ചമ്പക്കുളം തച്ചന്‍, കുറുപ്പിന്റെ കണക്കുപുസ്തകം, തലസ്ഥാനം തുടങ്ങി മലയാളികള്‍ എന്നുമോര്‍ക്കുന്ന ഒരുപിടി ചിത്രങ്ങളില്‍ മോനിഷ അഭിനയിച്ചു. ചെപ്പടിവിദ്യ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ 1992 ഡിസംബര്‍ അഞ്ചിന് ആലപ്പുഴയിലെ ചേര്‍ത്തലയില്‍ ഉണ്ടായ വാഹനാപകടത്തില്‍ തലയ്‌ക്കേറ്റ ഗുരുതര പരിക്കിനെ തുടര്‍ന്നാണ് മോനിഷ മരിക്കുന്നത്. സംഭവ സ്ഥലത്ത് തന്നെ മരിച്ച മോനിഷയുടെ മൃതദേഹം ബെംഗളൂരുവിലാണ് സംസ്‌കരിച്ചത്.
മോനിഷയുടെ മരണത്തിന് മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറവും മകളുടെ ഓര്‍മ്മകളുമായി ജീവിക്കുകയാണ് അമ്മയായ ശ്രീദേവി ഉണ്ണി. മോനിഷയെ കുറിച്ചുള്ള ഓര്‍മ്മകളും അവളുടെ സ്വപ്‌നങ്ങളുമെല്ലാം വനിതാ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീദേവി ഉണ്ണി പങ്കുവച്ചു. സ്വന്തം നാടായ പന്നിയങ്കരയിലെ തട്ടകത്തില്‍ ഭഗവതിയുടെ ഉത്സവത്തിന് പോകാന്‍ അവള്‍ക്ക് ഏറെ ഇഷ്ടമായിരുന്നുവെന്ന് അവര്‍ ഓര്‍ക്കുന്നു.
‘നവരാത്രിക്കാണ് ഉത്സവം. ഓരോ ദിവസവും ഓരോ വീട്ടുകാരുടെ വകയായി പൂജയും വിളക്കുമുണ്ടാകും. ഞങ്ങളുടെത് മൂന്നാം ദിവസമാണ്. പഞ്ചവാദ്യവും തായമ്പകയുമെല്ലാം കാണാന്‍ അതിയായ ഉത്സാഹത്തോടെയാണ് മോനിഷ പോയിരുന്നത്. കുടുംബത്തിലെ എല്ലാവരും ഒത്തുചേരുന്നത് അവള്‍ക്ക് ഏറെ സന്തോഷമുള്ള കാര്യമാണ്. തട്ടകത്തിന് പുറത്ത് അവള്‍ ആദ്യമായി പോയ അമ്പലം ഏറ്റുമാനൂരാണ്.’ -ശ്രീദേവി പറയുന്നു.
‘ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപൊന്നാന ദിവസം ഒരിക്കല്‍ മോനിഷയുടെ നൃത്തം ഉണ്ടായിരുന്നു. പിറ്റേ ആഴ്ച പത്താം ക്ലാസ് പരീക്ഷ എഴുതണം. പോകുമ്പോള്‍ പുസ്തകമൊക്കെ എടുത്തിരുന്നു. പത്താം ക്ലാസ് പരീക്ഷയ്ക്ക് അവള്‍ക്ക് ഫസ്റ്റ് ക്ലാസ് തന്നെ കിട്ടി.’ -ശ്രീദേവി പറഞ്ഞു.
‘മോനിഷയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്ന ഒരു ദിവസമാണ് 1980 ഒക്ടോബര്‍ 24. അന്ന് ബെംഗളൂരുവിലെ രവീന്ദ്രകലാക്ഷേത്രത്തില്‍ വച്ച് അവളുടെ ഗംഭീരമായ നൃത്ത അരങ്ങേറ്റം നടന്നു. നിറഞ്ഞ് കവിഞ്ഞ സദസ്സ്, മുഖ്യാതിഥിയായി ദാസേട്ടന്‍ (ഗായകന്‍ യേശുദാസ്). ഒമ്പത് വയസുള്ള കുട്ടി രണ്ട് താളവട്ടമൊക്കെ ശിവനായി പല പോസുകളില്‍ അനങ്ങാതെ നില്‍ക്കുന്നതിനെ ‘എ റെയര്‍ സെന്‍സ് ഓഫ് ബാലന്‍സ്’ എന്നാണ് അന്ന് പത്രങ്ങള്‍ വിശേഷിപ്പിച്ചത്. ആഘോഷങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ വേദനയായി വരുന്ന ഓര്‍മ്മച്ചിത്രമാണ് 1992 സെപ്റ്റംബറില്‍ ഞങ്ങളെല്ലാവരും ഒന്നിച്ച് അവസാനമായി ആഘോഷിച്ച ഓണം. ആ ഡിസംബറിലാണ് അവള്‍ പോയത്.’ -ശ്രീദേവി ഓര്‍ത്തെടുത്തു.
‘എന്നെ എല്ലാ നിറവും ഇടീച്ചില്ലേ, ഇനി എന്റെ കല്യാണത്തിന് എന്ത് നിറമാ അമ്മ ഇടീക്കുക എന്ന് ചിലപ്പോള്‍ അവള്‍ എന്നോട് ചോദിക്കുമായിരുന്നു. അപ്പോള്‍ ഞാന്‍ പറയും നിന്നെ ഞാന്‍ അടിമുടി സ്വര്‍ണ്ണത്തില്‍ പൊതിയും. സാരിയും ബ്ലൗസുമെല്ലാം സ്വര്‍ണ്ണമായിരിക്കും എന്ന്. എന്നാ പിന്നെ എന്റെ മുഖത്ത് കൂടി സ്വര്‍ണ്ണം പൂശി ക്കോളൂ, എന്നെ സ്വര്‍ണ്ണപ്രതിമ ആക്കാലോ എന്ന് അവള്‍ കളിയായി പറയും. ആരോടും അത്രയ്ക്കങ്ങ് അടുക്കാത്ത, കുറച്ച് ഉള്‍വലിഞ്ഞ പ്രകൃതമായിരുന്നു അവളുടെത്. ഒരേ മനസുള്ള വിരലിലെണ്ണാവുന്ന കൂട്ടുകാരേ അവള്‍ക്ക് ഉണ്ടായിരുന്നുള്ളൂ. അവരുടെ കൂടെയാകുമ്പോള്‍ അവള്‍ വളരെ സന്തോഷവതിയായിരുന്നു. നല്ല ഇംഗ്ലീഷ് പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് വേഗത്തില്‍ വായിച്ച് തീര്‍ക്കുമായിരുന്നു അവള്‍.’ -ശ്രീദേവി ഉണ്ണി പറഞ്ഞു നിര്‍ത്തി.
Content Highlights / English Summary: Dancer Sreedevi Unni talks memories of her daughter actress Monisha Unni.