”ഞാനില്ലാതെ എങ്ങനെ രോമാഞ്ചം 2 എടുക്കും, ഹോസ്പിറ്റലിൽ ജീവനോടെ തന്നെയാണ് കിടക്കുന്നത്, മൂക്കിൽ പഞ്ഞിയൊന്നും വെച്ചിട്ടില്ല”; തുറന്നടിച്ച് സൗബിൻ ഷാഹിർ| Soubin Shahir| Romanjam


ജിത്തു മാധവൻ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ രോമാഞ്ചം മികച്ച ബോക്സ് ഓഫിസ് കളക്ഷനാണ് നേടിയത്. ഈയടുത്ത് ചിത്രം ഒടിടിയിൽ ഇറങ്ങിയപ്പോഴും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇതിനിടെ രോമാഞ്ചത്തിന്റെ രണ്ടാം ഭാ​ഗം ഉടൻ ഇറങ്ങുമെന്ന വാർത്തകളും വരുന്നുണ്ട്. അതോടൊപ്പം രണ്ടാം ഭാ​ഗത്തിൽ സൗബിൻ ഷാഹിർ ഇല്ലെന്ന തരത്തിലാണ് വാർത്തകൾ.

ഇപ്പോൾ ഇതിനോട് പ്രതികരിക്കുകയാണ് നടൻ. താൻ ഇല്ലാതെ രോമാഞ്ചത്തിന്റെ രണ്ടാം പാർട്ട് എടുക്കാൻ പറ്റില്ല എന്നാണ് താരം പറയുന്നത്. ഏഷ്യാവില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. സൗബിൻ, ​ഗോകുലൻ, ഇർഷാദ് എന്നിവരും അഭിമുഖത്തിൽ പങ്കെടുത്തിട്ടുണ്ട്. അതേസമയം രോമാഞ്ചം രണ്ടിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്നതൊഴിച്ച് വേറെ പ്രോ​ഗ്രസ് ഒന്നും ആയിട്ടില്ല എന്നും സൗബിൻ കൂട്ടിച്ചേർത്തു.

”രോമാഞ്ചത്തിന്റെ രണ്ടാം ഭാ​ഗത്തെക്കുറിച്ച് ചർച്ചകളുണ്ട്, സ്ക്രിപ്റ്റ് ഒന്നും ആയിട്ടില്ല. ഉറപ്പായിട്ടും സിനിമയിൽ ഞാൻ ഉണ്ടാകും. പ്രേതത്തിനെ പിടിക്കണ്ടേ. ഹോസ്പിറ്റലിൽ ജീവനോടെയാണ് കാണിച്ചത്. അല്ലാതെ പഞ്ഞിയൊന്നും വെച്ചിട്ടില്ല. അഥവാ രോമാഞ്ചം 2 ഉണ്ടായിട്ടുണ്ടെങ്കിൽ സന്തോഷമേയുള്ളു. ഇന്നലെ വരെ ജിത്തു വിളിച്ചപ്പോൾ ഡേറ്റൊന്നും പറഞ്ഞിട്ടില്ല, അതുപോലെ സിനിമ ഇല്ലെന്നും പറഞ്ഞിട്ടില്ല”- സൗബിൻ വ്യക്തമാക്കി.

ഇതിനിടെ രോമാഞ്ചം ഒടിടിയിൽ ഇറങ്ങിയപ്പോൾ അതിൽ മ്യൂസിക് ഇല്ലായിരുന്നു. അത് വലിയ വിമർശനങ്ങൾക്ക് വഴി വെച്ചു. കാരണം ചിത്രത്തിൽ സുഷിൻ ശ്യാം ചെയ്ത മ്യൂസിക് എല്ലാം വൻ ഹിറ്റ് ആയിരുന്നു. പിന്നീട് പാട്ടുകൾ എല്ലാം ചേർത്ത് സിനിമ വീണ്ടും ഇറക്കി. അത് സിനിമയ്ക്ക് ​ഗുണം ചെയ്തെന്നും ചിലരെങ്കിലും ഈ കാരണത്തിന്റെ പേരിൽ സിനിമ ഒടിടിയിൽ രണ്ട് തവണ കണ്ടെന്നാണ് സൗബിൻ പറയുന്നത്.

ജോൺപോള് ജോർജ് പ്രൊഡക്ഷൻസ്, ഗപ്പി സിനിമാസ് എന്നിവയുടെ ബാനറിൽ ജോൺപോൾ ജോർജ്, ഗിരീഷ് ഗംഗാധരൻ, സൗബിൻ ഷാഹിർ എന്നിവർ ചേർന്ന് നിർമ്മിച്ച രോമാഞ്ചം സംവിധാനം ചെയ്തത് നവാ​ഗതനായ ജിത്തു മാധവനാണ്. സൗബിൻ ഷാഹിർ, അർജുൻ അശോകൻ, സിജു സണ്ണി, ചെമ്പൻ വിനോദ്, അബിൻ ബിനോ, അനന്തരം അജയ്, സജിൻ ​ഗോപു, തങ്കം മോഹൻ, ജോളി ചിറയത്ത് തുടങ്ങിയ താരങ്ങളായിരുന്നു ചിത്രത്തിൽ അഭിനയിച്ചത്.

2007ൽ ബാംഗ്ലൂരിൽ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഹൊറർ കോമഡിയായി ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം സനു താഹിർ ആണ്. ഒരു ദിവസം തമാശയ്ക്ക് കളിച്ചു തുടങ്ങുന്ന ഓജോ ബോർഡിൽ നിന്നാണ് അവരുടെ ജീവിത ഗതി മാറി തുടങ്ങുന്നത്. ഒരു ഘട്ടം കഴിയുമ്പോൾ ഈ ഓജോ ബോർഡും ഇതിലെ കഥാപാത്രമായി മാറുന്നുണ്ട്.