ആട് തോമമാരെ സൃഷ്ടിക്കാതിരിക്കാൻ, ചാക്കോ മാഷുമാർ ഉണ്ടാകാതിരിക്കാൻ സ്ഫടികം എന്ന ​ഗ്രന്ഥം വായിക്കുക; ശ്രദ്ധേയമായി ‘ഭദ്രന്റെ’ പോസ്റ്റ് | Spadikam


രുപിടി നല്ല ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് ഭദ്രൻ. പൂമുഖപ്പടിയിൽ നിന്നേയും കാത്ത്, അങ്കിൾ ബൺ, അയ്യർ ദ ​ഗ്രേറ്റ്, ഒളിമ്പ്യൻ അന്തോണി ആദം തുടങ്ങിയവയെല്ലാം ഭദ്രന്റെ ഹിറ്റ് ചിത്രങ്ങളാണ്. എന്നിരുന്നാലും ഭദ്രന്റെ ചിത്രങ്ങളിൽ ഏറ്റവുമാദ്യം മലയാളിയുടെ മനസിലേക്കോടി വരിക സ്ഫടികം എന്ന സൂപ്പർഹിറ്റ് ആകുമെന്നതിൽ സംശയമില്ല.

മോഹൻലാൽ, തിലകൻ, ഉർവ്വശി, കെപിഎസി ലളിത, രാജൻ പി ദേവ് തുടങ്ങി മലയാളത്തിലെ പ്ര​ഗത്ഭരായ അഭിനേതാക്കൾ അണിനിരന്ന സ്ഫടികം 1995ലാണ് റിലീസ് ചെയ്തത്. ഒരു ലക്ഷണമൊത്ത കൊമേർഷ്യൽ ചിത്രം തന്നെയായിരുന്നു ഇത്.

ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ, ‘സ്ഫടികം’ 4കെ ദൃശ്യമികവോടെയും ഡോൾബി അറ്റ്മോസ് ശബ്ദ വിന്യാസത്തോടെയും തിയറ്ററുകളിൽ വീണ്ടും അവതരിക്കാനൊരുങ്ങുകയാണ്. റീമാസ്റ്റർ ചെയ്ത പതിപ്പ് തിയേറ്ററുകളിലെത്താൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ.

ഇതിനിടെ സംവിധായകൻ ഭദ്രൻ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഭദ്രൻ പങ്കെടുത്ത ഒരു ചടങ്ങിൽ നിന്നുള്ള വീഡിയോയാണിത്. യാദൃശ്ചികമായി വീഡിയോ മൊബൈലിൽ ലഭിച്ചപ്പോൾ ഏറെ അർത്ഥവത്തായ വരികൾ പങ്കുവയ്ക്കണമെന്ന് തോന്നി എന്നാണ് അദ്ദേഹം വീഡിയോയ്ക്കൊപ്പം കുറിച്ചത്.

സ്ഫടികത്തിലെ കഥാപാത്രങ്ങളായ ആട് തോമയെക്കുറിച്ചും ചാക്കോമാഷിനെക്കുറിച്ചുമുള്ള ഒരദ്ധ്യാപികയുടെ വാക്കുകളാണ് ഭദ്രൻ പങ്കുവെച്ചിരിക്കുന്നത്. ‘സ്ഫടികം ഒരു സിനിമയല്ല, അനേകം അധ്യായങ്ങളുള്ള ബൃഹത്തായ ഒരു ഗ്രന്ഥമാണ്. ആടുതോമ അതിലെ ആദ്യ അധ്യായമാണ്. വരികൾക്കിടയിലൂടെ രക്ഷിതാക്കളും അധ്യാപകരും വായിച്ച് വ്യാഖ്യാനിക്കേണ്ടൊരു അധ്യായം. രണ്ടാമത്തെ അധ്യായം ചാക്കോ മാഷ്. ഇങ്ങനെ അനേകം അധ്യായങ്ങൾ ചേരുന്നൊരു ബൃഹത് ഗ്രന്ഥമാണ് സ്ഫടികം. സ്ഫടികത്തിലെ കഥാപാത്രങ്ങൾ‌ വെറും കഥാപാത്രങ്ങളല്ല. നമുക്കിടയിൽ ജീവിക്കുന്ന വ്യക്തികളാണ്. ഇനി ആടുതോമമാരും ചാക്കോ മാഷുമാരും സൃഷ്ടിക്കപ്പെടാതിരിക്കാൻ സ്ഫടികം എന്ന ​ഗ്രന്ഥം എല്ലാവരും വായിക്കുക’ അധ്യാപിക പറയുന്നു.