‘സില്‍ക്ക് സ്മിത കൈലിയും ബ്ലൗസും ധരിച്ച് അന്ന് രാത്രി എത്തി, കൈലി പൊക്കിളിന് താഴെ ഉടുക്കാന്‍ ഞാന്‍ പറഞ്ഞു’; സ്ഫടികത്തിന്റെ ചിത്രീകരണത്തിനിടെയുള്ള അനുഭവം പങ്കുവച്ച് ഭദ്രന്‍


മോഹന്‍ലാല്‍ ആട് തോമയായി എത്തി തകര്‍ത്താടിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് സ്ഫടികം. 1995 ല്‍ പുറത്തിങ്ങിയ ചിത്രം അടുത്തിടെയാണ് 4കെ ദൃശ്യമികവില്‍ റീമാസ്റ്റര്‍ ചെയ്ത് വീണ്ടും തിയേറ്ററുകളിലെത്തിയത്. ഇതിനോടനുബന്ധിച്ച് സംവിധായകന്‍ ഭദ്രന്‍ നിരവധി മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കിയിരുന്നു.

ഓരോ അഭിമുഖങ്ങളിലും സ്ഫടികത്തിന്റെ ചിത്രീകരണവേളയിലെ അനുഭവങ്ങളും അതോടനുബന്ധിച്ച കാര്യങ്ങളുമാണ് അദ്ദേഹം പ്രേക്ഷകരുമായി പങ്കുവച്ചത്. മോഹന്‍ലാലിന് പുറമെ തിലകന്‍, കെ.പി.എ.സി ലളിത, രാജന്‍ പി. ദേവ്, ഉര്‍വ്വശി തുടങ്ങി നിരവധി താരങ്ങളാണ് സ്ഫടികത്തില്‍ ഉണ്ടായിരുന്നത്. ഇവരെ ഓരോരുത്തരെയും കുറിച്ച് ഭദ്രന്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

 സ്ഫടികത്തെ കുറിച്ച് പറയുമ്പോള്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത പേരാണ് സില്‍ക്ക് സ്മിതയുടെത്. മോഹന്‍ലാലിന്റെ ആട് തോമയ്‌ക്കൊപ്പമുള്ള സില്‍ക്ക് സ്മിതയുടെ കഥാപാത്രവും ഏഴിമല പൂഞ്ചോല എന്ന ചിത്ര ആലപിച്ച ഗാനവുമെല്ലാം സ്ഫടികത്തെ ജനപ്രിയമാക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ട്.

സില്‍ക്ക് സ്മിത സ്ഫടികത്തിലെത്തിയ കഥയും സംവിധായകന്‍ ഭദ്രന്‍ പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുകയാണ്. ക്യാന്‍മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഭദ്രന്‍ മണ്‍മറഞ്ഞുപോയ താരസുന്ദരി സില്‍ക്ക് സ്മിതയെ കുറിച്ച് പറഞ്ഞത്.

കുടുംബപശ്ചാത്തലത്തിലുള്ള സ്ഫടികം പോലുള്ള ഒരു ചിത്രത്തില്‍ സെക്‌സിയായി ഡാന്‍സ് കളിക്കുന്ന സില്‍ക്ക് സ്മിതയെ കാസ്റ്റ് ചെയ്തത് എന്തിനാണ് എന്ന് പലരും തന്നോട് ചോദിച്ചിരുന്നുവെന്ന് ഭദ്രന്‍ പറയുന്നു. എല്ലാവരും പുച്ഛത്തോടെ കണ്ടിരുന്ന നടിയാണ് സില്‍ക്ക് സ്മിത. അവരെ പോലൊരു നടിക്ക് വേഷം കൊടുക്കാന്‍ എങ്ങനെ ധൈര്യം വന്നു എന്നും പലരും ചോദിച്ചിട്ടുണ്ട്. എന്നാല്‍ അതിനെല്ലാം തനിക്ക് വ്യക്തമായ കാരണമുണ്ട് എന്നാണ് ഭദ്രന്‍ പറഞ്ഞത്.

‘കോട്ടയത്ത് മീനച്ചിലാറിനടുത്താണ് എന്റെ വീട്. മീനച്ചിലാറില്‍ വെള്ളം വറ്റുന്ന സമയത്ത് ലോറിക്കാര്‍ മണല്‍ വാരാന്‍ വരും. ആ സമയത്ത് വെള്ളത്തിനടിയില്‍ നിന്ന് മണല്‍ കൊട്ടയില്‍ വാരുന്നത് സ്ത്രീകളാണ്. ചെറിയ ബ്ലൗസും പൊക്കിളിന് താഴെയായി ഉടുക്കുന്ന മുണ്ടുമാണ് അവരുടെ വേഷം. ഒപ്പം ലോറിയുടെ ട്യൂബ് വെട്ടി തലയില്‍ തൊപ്പി പോലെ ധരിക്കുകയും ചെയ്യും. നാലാം ക്ലാസ് മുതല്‍ ഞാന്‍ സ്ഥിരം കാണുന്ന കാഴ്ചയാണ് ഇത്.’ -ഭദ്രന്‍ പറഞ്ഞു.

‘സ്ഫടികത്തില്‍ പറയുന്നത് ലോറി ഡ്രൈവറായ ആട് തോമയുടെ കഥയാണ്. തോമയുടെ ജീവിതത്തിലേക്ക് ഞാന്‍ കണ്ട മണല്‍ വാരുന്ന സ്ത്രീകളില്‍ ഒരാളെ പോലുള്ള കഥാപാത്രത്തെ കൊണ്ടുവന്നാലോ എന്ന് ചിന്തിച്ചു. എന്റെ കൂടെ സ്‌ക്രിപ്റ്റ് എഴുതിയ രാജേന്ദ്രബാബുവാണ് സില്‍ക്ക് സ്മിതയെ കൊണ്ട് വന്നാലോ എന്ന അഭിപ്രായം പറഞ്ഞത്. നമ്മളുദ്ദേശിക്കുന്ന ശരീരപ്രകൃതിയാണ് സ്മിതയുടെത്. അവരുടെ സ്ഥിരം സീനുകള്‍ പോലൊന്നും നമ്മള്‍ ഉപയോഗിക്കാത്തത് കൊണ്ട് ആ വേഷം നന്നായി വന്നേക്കുമെന്നും പറഞ്ഞു.’

‘സില്‍ക്ക് സ്മിതയോട് കഥ മുഴുവനുമൊന്നും പറഞ്ഞിരുന്നില്ല. ആദ്യവരി മാത്രമേ പറഞ്ഞിട്ടുള്ളു. മനസിലായി സാര്‍ എന്നായിരുന്നു സ്മിതയുടെ മറുപടി. അന്ന് ഞാന്‍ അത്ര പ്രശസ്തനല്ല. അതിനാല്‍ തന്നെ എന്നെ സ്മിതയ്ക്ക് മനസിലായിരുന്നില്ല. എന്നാല്‍ അവര്‍ എന്റെ സിനിമ തേടിപ്പോയി കണ്ടു. സിനിമ ഇഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് സ്ഫടികത്തിലെ കഥാപാത്രം ചെയ്യാമെന്ന് സില്‍ക്ക് സ്മിത സമ്മതിച്ചത്.’ -ഭദ്രന്‍ പറഞ്ഞു.

‘കഥാപാത്രത്തെ കുറിച്ച് സൂചന മാത്രമാണ് സ്മിതയ്ക്ക് നല്‍കിയത്. അതനുസരിച്ച് അവര്‍ സ്വയം ഒരു വേഷം ധരിച്ചാണ് ആദ്യമെത്തിയത്. വെള്ള മുണ്ടും ബ്ലൗസും. എന്നാല്‍ ഞാന്‍ ഉദ്ദേശിച്ചത് കൈലിയായിരുന്നു. അക്കാര്യം ഞാന്‍ അവരോട് പറഞ്ഞു. അന്ന് രാത്രി തന്നെ സ്മിത ഞാന്‍ പറഞ്ഞത് പോലെയുള്ള വേഷം തയ്യാറാക്കുകയും അത് ധരിച്ച് വന്ന് എന്നെ കാണിക്കുകയും ചെയ്തു. പറഞ്ഞത് പോലെ തന്നെ അവര്‍ വേഷം ധരിച്ചു. എന്നാല്‍ കൈലി ധരിച്ചത് പൊക്കിളിന് മുകളിലായിരുന്നു. അങ്ങനെയല്ല വേണ്ടത് എന്ന് പറഞ്ഞപ്പോള്‍ അതെങ്ങനെയാണെന്ന് അറിയില്ല എന്ന് സില്‍ക്ക് സ്മിത പറഞ്ഞു. കൈലിമുണ്ട് അല്‍പ്പം താഴ്ത്തി ഉടുത്താല്‍ മതിയെന്ന് പറഞ്ഞതോട് അവര്‍ അത് കൃത്യമായി ചെയ്യുകയും ഞാന്‍ ഉദ്ദേശിച്ച കഥാപാത്രമായി മാറുകയും ചെയ്തു.’ -ഭദ്രന്‍ പറഞ്ഞ് നിര്‍ത്തി.