”എനിക്ക് രാഷ്ട്രീയം അറിയില്ല, ജീവിതത്തിലും അറിയില്ല പുറത്തും അറിയില്ല”; പൊളിറ്റിക്കൽ കറക്റ്റ്നസിനെക്കുറിച്ച് സൗബിൻ ഷാഹിർ| vellari pattanam| Soubin Shahir


നവാ​ഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരിപ്പട്ടണം ആണ് നടനും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഏറ്റവും പുതിയ സിനിമ. താരത്തിന്റെ ഒടുവിൽ തിയേറ്ററുകളിലെത്തിയ രോമാഞ്ചം വലിയ ഹിറ്റായി നിൽക്കുന്ന സമയത്താണ് പുതിയ സിനിമയെത്തുന്നത്. പൊളിറ്റിക്കൽ സറ്റയർ വിഭാ​ഗത്തിൽ പെടുത്താവുന്ന സിനിമയിൽ മഞ്ജു വാര്യറാണ് നായിക എന്നത് മറ്റൊരു ഹൈലൈറ്റാണ്.

സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി വെള്ളരിപ്പട്ടണത്തിലെ താരങ്ങൾ പങ്കെടുത്ത പരിപാടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. എന്തെങ്കിലും സംസാരിക്കേണ്ടി വരുമ്പോൾ പൊളിറ്റിക്കൽ കറക്റ്റ്നസ് ഓർത്ത് വെക്കേണ്ടി വരുന്നത് ബാധ്യതയായി തോന്നാറുണ്ടോയെന്ന അവതാരകന്റെ ചോദ്യത്തോടുള്ള സൗബിന്റെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ് ഇപ്പോൾ.

”നോക്കിയും കണ്ടും സംസാരിക്കണം, നമുക്ക് അറിയില്ലല്ലോ ഒരു ഫ്ലോ പോലെയങ്ങ് പറഞ്ഞ് പോവുകയല്ലേ, നമ്മൾ പലതും പറയും, ചിലപ്പോൾ തമാശ ആയിരിക്കാം. ഈ സിനിമയിൽ ഞാൻ വളരെ കറക്റ്റ് ആയിട്ട് നോക്കിയും കണ്ടുമാണ് സംസാരിച്ചിട്ടുള്ളത്. എനിക്ക് രാഷ്ട്രീയം അറിയില്ല, ഒട്ടും അറിയില്ല. ജീവിതത്തിലും അറിയില്ല, പുറത്തും അറിയില്ല. ഇതിലൊരു രാഷ്ട്രീയക്കാരനായി അഭിനയിക്കണമെന്ന് മഹേഷേട്ടൻ പറഞ്ഞപ്പോൾ തന്നെ ഞാൻ സത്യായിട്ടും പേടിച്ചു.

എനിക്ക് അത് അറിയില്ല എന്നാണ് ഞാൻ പറഞ്ഞത്. അപ്പോൾ മഹേഷേട്ടൻ എല്ലാം പഠിപ്പിച്ച് തരാം എന്ന് പറഞ്ഞു. ചെന്ന് കഴിഞ്ഞപ്പോൾ ജീവിതത്തിൽ ആദ്യമായി കേൾക്കുന്ന വാക്കായിരുന്നു ഉണ്ടായിരുന്നത്. അത് എങ്ങനെ പറയും എന്ന് പോലും അറിയില്ലായിരുന്നു. അത് കണ്ടപ്പോൾ ഞാൻ പറഞ്ഞു ഇതിന് വേറെ എന്തെങ്കിലും വാക്കുണ്ടോ എന്ന്. കാരളം ഞാൻ കേട്ടിട്ട് പോലുമില്ലാത്ത വാക്കുകളാണ്.

അതെല്ലാം മഹേഷേട്ടൻ കറക്റ്റ് ആയിട്ട് പറഞ്ഞ് തന്നു. എനിക്ക് ജീവിതത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു കഥാപാത്രം ലഭിക്കുന്നത്. ഞാൻ ഇത് വളരെയധികം ആസ്വദിച്ചിട്ടുണ്ട്. നന്നായി വന്നിട്ടുണ്ട് എന്നാണ് വിചാരിക്കുന്നത്”- സൗബിൻ ഷാഹിർ വ്യക്തമാക്കി. സൗബിനെ കൂടാതെ മഞ്ജു വാര്യർ, സുരേഷ് കൃഷ്ണ സംവിധായകൻ മഹേഷ് തുടങ്ങിയവരെല്ലാം പങ്കെടുത്തിട്ടുണ്ടായിരുന്നു.

ഫുൾ ഓൺ സ്റ്റുഡിയോസ് നിർമ്മിക്കുന്ന വെളളരിപ്പട്ടണത്തിന്റെ രചന മാധ്യമപ്രവർത്തകനായ ശരത്കൃഷ്ണ, സംവിധായകൻ മഹേഷ് വെട്ടിയാർ എന്നിവർ ചേർന്നാണ് നിർവഹിക്കുന്നത്. ചക്കരക്കുടം എന്ന പഞ്ചായത്തിനെ കേന്ദ്രീകരിച്ച് കുടുംബപശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പോകുന്നത്. ചിത്രത്തിൽ മഞ്ജുവാര്യർ കെ പി സുനന്ദ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ സഹോദരനായ കെ പി സുരേഷായാണ് സൗബിൻ ഷാഹിർ എത്തുന്നത്.